പ്രേംകുമാറിന്റെ വീട്ടില്‍ പ്രതീക്ഷിച്ചത് കോണ്‍ഗ്രസ് നേതാക്കളെ; പക്ഷേ, കണ്ടത് മറ്റൊരാള്‍, ഒടുവില്‍ ട്വിസ്റ്റ്
തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയേക്കും. കോണ്‍ഗ്രസ് നേതാക്കള്‍ ഇദ്ദേവുമായി ചര്‍ച്ച നടത്തി. ഇടതുപക്ഷത്തിനോട് ചേര്‍ന്ന് മുന്നോട്ട് പോയിരുന്ന പ്രേംകുമാറിന് സിപിഎം തന്നെ അപമാനിച്ചു എന്ന നിലപാടാണുള്ളത്. ചെയര്‍മാന്‍ പദവിയില്‍ നിന്ന് നീക്കിയ ശേഷം ഒരാള്‍ പോലും വിളിച്ചില്ല എന്നാണ് പ്രേംകുമാര്‍ പറയുന്നത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം സ്വരാജിന് വേണ്ടി പ്രചാരണം നടത്തുകയോ സാംസ്‌കാരിക രംഗത്തെ മറ്റുള്ളവരെ പ്രചാരണത്തിന് ഇറക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല എന്നതാണ് പ്രേംകുമാര്‍ സിപിഎമ്മിന് അനഭിമതനാകാന്‍ കാരണമത്രെ. ആശ സമരത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചതും തിരിച്ചടിയായി. പിന്നീടാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചതും പ്രേംകുമാര്‍ പുറത്തായതും.

ഇക്കാര്യത്തിലുള്ള അതൃപ്തി പ്രേംകുമാറിനുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന ഇരട്ട നിലപാട് പ്രേംകുമാര്‍ തുറന്നെഴുതി. മാധ്യമങ്ങളെ കണ്ടപ്പോഴും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. തന്നെ മാറ്റുന്നത് അറിയിച്ചില്ല. സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറയാന്‍ പോലും അവസരം നല്‍കിയില്ല തുടങ്ങിയ കാര്യങ്ങള്‍ തുറന്നുപറഞ്ഞ പ്രേംകുമാര്‍ തന്റെ കോണ്‍ഗ്രസ് പാരമ്പര്യം എടുത്തു പറയുകയും ചെയ്തു.
അച്ഛന്‍ ഐഎന്‍ടിയുസി ഭാരവാഹി ആയിരുന്നു എന്നും ബന്ധുക്കളില്‍ മിക്കവരും കോണ്‍ഗ്രസുകാരാണ് എന്നും പ്രേംകുമാര്‍ പറഞ്ഞു. പഠന കാലത്ത് കെഎസ് യുവില്‍ ആയിരുന്നു പ്രവര്‍ത്തിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകള്‍ ദേശാഭിമാനിയില്‍ ലേഖനമായി എഴുതിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ ഇടതുപക്ഷ വേദികളില്‍ അവസരം നല്‍കി എങ്കിലും താന്‍ സിപിഎം അംഗത്വം എടുത്തിരുന്നില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് വിസ്മയം കഴക്കൂട്ടത്ത്
ഈ വേളയിലാണ് കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പ്രേംകുമാറുമായി ചര്‍ച്ച നടത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ പ്രേംകുമാറിനെ കാണുമെന്ന വിവരം ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്നാല്‍ വന്നത് സിപിഎം പ്രതിനിധിയാണ്. അനുനയ ചര്‍ച്ചയ്ക്കാണ് കടകംപള്ളി സുരേന്ദ്രന്‍ വന്നത്. പ്രേംകുമാര്‍ വീട്ടിലുണ്ടായിരുന്നില്ല. സിപിഎം അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസുമായി അടുക്കുമെന്ന സൂചനയാണത്രെ ലഭിച്ചത്.
കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് തിരുവനന്തപുരത്തുണ്ട്. പ്രേംകുമാറിനെ കാണാനുള്ള സാധ്യതയുണ്ട്. അദ്ദേഹം കോണ്‍ഗ്രസ് അംഗത്വമെടുക്കുമെന്നാണ് വിവരം. കഴക്കൂട്ടം, അരുവിക്കര എന്നിവയില്‍ ഏതെങ്കിലും മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. സ്വന്തം നാടായ കഴക്കൂട്ടത്ത് മല്‍സരിക്കാനാണ് സാധ്യത കൂടുതല്‍.
2021ല്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുള്ള മണ്ഡലമാണ് കഴക്കൂട്ടം. കടകംപള്ളി സുരേന്ദ്രന് 63000 വോട്ടും ബിജെപിയുടെ ശോഭ സുരേന്ദ്രന് 40000 വോട്ടും കോണ്‍ഗ്രസിന്റെ എസ്എസ് ലാലിന് 34000 വോട്ടുമാണ് ലഭിച്ചിരുന്നത്. 2016ലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു. ഈ സാഹചര്യത്തില്‍ പ്രേംകുമാര്‍ ഇവിടെ സ്ഥാനാര്‍ഥിയായാല്‍ കഠിനപ്രയത്‌നം നടത്തിയാലേ ജയം സാധ്യമാകൂ.












Click it and Unblock the Notifications