സലീം രാജിനെ തൊട്ടാല്‍ സ്ഥലം മാറ്റം?
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍ മാന്‍ സലീം രാജിന്റെ പേരിലുള്ള ഭൂമിതട്ടിപ്പ് കേസും സര്‍ക്കാര്‍ തലത്തില്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതാണ് ഇത്തരമൊരു സംശയത്തിന് വഴിവച്ചത്.
സലീം രാജിന്റെ ഭൂമി തട്ടിപ്പ് സംബന്ധിച്ച അന്വേഷണം നടത്താന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരം ലാന്റ് റവന്യു റേഞ്ചിലെ അസിസ്റ്റന്റ് കമ്മീഷണറായ സജിത് ബാബുവിനെയാണ് അന്വേഷണ ചുമതല ഏല്‍പിച്ചത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പായി സജിത് ബാബുവിനെ ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുകയാണ്.

റവന്യൂ വകുപ്പില്‍ വ്യാപകമായ സ്ഥലം മാറ്റമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് തന്നെ കാര്യമായ അസംതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി വില്ലേജില്‍ സലീം രാജിന്റെ നേതൃത്വത്തില്‍ നടന്ന ഭൂമി തട്ടിപ്പാണ് സജിത് ബാബു അന്വേഷിച്ചിരുന്നത്. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നതോടെ അന്വേഷണം വഴിമുട്ടുമെന്ന് ആരോപണമുണ്ട്.
സലീം രാജിനെ സര്‍ക്കാര്‍ അനാവശ്യമായി സംരക്ഷിക്കുന്നതായി കോടതി പോലും വിമര്‍ശനം ഉന്നയിച്ചിരുന്നു. സോളാര്‍ തട്ടിപ്പ് കേസിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലീം രാജിന്റെ പേര് ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് ഇത് സംബന്ധിച്ച് അന്വേഷണമൊന്നും നടന്നിരുന്നില്ല.












Click it and Unblock the Notifications