Get Updates
Get notified of breaking news, exclusive insights, and must-see stories!

എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്‍, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തില്‍ കോൺഗ്രസ് സ്ഥാനാർഥിയായി മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥൻ മത്സരിച്ചേക്കും. എൽദോസ് കുന്നപ്പള്ളിയെ പെരുമ്പാവൂരിൽ നിന്ന് മാറ്റി കൊച്ചിയിൽ മത്സരിപ്പിക്കുന്നതിനും ആലോചനയുണ്ട്. എൽഡിഎഫിന്റെ പക്കലുള്ള സീറ്റുകൾ പിടിച്ചെടുക്കാൻ തങ്ങളെ മത്സരിക്കാൻ അനുവദിക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യ​പ്പെട്ട് ലോക്‌സഭയിലെ മൂന്ന് കോൺഗ്രസ് എം.പിമാരും രംഗത്തുണ്ട്.

ശബരീനാഥനെ നേമത്ത് മത്സരിപ്പിക്കണമെന്ന് നിർദേശിക്കുന്ന തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മിറ്റികള്‍ സമര്‍പ്പിച്ച സ്ഥാനാർഥി പട്ടിക കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) പട്ടിക അംഗീകരിച്ചാല്‍, സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ വി. ശിവന്‍കുട്ടിക്കും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനും എതിരെ ശബരിനാഥന്‍ മത്സരിക്കും. ഈ സീറ്റിലേക്ക് വൈഷ്ണ സുരേഷിനെയാണ് പരിഗണിക്കുന്നത് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ'
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ'

പഴയൊരു പരാതി പാർട്ടിയിലെ ഒരു വിഭാഗം കുത്തി​പ്പൊക്കിയതിനെ തുടർന്ന് പെരുമ്പാവൂരിലെ സ്ഥാനാർഥിത്വം അനിശ്ചതത്വത്തിലായ എൽദോസ് കുന്നപ്പള്ളി എംഎൽഎയെ കൊച്ചിയിലേക്ക് മാറ്റാൻ നേതൃത്വം ആലോചിക്കുന്നതായും സൂചനയുണ്ട്. പകരം പെരുമ്പാവൂർ സീറ്റ് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് നൽകാനാണ് ആലോചന. സീറ്റുറപ്പിക്കാൻ ഡൽഹിയിലുള്ള എൽദോസുമായി ഇതു സംബന്ധിച്ച്​ നേതൃത്വം ചർച്ച നടത്തിയെന്നും അദ്ദേഹം ഈ നിർദേശം അംഗീകരിച്ചിട്ടില്ലെന്നുമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. എൽദോസിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചാൽ മത്സരരംഗത്ത് നിന്ന് സ്വയം മാറിയ കെ. ബാബു, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരൊഴികെ 20 സിറ്റിങ് എംഎല്‍എമാരും സ്ഥാനാർഥി പട്ടികയില്‍ ഉള്‍പ്പെടും.

Eldhose Kunnappillil

യുഡിഎഫ് പ്രവർത്തകർക്കായി സി.പി. ജോണിന്റെ വീഡിയോ സന്ദേശം

പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരം സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ സിഎംപിക്ക് വിട്ടുകൊടുക്കുമെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന സവിശേഷത. ഏറെക്കാലമായി യുഡിഎഫിൽ ഉറച്ചുനിൽക്കുന്ന സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ആണ് ഇവിടെ സ്ഥാനാർഥിയാകുക. സിഎംപിക്ക് സീറ്റ് നൽകുന്നതിൽ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഹൈക്കമാൻഡ് അംഗീകാരം നൽകിയതോടെ ഈ എതിർപ്പ് ഏറെക്കുറെ ഇല്ലാതായിട്ടുണ്ട്.

എതിർപ്പ് ഉയർത്തിയ കോൺഗ്രസുകാരടക്കമുള്ള യുഡിഎഫ് പ്രവർത്തകർക്കുള്ള സന്ദേശമെന്ന നിലയിൽ സി.പി. ജോൺ ഒരു വീഡിയോ സന്ദേശം പങ്കുവെച്ചിരുന്നു. 'എനിക്ക് സീറ്റ് ചോദിക്കാൻ മാത്രമേ കഴിയൂ. അനുവദിക്കേണ്ടത് യുഡിഎഫ് ആണ്. സീറ്റ് ലഭിച്ചാൽ എല്ലാവരും ഒറ്റക്കെട്ടായി യുഡിഎഫിനെയും സിഎംപിയെയും സഹായിക്കണം. തദ്ദേശത്തിലുൾപ്പെടെ ജില്ലയിലെ മുൻ തെരഞ്ഞെടുപ്പുകളിൽ സിഎംപി സ്ഥാനാർഥികൾക്കുവേണ്ടി കയറിയതിനേക്കാൾ വീടുകൾ കോൺഗ്രസ്, ലീഗ് സ്ഥാനാർഥികൾക്കായി കയറിയ ആളാണ് ഞാൻ'- ജോൺ പറയുന്നു.

എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ്
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ്

തിരുവനന്തപുരത്തിന് വേണ്ടി ശക്തമായി ആവശ്യപ്പെട്ട് വി.എസ്. ശിവകുമാറും സീറ്റ് നൽകണമെന്ന ആവശ്യവുമായി കെ.എസ്. ശബരീനാഥൻ, ശരത്ചന്ദ്ര പ്രസാദ് എന്നിവരും രംഗത്തുണ്ടായിരുന്നു. ഇവരെ അനുനയിപ്പിക്കാനായി വി.എസ്. ശിവകുമാറിന് അരുവിക്കരയും ശബരീനാഥിന് നേമവും നൽകും. കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ ശരത്ചന്ദ്ര പ്രസാദിന്റെ പേര് കഴക്കൂട്ടത്തേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ട്. ഇവിടെ കെപിസിസി അംഗം ജെ.എസ്. അഖിലിന്റെ പേരും കേൾക്കുന്നു.

കാട്ടാക്കടയില്‍ ഡിസിസി വൈസ് പ്രസിഡന്റ് എം.ആര്‍. ബൈജുവിന്റെ സ്ഥാനാര്‍ഥിത്വം ഏതാണ്ട് ഉറപ്പായി. വര്‍ക്കലയില്‍ ഡോ. എസ്.എസ്. ലാലിനെയാണ് പരിഗണിക്കുന്നത്. നെടുമങ്ങാട് മണ്ഡലത്തില്‍ സിപിഐയുടെ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ ജി.ആര്‍. അനിലിന് എതിരെ സിപിഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം മീനാങ്കല്‍ കുമാറിനെ ഇറക്കിയേക്കും. വാമനപുരത്ത് പാലോട് രവിയും സുധീര്‍ ഷാ പാലോടുമാണ് അന്തിമ പരിഗണനയിലുള്ളത്.

കൊല്ലം മണ്ഡലത്തില്‍,കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുകേഷിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ബിന്ദു കൃഷ്ണക്ക് പകരം കെപിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവിയെ ഡിസിസി ഔദ്യോഗികമായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പിന്തുണ ബിന്ദു കൃഷ്ണക്ക് ഉണ്ടെങ്കിലും ഐഷാ പോറ്റിക്കും ബിന്ദുകൃഷ്ണയ്ക്കും ഒരേസമയം സീറ്റു നല്‍കുന്നതില്‍ ജില്ലയിലെ പാര്‍ട്ടിയ്ക്കകത്ത് അതൃപ്തിയുണ്ട്. കൊട്ടാരക്കരയിൽ ഐഷ പോറ്റിയെ മത്സരിപ്പിക്കാൻ ഏറെക്കുറെ ധാരണയായിട്ടുണ്ട്.

യുഡിഎഫ് എംഎൽഎമാരുടെ തലയെണ്ണം കൂട്ടാൻ ഞങ്ങൾ വേണമെന്ന് എം.പിമാർ

നിയമസഭയിൽ യുഡിഎഫ് എംഎൽഎമാരുടെ തലയെണ്ണം കൂട്ടാൻ വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിൽ തങ്ങളെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി മൂന്ന് എംപിമാരും സജീവമായി രംഗത്തുണ്ട്. കെ.സുധാകരൻ, അടൂർ പ്രകാശ്, എം.കെ. രാഘവൻ എന്നിവരാണ് എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ പിടിക്കാൻ മത്സരരംഗത്ത് ഇറങ്ങണമെന്ന കാര്യം ഹൈക്കമാൻഡിനെ അറിയിച്ചത്. കെ. സുധാകരൻ കണ്ണൂരിലും അടൂർ പ്രകാശ് കോന്നിയിലും മത്സരിക്കാനുള്ള ആഗ്രഹമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും മണ്ഡലമാണ് എം.കെ. രാഘവന്റെ മനസ്സിലുള്ളത്.

ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന. എന്നാൽ എംപിമാരുടെ ഈ ആവശ്യത്തോട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് എതിർപ്പാണ്. ഇവരെ അനുനയിപ്പിക്കാനായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവർക്ക് ഇളവ് നൽകുകയാണെങ്കിൽ കൊടിക്കുന്നിൽ സുരേഷും ഷാഫി പറമ്പിലും മത്സരിക്കാനായി സമ്മർദ്ദം ചെലുത്തുമെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്. അടൂർ മണ്ഡലത്തിൽ മത്സരിക്കാൻ കൊടിക്കുന്നിൽ സുരേഷിന് താൽപര്യമുണ്ട്. പാലക്കാട് മണ്ഡലത്തിലെ വിജയം ഉറപ്പാക്കണമെങ്കിൽ ഷാഫി പറമ്പിൽ മത്സരിക്കണമെന്ന വാദം എ ഗ്രൂപ്പ് ശക്തമായി ഉന്നയിക്കുന്നുണ്ട്.

ഷാഫിയെ പാലക്കാട് ഇറക്കിയാൽ ഇപ്പോൾ പരിഗണനയിലുള്ള രമേശ് പിഷാരിടിയെ തൃശൂരിലെ ഏതെങ്കിലും സുരക്ഷിതമായ മണ്ഡലത്തിലേക്ക് മാറ്റേണ്ടി വരും. കോൺഗ്രസ് സ്ഥാനാർഥി ചർച്ചയുമായി ബന്ധപ്പെട്ട് നാളെ തെരഞ്ഞെടുപ്പ് സമിതി യോഗം ഉണ്ടാകാനിടയില്ല. സ്ക്രീനിങ് കമ്മിറ്റി മാത്രമായിരിക്കും ​ചേരുക. തിങ്കളാഴ്ചയാണ് അടുത്തഘട്ട തെരഞ്ഞെടുപ്പ് സമിതി യോഗം നടക്കുക. ഭൂരിഭാഗം സീറ്റുകളും തിങ്കളാഴ്ചയോടെ തീരുമാനിക്കുമെന്നാണ് കരുതുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+