ചലച്ചിത്ര അക്കാദമിക്ക് സംവിധായകനേയും സാഹിത്യകാരനേയും അറിയില്ലേ? എം കൃഷ്ണന്‍ നായരുടെ ചിത്രം മാറി നല്‍കി
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവ വെബ്സൈറ്റില്‍ (ഐ എഫ് എഫ് കെ) ഗുരുതര പിഴവ്. പ്രമുഖ സംവിധായകനായ എം കൃഷ്ണന്‍ നായരുടെ ചിത്രത്തിന് പകരം സെറ്റില്‍ നല്‍കിയത് സാഹിത്യകാരന്‍ എം കൃഷ്ണന്‍ നായരുടെ ചിത്രം. പഴയ സിനിമകളുടെ പ്രദർശ വിഭാഗത്തില്‍ 1965 ല്‍ എം കൃഷ്ണന്‍ നായരുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാവ്യ മേള എന്ന ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ സംവിധായകന്റെ ലഘുവിവരണത്തോടൊപ്പമുള്ള ചിത്രമാണ് മാറിയത്.
പിശക് മനസ്സിലായതോടെ പിന്നീട് ശരിയായ ചിത്രം ഉള്‍പ്പെടുത്തി. 1926 നവംബർ 2 ന് തിരുവനന്തപുരത്ത് ജനിച്ച എം. കൃഷ്ണൻ നായർ മലയാള സിനിമയുടെ ചരിത്രം അളയാപ്പെടുത്തിയ നിരവധി ചിത്രങ്ങളുടെ സൃഷ്ടാവാണ്. മലയാളത്തിൽ നൂറിലധികം ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം തമിഴ്, തെലുങ്ക് സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. "കൊച്ചിൻ എക്‌സ്പ്രസ്" (1967), "ഇൻസ്പെക്ടർ" (1968), "പഠിച്ച കള്ളൻ" (1969), "അഗ്നിപുത്രി" (1967), "റിക്ഷാക്കാരൻ" (1971) തുടങ്ങിയവയാണ് എം കൃഷ്ണന്‍ നായരുടെ ശ്രദ്ധേയ ചിത്രങ്ങള്‍.

എം ജി ആർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റിക്ഷാക്കാരന്‍ തമിഴിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയും ചെയ്തു. മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകള്‍ പരിഗണിച്ച് 2000-ൽ സംസ്ഥാനം അദ്ദേഹത്തിന് ജെസി ഡാനിയല്‍ പുരസ്കാരം നല്‍കി ആദരിച്ചു.
അതേസമയം, രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മുന്നോടിയായി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാർക്കറ്റ് രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. ചലച്ചിത്ര മേഖലയിലെ പ്രശസ്തർ പങ്കെടുക്കുന്ന കെഎഫ്എം 2 സിനിമ-ഏവിജിസി-എക്സ്ആർ മേഖലകളിലെ നൂതന അറിവ് ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം ടാഗോർ തിയറ്റർ, ചിത്രാഞ്ജലി സ്റ്റുഡിയോ, കലാഭവൻ തിയറ്റർ എന്നിവയാണ് കെഎഫ്എം-2ന്റെ വേദികൾ. വിദേശത്തുനിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഫിലിം പ്രൊഫെഷണലുകൾ കെ എഫ് എം 2വിൽ പങ്കെടുക്കും. ബി2ബി മീറ്റിങ്ങ്, ശിൽപ്പശാല, മാസ്റ്റർ ക്ലാസ് എന്നിവയാണ് കെ എഫ് എം രണ്ടാം പതിപ്പിൽ പ്രധാനമായുളളത്.












Click it and Unblock the Notifications