ഓർമ്മപ്പിശക് പിണറായി വിജയനാണോ? അതോ സ്വന്തം ഒപ്പിട്ട കത്ത് മറന്ന ബി അശോകിനോ?, വിമർശിച്ച് വികെ സനോജ്
യുഡിഎഫ് കാലത്ത് ഒപ്പുവെച്ച വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന വിവാദത്തിൽ ഡോ. ബി അശോകിന് മറുപടിയുമായി വികെ സനോജ് എംഎൽഎ. കരാർ റദ്ദാക്കിയതിൽ ഉദ്യോഗസ്ഥ വീഴ്ച ഇല്ലെന്നും പിണറായി വിജയന് ഓർമ്മപ്പിശക് സംഭവിച്ചതാകും എന്നും ബി അശോക് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
എന്നാൽ ഈ കരാർ പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് അന്നത്തെ കെഎസ്ഇബി ചെയർമാനായിരുന്ന ഡോ. ബി. അശോക് സർക്കാരിന് കത്തെഴുതിയിരുന്നുവെന്ന് വികെ സനോജ് ചൂണ്ടിക്കാട്ടുന്നു. ഈ കത്തും ഫേസ്ബുക്കിൽ വികെ സനോജ് പങ്കുവെച്ചിട്ടുണ്ട്.
വികെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '465 MW വൈദ്യുതി കരാർ UDF കാലത്ത് ഒപ്പുവെച്ച കരാർ.. ഓർമ്മപ്പിശക് ആർക്കാണ്, ഡോ. അശോക് സാറേ? UDF സർക്കാർ അധികാരത്തിലിരുന്ന കാലത്ത്, 2015-ൽ ഒപ്പുവെച്ച 465 MW ദീർഘകാല വൈദ്യുതി കരാർ സംബന്ധിച്ചാണ് ഇപ്പോഴത്തെ വിവാദം. ഇന്ന് ഡോ. ബി. അശോക് പറയുന്നത് കേട്ടു -ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിൽ ഉദ്യോഗസ്ഥ വീഴ്ചയൊന്നുമില്ലെന്നും, പിണറായി വിജയന്റെ വിമർശനം ഓർമ്മപ്പിശക് കൊണ്ടായിരിക്കാമെന്നും!

പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്. 2022 ജൂലൈ 16-ന് KSEB ചെയർമാനായിരുന്ന ഡോ. ബി. അശോക് സർക്കാരിന് എഴുതിയ കത്ത് ഇപ്പോഴും രേഖയായി അവിടെയുണ്ട്. കത്തിലെ Subject തന്നെ ഇങ്ങനെയാണ് :-
"Request to re-examine decision not to approve deviations in DBFOO bidding procedure for power and cancel the purchase of 465 MW of power by KSEB."
അതായത്, 465 MW വൈദ്യുതി വാങ്ങൽ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനോട് പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത്. ആ കത്തിൽ അദ്ദേഹം തന്നെ പറയുന്നത്:
🔹 465 MW വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട നടപടികളിൽ ഗുരുതരമായ നടപടിക്രമ പ്രശ്നങ്ങളുണ്ടെന്ന്.
🔹 ടെൻഡർ നടപടിയിലെ വ്യതിയാനങ്ങൾ പിന്നീട് അംഗീകരിക്കുന്നത് ശരിയല്ലെന്ന്.
🔹 ഈ കരാറുകൾക്ക് പിന്നിൽ ഉണ്ടായിരുന്ന നടപടിക്രമങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന്.
🔹 കരാർ തുടരുന്നതാണ് ഏക മാർഗമെന്ന വാദം ശരിയല്ലെന്ന്.
🔹 കരാർ മുന്നോട്ട് കൊണ്ടുപോകാതിരുന്നാലും ഹ്രസ്വകാല/ഇടക്കാല കരാറുകൾ വഴി വൈദ്യുതി ലഭ്യമാക്കാൻ കഴിയുമെന്ന്.
🔹 കൽക്കരി ക്ഷാമമോ താൽക്കാലിക വൈദ്യുതി പ്രതിസന്ധിയോ ചൂണ്ടിക്കാട്ടി നേരത്തെ ഉണ്ടായ നടപടിക്രമ വീഴ്ചകൾ പിന്നീട് ശരിവയ്ക്കാനാകില്ലെന്നും.
ഇതെല്ലാം എഴുതിയത് ആരാണ്? KSEB ചെയർമാനായിരുന്ന ഡോ. ബി. അശോക് തന്നെ. അന്ന് "കരാർ പുനഃപരിശോധിക്കണം" എന്ന് പറഞ്ഞ ആൾ ഇന്ന് പറയുന്നത് "ഉദ്യോഗസ്ഥ വീഴ്ചയൊന്നുമില്ല"എന്നാണ്. അന്ന് "മറ്റു മാർഗങ്ങളിലൂടെ വൈദ്യുതി ലഭിക്കും" എന്ന് സർക്കാരിനെ ബോധ്യപ്പെടുത്തിയ ആൾ ഇന്ന് കരാർ റദ്ദാക്കിയതിന്റെ പേരിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. അപ്പോൾ ഒരു സംശയം. ഓർമ്മപ്പിശക് പിണറായി വിജയനാണോ? അതോ സ്വന്തം ഒപ്പിട്ട കത്ത് മറന്നത് ഡോ. ബി. അശോകിനോ?ഇനി 2022-ലെ കത്ത് എഴുതിയത് മറ്റൊരു ബി. അശോക് ആയിരുന്നോ?
പിണറായി വിജയന് ഓർമ്മപ്പിശകാണെന്ന് പറയുന്നതിന് മുമ്പ്, സ്വന്തം ഒപ്പിട്ട കത്ത് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. ഇനിയും ഓർമ്മ വന്നില്ലെങ്കിൽ കത്ത് തന്നെ തരാം. വായിച്ചിട്ട് ഓർമ്മ പുതുക്കിക്കോളൂ, ഡോക്ടർ. ചരിത്രത്തിന് ഓർമ്മയുണ്ട്. രേഖകൾക്കും ഓർമ്മയുണ്ട്. പക്ഷേ ചിലപ്പോൾ രേഖ എഴുതിയ ആളുകൾക്ക് മാത്രം ഓർമ്മ നഷ്ടപ്പെടും!



Click it and Unblock the Notifications
