സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ; പിന്നില്‍ സൈബര്‍ ബുള്ളിയിംഗ്? ആരോപണം ശക്തം
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹത തുടരുന്നു. സൈബര്‍ ബുള്ളിയിംഗ് കാരണമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു.
എന്നാല്‍ അച്ഛനും അമ്മയും ഹാപ്പിയായിരിക്കണം എന്ന് മാത്രമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് പെണ്‍കുട്ടിക്കുള്ളത്. യൂട്യൂബ് ഷോര്‍ട്ട് വീഡിയോസിലും സജീവമായിരുന്നു പെണ്‍കുട്ടി. വീഡിയോകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി.

നെടുമങ്ങാട് സ്വദേശിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇരുവരും ഇതേ ക്കുറിച്ച് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചുനാളുകള്‍ക്കുമുമ്പ് ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് പിന്നാലെ ഇരുവരുടേയും പോസ്റ്റുകള്‍ക്ക് താഴെ ഫോളോവേഴ്‌സ് ചേരിതിരിഞ്ഞ് സൈബര്‍ ബുള്ളിയിംഗ് നടത്തിയിരുന്നു.
ഇതില്‍ മനം നൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത് എന്നാണ് പ്രചരണം. പെണ്‍കുട്ടിയുടെ റീല്‍സിന് താഴെ നിരവധി പേരാണ് മോശം കമന്റുമായി എത്തിയിരുന്നത്. പെണ്‍കുട്ടി ജീവനൊടുക്കിയതോടെ ഇത്തരക്കാര്‍ക്കെതിരെ സുഹൃത്തുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.അതേസമയം പെണ്‍കുട്ടിയുടെ കുടംബം സൈബര്‍ ബുള്ളിയിംഗ് എന്ന പരാതി ഉന്നയിച്ചിട്ടില്ല.
പ്ലസ് ടു പരീക്ഷ തോറ്റതും വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെയും തുടര്‍ന്നുണ്ടായ മാനസിക വിഷമവുമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന സംശയവും ഉയരുന്നുണ്ട്. അതിനിടെ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായ ക്യാംപയിനും ശക്തമാണ്. സോഷ്യല്‍ മീഡിയയില്‍ സ്റ്റോപ്പ് സൈബര്‍ ബുള്ളിയിങ് ക്യാംപയിന്‍ ആരംഭിച്ചിരിക്കുകയാണ്.
എല്ലാവര്‍ക്കും സൈബര്‍ ബുള്ളിയിംഗിനെ നേരിടാന്‍ വേണ്ടത്ര ധൈര്യമുണ്ടാകില്ലെന്നും ഹേറ്റ് കമന്റുകളിടുന്നത് അവസാനിപ്പിക്കണം എന്നുമാണ് ക്യാംപയിനില്‍ പറയുന്നത്. പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്ന യുവാവിന്റെ പ്രൊഫൈലിലും സൈബര്‍ ബുള്ളിയിംഗ് നടക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാരന്‍ ഇയാള്‍ ആണ് എന്ന തരത്തിലാണ് സൈബര്‍ ബുള്ളിയിംഗ് നടക്കുന്നത്. ഇതിനെതിരേയും ക്യാംപയിന്‍ ശക്തമാകുന്നുണ്ട്.
തൃക്കണ്ണാപുരത്തിനടുത്ത് ഞാലിക്കോണത്തുള്ള വീട്ടില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇന്നലെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം അവസാനമായി കാണാന്‍ നിരവധി സുഹൃത്തുക്കളാണ് എത്തിയിരുന്നത്.












Click it and Unblock the Notifications