'പൂഴ്ത്തിവെച്ചത് തന്നെ ആരെയൊക്കെയോ സംരക്ഷിക്കാൻ, ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണം'
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കപ്പെട്ട ഭാഗങ്ങളിലെ അന്യായങ്ങൾക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ പിണറായി സർക്കാരിന് സാധിക്കുമെന്ന് കരുതുന്നില്ലെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. ഗുരുതര കുറ്റകൃത്യങ്ങൾ ഉണ്ടെന്ന് അറിഞ്ഞിട്ടും ഇത്രയും കാലം റിപ്പോർട്ട് പൂഴ്ത്തിവെച്ചത് സർക്കാരിന് ആരെയൊക്കെയോ സംരക്ഷിക്കാൻ ഉള്ളത് കൊണ്ടാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും ശോഭ സുരേന്ദ്രൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
'റിപ്പോർട്ടിലെ വിവരങ്ങൾ അറിഞ്ഞുകൊണ്ട് തന്നെ സാംസ്കാരിക വകുപ്പ് മന്ത്രി ഈ റിപ്പോർട്ട് പൂഴ്ത്തിവെച്ചത് എന്തിനാണ് പറയണം. മന്ത്രിക്ക് തന്നെ ആ സ്ഥാനത്ത് തുടരാനുള്ള ധാർമ്മികത നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് പിണറായി വിജയൻ സജി ചെറിയാന്റെ രാജി ആവശ്യപ്പെടാത്തത്. സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അറിവോടേയും സമ്മതത്തോടും കൂടി ഈ കൃത്യത്തെ സഹായിക്കാൻ ശ്രമിച്ചുവെന്നാണ് സ്ത്രീ സമൂഹത്തിന് മനസിലാക്കാൻ സാധിക്കുന്നത്. നാല് വർഷം റിപ്പോർട്ട് പൂഴ്ത്തിവെച്ചത് സർക്കാരിന് ആരെയൊക്കെയോ രക്ഷിക്കാൻ ഉള്ളത് കൊണ്ടാണ്.

സി പി എം എംഎൽഎയായി കഴിഞ്ഞാൽ ഏത് പീഡനത്തിനും നേതൃത്വം കൊടുക്കാമെന്ന് പണ്ടേ കേരളത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. സ്ത്രീക്ക് സുരക്ഷ കൊടുക്കുമെന്ന് നാഴിക്ക് നാൽപത് വട്ടം പറയുന്ന സർക്കാർ സ്ത്രീക്കൾക്ക് അരക്ഷിതബോധമാണ് കേരളത്തിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സി പി എം നേതാക്കളായാൽ പീഡിപ്പിക്കാമെന്നാണോ? സിപിഎം എംഎൽഎ ആയത് കൊണ്ട് മാത്രമാണോ മുകേഷിനെതിരെ ആരോപണം വന്നത്? മുകേഷ് തെറ്റ് ചെയ്തത് കൊണ്ടാണ് ആരോപണം വന്നത്.
കല മനുഷ്യനെ നൻമയിലേക്ക് നയിക്കുമെന്ന ധാരണമയുള്ളത് കൊണ്ടാണ് സാധാരണക്കാർ കലയെ പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെയുള്ളൊരു മേഖല തകരരുതെന്ന് എല്ലാവർക്കും ആഗ്രഹം ഉണ്ട്. എന്നാൽ അങ്ങനെയൊരു മേഖലയിൽ വലിയ അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സർക്കാരിന് പച്ചയായി ബോധ്യപ്പെട്ടിട്ടും അതിൽ ആരോപണവിധേയരെ രക്ഷിക്കാൻ സർക്കാർ പരിശ്രമിക്കുന്നുവെന്നത് അത്യന്തം ഖേദകരമാണ്. അതിനാൽ മന്ത്രി സജി ചെറിയാനെ മാറ്റി നിർത്തിക്കൊണ്ട് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഇവിടെ അന്വേഷണം നടത്തണം', ശോഭാ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ദേശീയ വനിതാ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് സംസ്ഥാനത്തെ ബിജെപി നേതാക്കൾ. ഇരയാക്കപ്പെട്ടവരുടെ സ്വകാര്യത സംരക്ഷിച്ചു തന്നെ കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം.












Click it and Unblock the Notifications