സുധാകരനെതിരെ പടയൊരുക്കം... പിന്നില്‍ സതീശന്‍; തടയിട്ട് തരൂരും ചെന്നിത്തലയും മുരളിയും
തിരുവനന്തപുരം: കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നീക്കാന്‍ ഒരു വിഭാഗത്തിന്റെ ശ്രമം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് ചരടുവലി നടക്കുന്നത്. സംഘടനയില്‍ തലമുറ മാറ്റം വേണം എന്ന ശക്തമായ ആവശ്യമാണ് സതീശന്റെ നേതൃത്വത്തിലുള്ളവര്‍ ഉന്നയിക്കുന്നത്. എന്നാല്‍ കെ പി സി സി പ്രസിഡന്റിനോട് താല്‍പര്യമില്ലെങ്കിലും സതീശന്‍ വിരുദ്ധര്‍ ഈ നീക്കത്തിന് തടയിടുന്നുണ്ട്.
വി ഡി സതീശന്‍ വിരുദ്ധപക്ഷത്തെ നേതാക്കള്‍ സുധാകരന് പരസ്യ പിന്തുണ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. എ ഐ സി സി പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ ആണ് സുധാകരന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസിഡന്റ് മാറേണ്ടതില്ല എന്നും അങ്ങനെ മാറ്റം ആവശ്യമാണ് എങ്കില്‍ പ്രതിപക്ഷ നേതാവും മാറട്ടെ എന്ന് കൂടി ശശി തരൂര്‍ പറഞ്ഞ് വെച്ചിരിക്കുകയാണ്.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരന്‍ എന്നിവരും സുധാകരന്‍ മാറേണ്ടതില്ല എന്ന നിലപാടിലാണ്. എന്നാല്‍ നേതൃമാറ്റം ആവശ്യമാണെന്ന ഉറച്ച നിലപാടിലാണ് പുതുതലമുറ നേതാക്കള്‍. ഇതാണ് സതീശന്റെ ധൈര്യവും. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നീ യുവനേതാക്കളുടെ പിന്തുണ സതീശനുണ്ട്. പാര്‍ട്ടിയില്‍ യുവനേതാക്കളെ മുന്‍നിര്‍ത്തി സ്വാധീനം വര്‍ധിപ്പിക്കാനാണ് സതീശന്‍ ലക്ഷ്യമിടുന്നത്.
സംഘടനാ സംവിധാനം ശക്തിപ്പെടേണ്ടതുണ്ട് എന്നും സംഘടന ചലിക്കാതെ പ്രതിപക്ഷ പ്രവര്‍ത്തനം ഫലവത്താകില്ല എന്നുമാണ് സതീശന്‍ പറയുന്നത്. കെ പി സി സിയില്‍ അഴിച്ചുപണി വേണമെന്ന് കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. പൊട്ടിത്തെറിയുണ്ടായാലും സംഘടനയില്‍ അഴിച്ചപണി വേണം എന്നാണ് പുതുതലമുറ നേതാക്കളുടെ നിലപാട്. പൊട്ടിത്തെറി ഭയന്ന് സംഘടനയെ നിഷ്‌ക്രിയമാക്കുന്നതിനോട് നേതാക്കള്‍ യോജിപ്പില്ല.
ആര് പുതിയ അധ്യക്ഷനായാലും തലമുറമാറ്റം വേണം എന്നാണ് ഇവര്‍ പറയുന്നത്. കെ പി സി സി ഭാരവാഹികളില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കണം എന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും ഉണ്ടായിരുന്ന അനുകൂല രാഷ്ട്രീയം മുതലാക്കാനാകണം എന്നും പുതുതലമുറ നേതാക്കള്‍ നിര്‍ദേശിക്കുന്നു.
അടുത്ത വര്‍ഷം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും 2026 ല്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. രാഷ്ട്രീയ സാഹചര്യം മാറിമറിയാം എന്നിരിക്കെ സംഘടന ചലിപ്പിക്കാന്‍ സാധിക്കണം എന്നാണ് നേതാക്കള്‍ എല്ലാവരും ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications