കോണ്‍ഗ്രസിന് ആധി; തോല്‍ക്കുമെന്ന് ഭയന്ന് ഈ മണ്ഡലങ്ങള്‍, പക്ഷേ, വിഡി സതീശന്‍ പറയുന്നത്...
തിരുവനന്തപുരം: സമരാഗ്നി യാത്ര കഴിഞ്ഞ രാത്രി ചേര്‍ന്ന പ്രത്യേക യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച ചെയ്തത് സുപ്രധാന വിഷയങ്ങള്‍. കെസി വേണുഗോപാല്‍ ഉള്‍പ്പെടെ പങ്കെടുത്ത പ്രതിപക്ഷ നേതാവിന്റെ വസതിയിലെ യോഗത്തില്‍ കോണ്‍ഗ്രസിന് അടിതെറ്റാന്‍ ഇടയുള്ള മണ്ഡലങ്ങളായിരുന്നുവത്രെ ചര്‍ച്ചാ വിഷയം. തിരഞ്ഞെടുപ്പ് വിജയം അത്ര എളുപ്പമാകില്ലെന്നും യോഗം വിലയിരുത്തി.
രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനഗോലു കോണ്‍ഗ്രസിന്റെ വിജയ സാധ്യതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു എന്നാണ് വിവരം. കോണ്‍ഗ്രസ് മല്‍സരിക്കുന്ന 16 മണ്ഡലങ്ങള്‍ സംബന്ധിച്ചുള്ള ചിത്രം കനഗോലുവിന്റെ റിപ്പോര്‍ട്ടിലുണ്ടത്രെ. ഇതില്‍ ആറ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് പരാജയം നേരിട്ടേക്കാമെന്നും മുന്നറിയിപ്പുണ്ട് എന്നാണ് വാര്‍ത്തകള്‍. പക്ഷേ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറയുന്നത് മറ്റൊന്നാണ്.

പാര്‍ട്ടി പ്രവര്‍ത്തകരെ സജീവമാക്കാനും പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ വികാരം ശക്തിപ്പെടുത്താനുമാണ് കോണ്‍ഗ്രസ് സമരാഗ്നി യാത്ര സംഘടിപ്പിച്ചത്. വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഒരുമിച്ച് നയിച്ച യാത്ര കാസര്‍കോട് നിന്ന് തുടങ്ങി തിരുവനന്തപുരം വരെ എത്തിയപ്പോഴേക്കും നേതാക്കള്‍ക്കിടയിലെ അസ്വാരസ്യം പലപ്പോഴായി പ്രകടമായി.
യാത്രയ്ക്കിടെയുണ്ടായ അസ്വാരസ്യങ്ങള്‍ വിപരീത ഫലം ചെയ്തുവെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയിലുള്ളവര്‍ തന്നെ നേതാക്കളുടെ പോരിനെ വിമര്‍ശിച്ച് രംഗത്തുവന്നു. മാത്രമല്ല, സമാപന സമ്മേളനത്തില്‍ ദേശീയഗാനം ചൊല്ലുന്നതിനിടെയുണ്ടായ പാളിച്ചയും വിമര്‍ശനത്തിന് ഇടയാക്കി. ഇതിന് പിന്നാലെയാണ് തോല്‍വി ഭയക്കുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ആന്റോ ആന്റണിയുടെ പത്തനംതിട്ട മണ്ഡലത്തില്‍ തോല്‍വിക്ക് സാധ്യതയുണ്ടെന്നാണ് കനഗോലുവിന്റെ റിപ്പോര്‍ട്ട്. കൊടിക്കുന്നില്‍ സുരേഷിന്റെ മാവേലിക്കര, ബെന്നി ബെഹന്നാന്റെ ചാലക്കുടി, ടിഎന്‍ പ്രതാപന്റെ തൃശൂര്‍, വികെ ശ്രീകണ്ഠന്റെ പാലക്കാട്, രമ്യ ഹരിദാസിന്റെ ആലത്തൂര്‍ എന്നീ മണ്ഡലങ്ങളിലും തോല്‍വിക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ടത്രെ.
അതേസമയം, ഇത്തരമൊരു റിപ്പോര്‍ട്ടില്ല എന്നാണ് വിഡി സതീശന്‍ പ്രതികരിച്ചത്. കെപിസിസി അധ്യക്ഷനും താനും ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കണ്ടിട്ടില്ല. പിന്നെ എങ്ങനെ മാധ്യമങ്ങള്‍ കണ്ടു. 20 സീറ്റിലും ജയിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനം നടത്തുന്നുണ്ട്. കഴിഞ്ഞ തവണ 19 സീറ്റില്‍ യുഡിഎഫ് ജയിച്ചു. ഇത്തവണ ആ സാഹചര്യത്തില്‍ മാറ്റം വന്നിട്ടില്ലെന്നും വിഡി സതീശന്‍ പ്രതികരിച്ചു.
പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ മാറാനുള്ള സാധ്യതയും തള്ളാനാകില്ല. സിറ്റിങ് എംപിമാരെ മാറ്റി നിര്‍ത്തി മല്‍സരിച്ചാല്‍ അബിന്‍ വര്‍ക്കി, വിടി ബല്‍റാം എന്നിവര്‍ക്ക് സ്ഥാനാര്‍ഥിത്വം ലഭിച്ചേക്കാം. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുമോ, കണ്ണൂര്‍, ആലപ്പുഴ മണ്ഡലങ്ങളില്‍ ആര് മല്‍സരിക്കണം എന്നീ കാര്യങ്ങളിലും അടുത്ത തിങ്കളാഴ്ചയ്ക്കകം അന്തിമ തീരുമാനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.


Click it and Unblock the Notifications