ഇനി സിനിമാപ്പൂരത്തിന്റെ നാളുകൾ, ഐഎഫ്എഫ്കെയ്ക്ക് തിരുവനന്തപുരത്ത് വെള്ളിയാഴ്ച തുടക്കം
തിരുവനന്തപുരം: മുപ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തിരുവനന്തപുരത്ത് തുടക്കം. ഡിസംബർ 12 മുതൽ 19 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. കേരള ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണത്തിന് ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങി ചലച്ചിത്ര താരം ലിജോമോൾ ജോസ് തുടക്കമിട്ടു. 26 വിഭാഗങ്ങളിലായി 206 ചിത്രങ്ങൾ ആണ് ഇത്തവണ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നത്. 82 രാജ്യങ്ങളിൽ നിന്നാണ് ചിത്രങ്ങളെത്തുന്നത്.
ആൻമേരി ജാസിർ സംവിധാനം ചെയ്ത 'പലസ്തീൻ 36' ആണ് മേളയുടെ ഉദ്ഘാടന ചിത്രം. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് നൽകി ആദരിക്കും. ആഗോളവൽക്കരണം, പലായനം, സ്വത്വം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിൻ്റെ 'ടിംബുക്തു', 'ബ്ലാക്ക് ടീ' തുടങ്ങിയ ശ്രദ്ധേയമായ അഞ്ച് ചിത്രങ്ങൾ 'ദ ഗ്ലോബൽ ഗ്രിയോട്ട്: സിസാക്കോസ് സിനിമാറ്റിക് ജേർണി' എന്ന പ്രത്യേക പാക്കേജിൽ പ്രദർശിപ്പിക്കും.
ഇന്ത്യൻ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിർസയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മേളയുടെ മുഖ്യ ആകർഷണമാണ്. ഇന്തോനേഷ്യൻ സിനിമയുടെ ആധുനിക മുഖമായ ഗാരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ 'കണ്ടെമ്പററി ഫിലിം മേക്കർ ഇൻ ഫോക്കസ്' വിഭാഗത്തിൽ പ്രദർശനത്തിനെത്തും.

ലോകമെമ്പാടുമുള്ള 57 സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമ വിഭാഗത്തിൽ 'ദ ലിറ്റിൽ ട്രബിൾ ഗേൾസ്', 'എൻസോ', 'മിറർസ് നമ്പർ 3', 'ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്ലമിംഗോ', 'അമ്രം', 'കോട്ടൺ ക്യൂൻ' തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടുന്നു. പ്രശസ്ത സംവിധായകൻ ക്വെന്റിൻ ടറന്റിനോയുടെ മാസ്റ്റർപീസായ 'പൾപ്പ് ഫിക്ഷൻ' 4K റെസ്റ്റോർ ചെയ്ത പതിപ്പ് 'സ്പെഷ്യൽ സ്ക്രീനിംഗ്' വിഭാഗത്തിൽ പ്രദർശിപ്പിക്കും.
'റെസ്റ്റോർഡ് ക്ലാസിക്കുകൾ' എന്ന വിഭാഗത്തിൽ പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ 'ബ്ലൈൻഡ് ചാൻസ്', സെർജി ഐസൻസ്റ്റീൻ്റെ ' ബാറ്റിൽഷിപ്പ് പോട്ടെംകിൻ', ചാൾളി ചാപ്ലിൻ്റെ 'ദി ഗോൾഡ് റഷ്' എന്നിവയുടെ പുനരുദ്ധരിച്ച പതിപ്പുകൾ പ്രദർശിപ്പിക്കും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'പാടാത്ത പൈങ്കിളി' എന്ന ക്ലാസിക് മലയാള ചിത്രവും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
മുൻ വർഷങ്ങളിൽ സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള 'ദി സുവർണ്ണ ലെഗസി' പ്രത്യേക പാക്കേജും ശ്രദ്ധേയമാകും.പ്രമുഖ ചലച്ചിത്ര പ്രവർത്തകർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന 'ഹോമേജ്' വിഭാഗവും മേളയിലുണ്ട്.












Click it and Unblock the Notifications