ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി
പെരുമ്പാവൂരിൽ സീറ്റ് കിട്ടാൻ സാധ്യതയടഞ്ഞ സാഹചര്യത്തിൽ വിജയാവകാശവാദവുമായി സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി രംഗത്ത്. പാർട്ടി തന്നെ മത്സരിപ്പിച്ചാൽ പതിനയ്യായിരം വോട്ടിലധികം ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എൽദോസ് വാദിക്കുന്നത്. '10 വർഷം പെരുമ്പാവൂരിൽ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അസാധ്യമെന്ന് തോന്നിയതെല്ലാം അവിടെ സാധിച്ചെടുത്തു. മത്സരിച്ചാൽ ജയം ഉറപ്പാണ്. ഹൈക്കമാന്ഡ് കൈവിടില്ലെന്നാണ് വിശ്വാസം’- എൽദോസ് കുന്നപ്പിള്ളി പറയുന്നു.
ലൈംഗികാതിക്രമക്കേസിൽ പ്രതിയാക്കപ്പെട്ടതാണ് എൽദോസിന്റെ സ്ഥാനാർഥിത്വത്തിന് വിനയായത്. മാർച്ച് 26ന് ഈ കേസ് പരിഗണിക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് എൽദോസിന്റെ സ്ഥാനാർഥിത്വം പരുങ്ങലിലായത്. ലൈംഗികാതിക്രമക്കേസിന്റെ പശ്ചാത്തലത്തിൽ, പാർട്ടിക്ക് ചീത്തപ്പേരുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയിലെ മുതിർന്ന ദേശീയ നേതാക്കൾ എൽദോസിനെതിരായ നിലപാട് എടുക്കുകയായിരുന്നു.

'കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കൊടുത്തിട്ടുണ്ട്. ഏത് അന്വേഷണവും നടക്കട്ടെ. മറ്റാരെയെങ്കിലും പരിഗണിക്കുന്നതിൽ തെറ്റില്ല. എന്നാൽ, അയോഗ്യത എന്താണെന്ന് പാർട്ടി പരിശോധിക്കണം. ചർച്ച നീണ്ട് അവസാനം സീറ്റ് ലഭിച്ചാലും ജയിക്കും. കേരളത്തിലെ മുഴുവൻ നേതാക്കളും എനിക്ക് അനുകൂലമായിരുന്നു. എന്നെ അവർക്കറിയാം. അവർ ഉറപ്പ് നൽകിയിരുന്നു. ഐക്യകണ്ഠേനയാണ് 20 എംഎൽഎമാരുടെ പേര് എഐസിസിയിലേക്ക് പോയത്’- എൽദോസ് കുന്നപ്പിള്ളി പറയുന്നു.
താഴെത്തട്ടിൽ നിന്നുയർന്നു വന്ന ആളാണ് താനെന്നും ഒരു പഞ്ചായത്ത് മെമ്പറാകണമെന്ന് മാത്രം ആഗ്രഹിച്ച തന്നെ ഇത്രയും വലിയ നിലയിലെത്തിച്ചത് പാർട്ടിയാണെന്നും എൽദോസ് ചൂണ്ടിക്കാട്ടി. പത്രമിടാൻ പോയും ട്യൂഷൻ പഠിപ്പിച്ചും പള്ളിയിൽ മണിയടിച്ചുമൊക്കെയാണ് വളർന്നുവന്നത്. എല്ലാ സഭകളും തനിക്ക് അനുകൂലമാണ്. പ്രവർത്തകരുടെ പിന്തുണയും തനിക്കുണ്ട്. എന്നും കോൺഗ്രസ് പ്രവർത്തകനാണെന്നും മറ്റ് പാർട്ടികളിലേക്കു പോകില്ലെന്നും എൽദോസ് വ്യക്തമാക്കി. ഗോഡ് ഫാദറില്ലാത്തതാണോ അയോഗ്യത എന്ന ചോദ്യത്തിന്, തനിക്കൊരു ഫാദറുണ്ടല്ലോയെന്നായിരുന്നു എൽദോസിന്റെ മറുപടി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് പെരുമ്പാവൂരിൽ പരിഗണിക്കുന്നതെന്നാണ് വിവരം. ഇതിനുപുറമേ ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.
അതേസമയം, പീഡന പരാതിയുള്ളതിനാൽ കോവളം സിറ്റിങ് എംഎല്‍എ എം. വിന്‍സെന്റിനെ സ്ഥാനാർഥിയാക്കില്ലെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിന്‍സെന്റിനെ മത്സരിപ്പിക്കേണ്ടതില്ലെന്നും സ്ഥാനാർഥിയാക്കിയാല്‍ തെറ്റായ സന്ദേശം നല്‍കുമെന്നും ഹൈക്കമാന്‍ഡിന്റെ വിലയിരുത്തിയിരുന്നു.
2017ൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ എം. വിന്‍സന്റ് പാര്‍ട്ടി നടപടി നേരിട്ടിരുന്നു. ഇത്തവണ സ്ഥാനാര്‍ഥി പട്ടികയിൽ ഉൾപ്പെട്ടപ്പോൾ അതിജീവിത രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications