തിരുവനന്തപുരത്തിന് വമ്പന്‍ പദ്ധതിയുമായി അദാനി; വ്യവസായ കേരളത്തിന് കുതിപ്പേകുമോ നിക്ഷേപക ഉച്ചകോടി?
കൊച്ചി: കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് (ഇന്‍വെസ്റ്റ്‌മെന്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്) നാളെ കൊച്ചിയില്‍ തുടക്കം. സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയ്ക്ക് വന്‍ കുതിപ്പേകും എന്ന് പ്രതീക്ഷിക്കുന്ന ഉച്ചകോടിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളൊന്നാകെ എത്തുന്നു എന്നതാണ് പ്രത്യേകത. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വകുപ്പു സെക്രട്ടറിമാരും അടക്കമുള്ളവര്‍ നാളെ മുതല്‍ രണ്ട് ദിവസം കൊച്ചിയിലുണ്ടാകും.
വിദേശ പ്രതിനിധികള്‍ അടക്കം 3000ത്തോളം പേരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പ്രതിപക്ഷവും സഹകരിക്കുന്നതിനാല്‍ വ്യവസായ കേരളത്തിന് മുതല്‍ക്കൂട്ടാകും ഉച്ചകോടി എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടന സമ്മേളനത്തിലും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി സമാപന സമ്മേളനത്തിലും പങ്കെടുക്കുന്നുണ്ട്.

ഇവര്‍ക്ക് പുറമെ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നിവര്‍ നേരിട്ടും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനായും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 26 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളാണ് ഉച്ചകോടിക്ക് എത്തുന്നത്. മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിതല സമിതികളും പങ്കെടുക്കും.
പിപിപി മാതൃകയില്‍ ഇതിനോടകം തന്നെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട് എന്നാണ് വിവരം. 22 പ്രധാന മേഖലകളെ അഞ്ച് സുപ്രധാന മേഖലകളാക്കി തിരിച്ചിട്ട് വിഷയങ്ങള്‍ അവതരിപ്പിക്കും. കേരളത്തിലേക്ക് വമ്പന്‍ നിക്ഷേപം ഉച്ചകോടിയുടെ ഭാഗമായി എത്തും എന്നാണ് വിവരം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വികസനത്തിന് അദാനി ഗ്രൂപ്പിന്റെ വലിയ നിക്ഷേപം തലസ്ഥാനത്തിന് ലഭിക്കും.
വിഴിഞ്ഞം തുറമുഖത്തെ മാരിടൈം, ലോജിസ്റ്റിക് ഹബാക്കി മാറ്റാന്‍ 25000 കോടിയുടെ പദ്ധതികളാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിക്കുക. തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങളുടെ വികസനത്തിന് 9600 കോടിയാണ് അദാനി മുടക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സാധ്യത കൂടി പ്രയോജനപ്പെടുത്തി വിഴിഞ്ഞം തുറമുഖത്തെ സമുദ്ര, വ്യോമ മാര്‍ഗമുള്ള ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബാക്കാനാണ് പദ്ധതിയാണ് വിഭാവനം ചെയ്യുന്നത് എന്നാണ് വിവരം.
50 വര്‍ഷത്തേക്ക് അദാനിക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ്. ഇവിടെ 1300 കോടി ചെലവിട്ട് 1.2 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാവുന്ന പുതിയ ടെര്‍മിനലിന്റെ നിര്‍മാണം നടക്കുകയാണ്. തുറമുഖത്തു നിന്നുള്ള ചരക്കുനീക്കം കൂടി ലക്ഷ്യമിട്ട് വിമാനത്താവളത്തില്‍ കാര്‍ഗോ ടെര്‍മിനലും തുറക്കും. തുറമുഖ അനുബന്ധ വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കേണ്ടതുണ്ട്.
കരണ്‍ അദാനിയാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇദ്ദേഹത്തെ കൂടാതെ വ്യവസായികളായ എംഎ യൂസഫലി, എംഡി അദീബ് അഹമ്മദ്, അനസൂയ റേ, അനില്‍ ഗാന്‍ജു, ഡോ. ആസാദ് മൂപ്പന്‍, ഗോകുലം ഗോപാലന്‍, ജീന്‍ മാനേ, ജോഷ് ഫോള്‍ഗര്‍, മാര്‍ട്ടിന്‍ സൊന്റാഗ്, മാത്യു ഉമ്മന്‍, മുകേഷ് മേഹ്ത്ത, എംഎം മുരുഗപ്പന്‍, രവി പിള്ള, ടിഎസ് കല്യാണരാമന്‍ ശശികുമാര്‍ ശ്രീധരന്‍, ശ്രീപ്രിയ ശ്രീനിവാസന്‍, വിനീത് വര്‍മ്മ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും.
യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹ്‌റൈന്‍ വാണിജ്യ, വ്യവസായമന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, സിഐഐ പ്രസിഡന്റ് സഞ്ജീവ് പൂരി, നീതി ആയോഗ് മുന്‍ ചെയര്‍മാനും ജി20 ഷെര്‍പയുമായ അമിതാഭ് കാന്ത് തുടങ്ങിയവരും സംബന്ധിക്കും.












Click it and Unblock the Notifications