ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കണോ അതോ സ്വർണമായി വാങ്ങണോ? ഏതാണ് 2026 ൽ ലാഭം? അറിയാം
സ്വർണം ആഭരണങ്ങളും നാണയങ്ങളും സ്വർണക്കട്ടിയായുമെല്ലാമാണ് (ഫിസിക്കൽ ഗോൾഡ്) ഒരു കാലത്ത് ഇന്ത്യക്കാർ വാങ്ങി സൂക്ഷിച്ചിരുന്നത്. എന്നാൽ ആളുകൾ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (ഇടിഎഫുകൾ) തിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ. സ്വർണ വില കുതിക്കുമ്പോൾ ഈ വർഷം
സ്വർണത്തിൽ നേരിട്ട് നിക്ഷേപിക്കുന്നതാണോ അതോ ഗോൾഡ് ഇടിഎഫാണോ മികച്ചതെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.
സ്വർണത്തെ ഒരു നിക്ഷേപം എന്ന നിലയിൽ മാത്രം കാണുമ്പോൾ ആഭരണങ്ങൾ പോലുള്ള ഫിസിക്കൽ ഗോൾഡുകൾ വാങ്ങുന്നത് വലിയ നഷ്ടം തന്നെ. കാരണം വിൽക്കുമ്പോൾ ആഭരണങ്ങളിൽ പണിക്കൂലി നഷ്ടമായേക്കും. നാണയങ്ങൾക്കും ബിസ്ക്കറ്റുകൾക്കും വാങ്ങൽ-വിൽപന വിലയിലെ വ്യത്യാസം (buy-sell spread) പലപ്പോഴും ലാഭത്തെ ഇല്ലാതാക്കും. ലിക്വിഡിറ്റി അഥവാ പണമാക്കി മാറ്റാനുള്ള എളുപ്പം മറ്റൊരു പ്രശ്നമാണ്. സ്വർണം എപ്പോഴും വിൽക്കാൻ കഴിയുമെങ്കിലും നിലവിലെ വിപണി വിലക്ക് അനുസരിച്ചുള്ള ലാഭം ലഭിക്കണമെന്നില്ല.
ജ്വല്ലറികൾ കിഴിവുകൾ ഈടാക്കും, പ്രത്യേകിച്ച് ആഭരണങ്ങൾക്ക്. പലരും കരുതുന്നത് പോലെ അനായാസമായ ഒരു പ്രക്രിയയല്ല ഇത്. ദീർഘകാലത്തേക്ക് ഇത്തരം പ്രശ്നങ്ങൾ നിങ്ങളുടെ യഥാർത്ഥ വരുമാനം കുറയ്ക്കാൻ ഇടയാക്കും.

അതേസമയം ഗോൾഡ് ഇടിഎഫിൻ്റെ ഏറ്റവും വലിയ നേട്ടം കാര്യക്ഷമതയാണ്. പണിക്കൂലി, സൂക്ഷിപ്പ് ചെലവുകൾ, പരിശുദ്ധി സംബന്ധിച്ച തർക്കങ്ങൾ എന്നിവയില്ല. കൂടാതെ, വാങ്ങൽ-വിൽപന വിലയിലെ വ്യത്യാസവും വളരെ കുറവാണ്. ഓഹരികൾ വാങ്ങുന്നതും വിൽക്കുന്നതും പോലെ, വിപണി പ്രവർത്തിക്കുന്ന സമയങ്ങളിൽ തൽക്ഷണം ഇത് വാങ്ങാനും വിൽക്കാനും സാധിക്കും. ചെലവുകൾ സുതാര്യവും കുറവുമാണ്. മിക്ക ഗോൾഡ് ഇടിഎഫുകളും ഈടാക്കുന്ന എക്സ്പെൻസ് റേഷ്യോ, ഭൗതിക സ്വർണത്തിൽ ഒളിഞ്ഞിരിക്കുന്ന ചെലവുകളേക്കാൾ വളരെ കുറവാണ്. സ്വർണത്തെ ഒരു കുടുംബസ്വത്തായിട്ടല്ലാതെ, പോർട്ട്‌ഫോളിയോ നിക്ഷേപമായി കാണുന്ന ഏതൊരാൾക്കും ഒരു ഗോൾഡ് ഇടിഎഫ് കൂടുതൽ ലളിതവും പ്രായോഗികവുമായൊരു ഉപാധിയാണ്.
.
സമീപ വർഷങ്ങളിൽ, ഇന്ത്യയിൽ സ്വർണ്ണ നിക്ഷേപത്തിന്റെ നികുതി ഘടന ലളിതമാക്കിയിട്ടുണ്ട്. ഭൗതിക സ്വർണ്ണത്തിനും ഗോൾഡ് ഇടിഎഫുകൾക്കും സമാനമായ നികുതിയാണ് നിലവിലുള്ളത്. ഒരേ ഹോൾഡിംഗ് പീരീഡിന് ശേഷം ദീർഘകാല മൂലധന നേട്ടങ്ങൾക്ക് ഒരേ നിരക്കിലുള്ള നികുതിയായിരിക്കും ബാധകമാകുക.
ഇതൊക്കെ കൊണ്ട് ആഭരണങ്ങൾ വാങ്ങേണ്ടെന്നല്ല. നിക്ഷേപ താത്പര്യം മാത്രം വെച്ച് സ്വർണാഭാരണങ്ങൾ വാങ്ങാതിരിക്കുക. അതേസമയം അടിയന്തര നിക്ഷേപം എന്ന നിലയ്ക്ക് നിക്ഷേപം നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ആഭരണങ്ങൾക്ക് പകം സ്വർണ്ണ നാണയങ്ങളോ ബാറുകളോ സൂക്ഷിക്കാം. എന്നാൽ വലിയ അളവിൽ ഭൗതിക സ്വർണ്ണം ഒരു നിക്ഷേപം എന്ന നിലയിൽ മാത്രം വാങ്ങുന്നത് സാധാരണയായി ലാഭകരമല്ല.
എത്ര സ്വർണം സ്വന്തമാക്കണം എന്നതാണ് വലിയ ചോദ്യം. പോർട്ട്‌ഫോളിയോയുടെ 5-10% സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതാണ് ഉചിതം എന്നാണ് വിദഗ്ധർ പറയുന്നത്.. ഓഹരികൾക്കോ മറ്റ് ഉത്പാദനക്ഷമമായ ആസ്തികൾക്കോ പകരമായി സ്വർണ്ണത്തെ കാണരുതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications