കേരളത്തില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ബസുകള്‍ നാളെ മുതല്‍ ഓടില്ല; ചെന്നൈ, ബെംഗളൂരു യാത്രക്കാര്‍ക്ക് തിരിച്ചടി
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഉള്ള അന്യായ നികുതിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. നാളെ മുതല്‍ സര്‍വീസ് നടത്തില്ല എന്നാണ് കേരളത്തില്‍ നിന്നുള്ള ആഡംബര ബസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ട്രാക്ട് കാരിയേജ് ബസ് സര്‍വീസുകള്‍ ആണ് നാളെ മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നത്.
ബെംഗളൂരു, ചെന്നൈ യാത്രക്കാരെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് തീരുമാനം. കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമടക്കം സര്‍വീസ് നടത്തുന്ന സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ലക്ഷ്വറി ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്. അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമടക്കം അന്യായമായ നികുതി ചുമത്തുന്നുണ്ട് എന്ന് ഉടമകള്‍ ആരോപിക്കുന്നു.

അന്യായമായി വാഹനം പിടിച്ചെടുത്ത് പിഴയീടാക്കുകയാണെന്നാണ് ഇവരുടെ പരാതി. സംസ്ഥാനത്ത് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നായി ബെംഗളൂരുവിലേക്ക് അടക്കം നിരവധി സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. അതേസമയം കേരളത്തില്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നടപടി കടുപ്പിച്ചിരിക്കുകയാണ്.
നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ ഇനിയും പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ 25 അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പരിശോധന വ്യാപിപ്പിക്കുന്നത്.
വാഹനങ്ങള്‍ക്ക് ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കില്‍ പോലും, സര്‍വീസ് നടത്തുന്ന സംസ്ഥാനങ്ങളില്‍ അതത് റോഡ് നികുതി അടയ്ക്കണമെന്നാണ് നിയമം. എന്നാല്‍ ഈ നിയമം പല ബസുകളും ലംഘിച്ചതായി പരിശോധനയില്‍ കണ്ടെത്തി. നികുതി വെട്ടിപ്പിന് പുറമെ, അമിതവേഗം, എയര്‍ ഹോണ്‍ ഉപയോഗം, നമ്പര്‍ പ്ലേറ്റുകളിലെ ക്രമക്കേട്, വാഹന രേഖകളിലെ ക്രമക്കേട് തുടങ്ങിയ മറ്റു ഗതാഗത നിയമലംഘനങ്ങളുടെ പേരിലും വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
കൊച്ചി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിലാണ് അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകളില്‍ പരിശോധന നടന്നത്. സംസ്ഥാനത്ത് നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി മധ്യമേഖല, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം ആര്‍ ടി ഒ, എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.












Click it and Unblock the Notifications