'മുതലാളി മാത്രമാണോ ഫ്രോഡ്,ജോലിക്കാർ ഹരിശ്ചന്ദ്രൻമാരല്ല'; കുറിപ്പുമായി പികെ ഫിറോസ്
റിപ്പോർട്ടർ ചാനലിനെതിരെ കുറിപ്പുമായി പികെ ഫിറോസ് എംഎൽഎ. താനൂര്‍ പൊലീസ് സ്റ്റേഷനില്‍ താമിര്‍ ജിഫ്രി എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി മറ്റൊരു ഉദ്ദേശ്യത്തോടെയാണ് വിഷയത്തെ അവതരിപ്പിച്ചതെന്ന് ഫിറോസ് ആരോപിച്ചു.അവരുടെ വാർത്തയുടെ കുന്തമുന അന്ന് ഡി.വൈ.എസ്.പിയായിരുന്ന ബെന്നിക്കെതിരായിരുന്നു.മരം മുറി കേസിൽ റിപ്പോർട്ടർ ടിവിയുടെ മുതലാളി ആൻ്റോ അഗസ്റ്റിനും സഹോദരൻമാർക്കുമെതിരെ കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത് ബെന്നിയാണ്. താമിർ ജിഫ്രിയുടെ മരണമോ കസ്റ്റഡി കൊലപാതകമോ ഒന്നുമായിരുന്നില്ല റിപ്പോർട്ടറിൻ്റെ പ്രശ്‌നം. മരം മുറി കേസിൽ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനോടുള്ള വിരോധം മാത്രമായിkgരുന്നുവെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

'ഫ്രോഡായ മാധ്യമ മുതലാളി മാത്രമാണ് കുഴപ്പക്കാരനെന്നും അതിലെ ജോലിക്കാരെല്ലാം ഹരിശ്ചന്ദ്രൻമാരുമാണെന്ന ഒരു നരേഷൻ നടക്കുന്നുണ്ട്. അങ്ങിനെ ആണോ അല്ലേ എന്ന കാര്യത്തിൽ എനിക്ക് തീർച്ചയില്ലാത്തത് കൊണ്ട് ഞാൻ അഭിപ്രായം പറയുന്നില്ല. എന്നാൽ എനിക്കറിയാവുന്ന ഒരു കാര്യം ഞാൻ പറയാം.
താനൂർ പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡിയിൽ വെച്ച് താമിർ ജിഫ്രി എന്നൊരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ടിരുന്നു. ഞങ്ങളൊക്കെ അന്ന് പോലീസിനെതിരെ അതിശക്തമായ സമരം സംഘടിപ്പിച്ചവരാണ്. ഡാൻസാഫിലെ അംഗങ്ങൾക്കെതിരെയും പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുമെല്ലാം ഞങ്ങൾ സംസാരിച്ചു. എല്ലാ മാധ്യമങ്ങളും സമരവും കസ്റ്റഡി മരണവുമെല്ലാം വാർത്തയുമാക്കി.
എന്നാൽ റിപ്പോർട്ടർ ടി വി മാത്രം വിഷയത്തെ മറ്റാരു രീതിയിലാണ് അവതരിപ്പിച്ചത്. അവരുടെ വാർത്തയുടെ കുന്തമുന അന്ന് ഡി.വൈ.എസ്.പിയായിരുന്ന ബെന്നിക്കെതിരായിരുന്നു. റിപ്പോർട്ടർ ടിവിയിലെ റിപ്പോർട്ടർമാർ ബെന്നിക്കെതിരെ മത്‌സരിച്ച് വർത്ത കൊടുത്തു. പ്രതിഷേധത്തിൽ പ്രസംഗിക്കാൻ വരുന്നവരോടെല്ലാം ബെന്നിക്കെതിരെ പ്രസംഗിക്കാൻ പ്രോത്സാഹനം നൽകി.
ആദ്യമൊന്നും റിപ്പോർട്ടർ ടി.വിയുടെ താൽപര്യം മനസ്സിലായില്ല. പിന്നീടാണ് ഈ പോലീസുദ്യോഗസ്ഥനോട് റിപ്പോർട്ടർ ടി .വിക്കുള്ള വിരോധം മനസ്സിലാക്കാനായത്. മരം മുറി കേസിൽ റിപ്പോർട്ടർ ടിവിയുടെ മുതലാളി ആൻ്റോ അഗസ്റ്റിനും സഹോദരൻമാർക്കുമെതിരെ കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത് ബെന്നിയാണ്. താമിർ ജിഫ്രിയുടെ മരണമോ കസ്റ്റഡി കൊലപാതകമോ ഒന്നുമായിരുന്നില്ല റിപ്പോർട്ടറിൻ്റെ പ്രശ്‌നം. മരം മുറി കേസിൽ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനോടുള്ള വിരോധം മാത്രമായിരുന്നു.
മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിൽ നടത്തിയ റെയ്ഡിൽ താമിർ ജിഫ്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മെമ്മറി കാർഡുകൾ കിട്ടിയെന്ന വാർത്ത കൂടി ചേർത്ത് വായിക്കുമ്പോൾ മാധ്യമ പ്രവർത്തകരുടെ നിഷ്കളങ്ക അന്വേഷണാത്മക പത്രപ്രവർത്തനമായിരുന്നില്ല ഇതിൻ്റെയെല്ലാം പിന്നിലെ താൽപ്പര്യം എന്ന് വ്യക്തമാകും'


Click it and Unblock the Notifications
