വിദ്യാഭ്യാസ രംഗം ലീഗ് തകര്‍ത്തെന്ന് കെ എസ് യു
കൊല്ലം: മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ച് കെ.എസ്.യു സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം പാസാക്കി. കുറച്ച് കാലമായി ഒതുങ്ങിക്കിടന്ന കോണ്‍ഗ്രസ്-ലീഗ് വാക്കുതര്‍ക്കങ്ങള്‍ക്ക് കെ.എസ്.യുവിന്റെ പ്രമേയം വീണ്ടും ജീവന്വപ്പിച്ചിരിക്കുയാണ്.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗം മുസ്ലീം ലീഗിന്റെ ഇടപെടല്‍ മൂലം തകര്‍ന്നു എന്നാണ് പ്രമേയത്തിലെ ആരോപണം. വിദ്യാഭ്യാസ മേഖലയില്‍ മുസ്ലീം ലീഗിന്റെ ഏകാധിപത്യമാണ് ഇപ്പോള്‍ നടക്കുന്നത്. അത് അംഗീകരിക്കാന്‍ ആകില്ലെന്നും പ്രമേയം വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ സമുദായം തിരിച്ചാണ് നിയമനം നടക്കുന്നത്. ഇത് ശരിയല്ല. പാര്‍ട്ടികള്‍ക്ക് വേണ്ടി എന്തും ചെയ്യുന്നവരെ ഉന്നത വിദ്യാഭ്യസ വിഭാഗത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുന്ന രീതി ഉടന്‍ അവസാനിപ്പിക്കണം എന്നും പ്രമേയം ആവശ്യപ്പെടുന്നു.
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച വിവാദ സര്‍ക്കുലറും അതിനെ തുടര്‍ന്നുണ്ടായ മറ്റ് വിവാദങ്ങളും പ്രമേയത്തില്‍ പരാമര്‍ശ വിഷയങ്ങളായിട്ടുണ്ട്. മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം നിശ്ചയിക്കേണ്ടത് കോഴിക്കോട്ടെ കടല്ക്കിഴവന്മാരല്ലെന്നാണ് പ്രമേയത്തില്‍ പറയുന്നത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണം എന്നത് താലിബാന് നിലപാടാണെന്നും പ്രമേയം വിമര്‍ശിക്കുന്നു. വിഷയത്തില്‍ ലീഗിന്റെ നിലപാട് ശരിയായില്ലെന്നും പ്രമേയത്തില്‍ ആക്ഷേപമുണ്ട്.