അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്
കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി കേരള രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് ആദ്യം വാര്‍ത്ത വന്നത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. എംപി സ്ഥാനം രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന വിവരങ്ങളും തൊട്ടുപിന്നാലെയെത്തി. മുസ്ലിം ലീഗ് ഇതുസംബന്ധിച്ച് നേരത്തെ ചര്‍ച്ച തുടങ്ങി എന്നാണ് ഇതില്‍ നിന്ന് വ്യക്തമായത്.
എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായി കുഞ്ഞാലിക്കുട്ടിയുടെ രാജി സംബന്ധിച്ച് പറഞ്ഞത് ആഴ്ചകള്‍ക്ക് മുമ്പാണ്. ഇതിനെതിരെ മുസ്ലിം ലീഗില്‍ ഒരു വിഭാഗം കടുത്ത വിമര്‍ശനം ഉന്നയിച്ചതോടെ പരസ്യപ്രസ്താവന വേണ്ടെന്ന നിര്‍ദേശം നല്‍കി. എന്നാല്‍ രാജ്യസഭാ എംപി പിവി അബ്ദുല്‍ വഹാബ് നടത്തിയ പ്രസംഗം കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പാണോ എന്നാണ് പുതിയ ചര്‍ച്ച. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇ അഹമ്മദിനെ ഓര്‍ത്ത് അബ്ദുല്‍ വഹാബ്
കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ഇ അഹമ്മദ് അനുസ്മരണ പരിപാടിയില്‍ പിവി അബ്ദുല്‍ വഹാബ്് നടത്തിയ പ്രസംഗമാണ് ചര്‍ച്ചയാകുന്നത്. ഇ അഹമ്മദ് പാര്‍ട്ടി നിര്‍ദേശിച്ചത് പ്രകാരം ദില്ലിയിലേക്ക് തട്ടകം മാറ്റിയതും മരണം വരെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചതും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവുമെല്ലം അടിവരയിടുകയായിരുന്നു പിവി അബ്ദുല്‍ വഹാബ്.

പാതിവഴിക്ക് നിര്‍ത്തിയില്ല
മുസ്ലിം ലീഗ് നേതൃത്വം ഏല്‍പ്പിച്ച ദൗത്യം പാതിവഴിക്ക് നിര്‍ത്താത്ത വ്യക്തിയാണ് ഇ അഹമ്മദ് എന്ന് അബ്ദുല്‍ വഹാബ് പറഞ്ഞു. സമൂഹവും സമുദായവും പാര്‍ട്ടിയും തന്നെ ഏല്‍പ്പിച്ച ദൗത്യം പകുതി വഴിക്ക് നിര്‍ത്താന്‍ അദ്ദേഹം തയ്യാറായില്ല. വിട്ടുവീഴ്ചയില്ലാതെ ദൗത്യം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ഇ അഹമ്മദ് എന്നും പിവി അബ്ദുല്‍ വഹാബ് പറഞ്ഞു.

കേരളത്തില്‍ തിളങ്ങി നിന്ന വേളയില്‍
കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്ന നേതാവാണ് ഇ അഹമ്മദ്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹം ദില്ലിയിലേക്ക് തട്ടകം മാറ്റിയത്. തങ്ങളുടെ നിര്‍ദേശത്തില്‍ ബറക്കത്ത് ഉണ്ടാകും എന്ന് അദ്ദേഹം വിശ്വസിച്ചു. മുസ്ലിം ലീഗിനും മുസ്ലിം സമൂഹത്തിനും ഒരു ഐഡന്റിറ്റി ഉണ്ടാക്കി എന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ ദില്ലി ദൗത്യം
ഇ അഹമ്മദിന്റെ വിയോഗത്തിന് ശേഷമാണ് പികെ കുഞ്ഞാലിക്കുട്ടിയെ പാണക്കാട് തങ്ങള്‍ ദില്ലിയിലേക്ക് നിയോഗിക്കുന്നത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച അദ്ദേഹം വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. ശേഷം 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ചു ലോക്‌സഭയിലെത്തി. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെയാണ് അദ്ദേഹം തിരിച്ചുവരവിന് ഒരുങ്ങിയത്.

വിമര്‍ശനം ഇങ്ങനെ
നരേന്ദ്ര മോദി സര്‍ക്കാരിന് രണ്ടാമൂഴം ലഭിക്കുമെന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ ഭരണത്തിലെത്തുമെന്ന് കരുതി. അതുവഴി കേന്ദ്രമന്ത്രിയാകാമെന്നും കുഞ്ഞാലിക്കുട്ടി കണക്കുകൂട്ടി. മോദി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലെത്തിയതോടെ കുഞ്ഞാലിക്കുട്ടി നിലപാട് മാറ്റി കേരളത്തിലേക്ക് വരുന്നു- ഇതാണ് രാഷ്ട്രീയ വിമര്‍ശകരുടെ ആരോപണം.

വഹാബ് മല്‍സരിച്ചേക്കും
പിവി അബ്ദുല്‍ വഹാബ് ഇത്തവണ നിയമസഭയിലേക്ക് മല്‍സരിക്കുമെന്ന് സൂചനയുണ്ട്. ഏറനാട് മണ്ഡലത്തില്‍ അദ്ദേഹം മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറനാട് എംഎല്‍എ പികെ ബഷീര്‍ മഞ്ചേരിയിലേക്ക് മാറുമെന്നും കേള്‍ക്കുന്നു. വഹാബിന്റെ രാജ്യസഭാ എംപി കാലാവധി ഏപ്രിലില്‍ അവസാനിക്കുയാണ്. 70 പിന്നിട്ട അദ്ദേഹത്തിന് കേരളത്തില്‍ സജീവമാകണമെന്ന് ആഗ്രഹമുണ്ട്.












Click it and Unblock the Notifications