ഇന്നച്ചന് കൊളുത്തി,തന്നോളം പോന്നൊരു മെഴുകുതിരി
ഇരിങ്ങാലക്കുട: സിപിഎമ്മുകാര്‍ക്ക് അമ്പലവും പള്ളിയും ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ സിപിഎം സ്വതന്ത്രനാണെങ്കില്‍ ഇതെല്ലാം ആത്യാവശ്യം ആകാം.
ചാലക്കുടി സീറ്റ് എല്‍ഡിഎഫിന് പിടിച്ചുകൊടുത്ത സിനിമ താരം ഇന്നസെന്റ് തന്റെ വിജയത്തിന് നന്ദിസൂചകമായി കപ്പേളയില്‍ മെഴുകിതിരി കൊളുത്തി. അതും തന്റെ തൂക്കത്തില്‍ ഉണ്ടാക്കിയെടുത്ത ഒരു കൂറ്റന്‍ മെഴുകി തിരി.
തെറ്റിദ്ധരിക്കണ്ട. ഇത് ഇന്നസെന്റിന്റെ നേര്‍ച്ചയൊന്നും ആയിരുന്നില്ല. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ഒരു കുടംബ സുഹൃത്ത് നേര്‍ന്നതാണ്. നേര്‍ച്ച തെറ്റിക്കേണ്ടെന്ന് കരുതി കുടുംബസമേതം എത്തി തിരി തെളിയിച്ച് ഇന്നച്ചന് മടങ്ങി.
ഇരിങ്ങാലക്കുട തെക്കേ അങ്ങാടിയിലെ സെന്റ് റാഫേല്‍ കപ്പേളയിലായിരുന്നു മെഴുകുതിരി കത്തിച്ചത്. ഇന്നസെന്റിന്റെ വീടിന് തൊട്ടുത്താണിത്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ശക്തനായ പിസി ചാക്കോയെ ആണ് ഇന്നസെന്റ് തന്റെ കന്നി തിരഞ്ഞെടുപ്പില്‍ അട്ടിമറിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന് ഇപ്പോഴും ആ പരാജയം ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല. ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഎമ്മും ഏറെ ആരോപണങ്ങള്‍ സഹിച്ചിരുന്നു. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ ജയം ഇന്നച്ചന്റെ കൂടെത്തന്നെ.
കഴിഞ്ഞ തവണതൃശൂരില് നിന്ന് ജയിച്ച ആളായിരുന്നു പിസി ചാക്കോ. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷനൊക്കെ ആയി ഇരുന്ന ആളാണ്. പക്ഷേ തൃശൂരില്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് പേടിച്ചാണ് ഇത്തവണ ചാലക്കുടിയില്‍ എത്തിയത്. പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തംകൊളുത്തിപ്പട എന്ന് പറഞ്ഞതുപോലെ ആയി ചാക്കോയുടെ അവസ്ഥ.