ഇന്നസെന്റ് 'അമ്മ' പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു
പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട നടന്‍ ഇന്നസെന്റ് വലിയ തിരക്കിലാണ്. പലതരം ചടങ്ങുകള്‍ ഉത്ഘാടനങ്ങള്‍ എന്നിവയ്ക്കിടയിലുള്ള ഓട്ടത്തിനിടെ തനിയ്ക്ക് ശരിയ്ക്ക് ഭക്ഷണം കഴിയ്ക്കാന്‍പോലും പറ്റുന്നില്ലെന്നാണ് ഇന്നസെന്റ് പറയുന്നത്. അതുകൊണ്ടുതന്നെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ ഇന്നസെന്റ് തീരുമാനിച്ചുകഴിഞ്ഞു. ഒരു അഭിമുഖത്തിലാണ് ഇന്നസെന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജൂണ്‍ 29ന് ഞായറാഴ്ച നടക്കുന്ന അമ്മ യോഗത്തിലാണ് ഇന്നസെന്റ് രാജി സമര്‍പ്പിയ്ക്കുക. നീണ്ട പന്ത്രണ്ടുവര്‍ഷക്കാലമായി ഇന്നസെന്‍റാണ് അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തിരിക്കുന്നത്. അമ്മ പ്രസിഡന്റ് എന്ന സ്ഥാനത്തിരുന്ന് താന്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ടെങ്കില്‍ അത് സഹപ്രവര്‍ത്തകരുടെ നല്ല സഹകരണംകൊണ്ടുകൂടിയാണെന്ന് ഇന്നസെന്റ് പറയുന്നു. പ്രസിഡന്റാവാന്‍ യോഗ്യരായവര്‍ സംഘടനയില്‍ ഒരുപാടുണ്ടെന്നും രാജിവെയ്ക്കുന്നുവെന്ന് വച്ച് താന്‍ സംഘടനവിട്ട് പോകുന്നുവെന്ന് അര്‍ത്ഥമില്ലെന്നും താരം വ്യക്തമാക്കി.

പ്രിയദര്‍ശന്റെയും സത്യന്‍ അന്തിക്കാടിന്റെയും സിനിമകളാണ് തന്റെ കയ്യില്‍ ഇപ്പോഴുള്ളതെന്നും ജൂലൈയില്‍ തുടങ്ങുന്ന ലോക്‌സഭ സമ്മേളനം കഴിഞ്ഞുവന്ന് രണ്ട് ചിത്രങ്ങളിലും അഭിനയിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.












Click it and Unblock the Notifications