രാഹുല്‍ ഗാന്ധിയാണോ നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി? എങ്കില്‍..: ഇടതിനോട് സ്മൃതി ഇറാനിയുടെ ചോദ്യം
രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കയുടേയും റോഡ് ഷോ, കെ സുരേന്ദ്രന് വേണ്ടി സ്മൃതി ഇറാനി, കൊടിയുടെ പേരില്‍ ലീഗിനെ സമ്മർദത്തിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, അങ്ങനെ വയനാട് മണ്ഡലം വീണ്ടും ദേശീയ തലത്തില്‍ കൂടി ശ്രദ്ധേയമാകുകയാണ്. വമ്പന്‍ റോഡ് ഷോയുടെ അകമ്പടിയോടെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചപ്പോള്‍ ഇന്ന് കെ സുരേന്ദ്രന്‍ പത്രിക സമർപ്പിക്കാനെത്തിയതും വലിയ റോഡ് ഷോയോടെയായിരുന്നു.
ബിജെപിയുടെ റോഡ് ഷോ
വയനാടിന്റെ വികസന മുന്നേറ്റത്തിന് മോദിയുടെ ഗ്യാരണ്ടി ഉറപ്പു നൽകിയായിരുന്നു എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. രാവിലെ 11 മണിക്ക് കളക്ടർ രേണു രാജിന് മുമ്പാകെയാണ് സുരേന്ദ്രൻ പത്രിക സമർപ്പിച്ചത്. കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്മൃതി ഇറാനിയും ഒപ്പമുണ്ടായിരുന്നു.

കെ.സുരേന്ദ്രനോടൊപ്പം പുഷ്പാലംകൃതമായ തുറന്ന വാഹനത്തിൽ കയറിയ സ്മൃതി ഇറാനി 20 മിനുട്ടോളം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇരുവരെയും കാണാൻ ആയിരക്കണക്കിന് നാട്ടുകാരാണ് റോഡിന് ഇരുവശത്തും തടിച്ചുകൂടിയത്. നാട്ടുകാരെയും പ്രവർത്തകരെയും കൈ വീശി കാണിച്ച് സുരേന്ദ്രനും സ്മൃതിയും കളക്‌ട്രേറ്റിലെത്താൻ ഒരു മണിക്കൂറോളം സമയം എടുത്തു. ചെണ്ടമേളങ്ങളും വാദ്യഘോഷങ്ങളും നാസിക്ക് ഡോളും ആയി പ്രവർത്തകർ റോഡ്ഷോ കൊഴുപ്പിച്ചു. നരേന്ദ്രമോദിയുടേയും കെ.സുരേന്ദ്രൻ്റെയും പ്ലക്കാർഡുകളും താമര ചിഹ്നവും എൻഡിഎയിലെ വിവിധ കക്ഷികളുടെ കൊടികളുമേന്തിയാണ് പ്രവർത്തകർ റോഡ്ഷോയിൽ പങ്കെടുത്തത്.
ദില്ലിയിലെ കൂട്ടുകാർ കേരളത്തിലെ എതിരാളികളാവുന്ന ഇന്ത്യാ മുന്നണിയുടെ നിലപാട് മനസിലാകുന്നില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. തമിഴ്നാട്ടിൽ കോൺഗ്രസ്,സിപിഎം, മുസ്ലിം ലീഗ് ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. കേരളത്തിൽ പരസ്പരം പോരടിക്കുന്നു. ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി? രാഹുൽ ഗാന്ധിയാണെങ്കിൽ അദ്ദേഹത്തിനെതിരെ നിങ്ങൾ മത്സരിക്കില്ലല്ലോ. രാഹുലിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികൾ പോലും അംഗീകരിക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ഇന്ത്യാ സഖ്യത്തിന് സ്വീകാര്യമല്ലാത്ത രാഹുൽ ഗാന്ധിയെ വയനാട്ടുകാർ എന്തിന് സ്വീകരിക്കണം? രാഹുലിന് ധൈര്യമുണ്ടെങ്കിൽ എസ്ഡിപിഐ നൽകുന്ന വോട്ടുകൾ വേണ്ടായെന്ന് പറയണമെന്നും സ്മൃതി ഇറാനി പറഞ്ഞു. നാല് പതിറ്റാണ്ടായി നെഹ്റു കുടുംബത്തിൻ്റെ കുത്തകയായിരുന്ന മണ്ഡലത്തിൽ നിന്നാണ് ഞാൻ വരുന്നത്. മോദി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് അമേഠിയിൽ കളക്ട്രേറ്റ് ഓഫീസ് നിർമ്മിച്ചത്. കഴിഞ്ഞ 50 വർഷമായി നെഹ്റു കുടുംബം അമേഠിയെ പറ്റി വാചാലരായെങ്കിലും അവർ അമേഠിക്ക് വേണ്ടി എന്താണ് ചെയ്തത്? ഇപ്പോൾ അവർ പറയുന്നു വയനാട് അവരുടെ കുടുംബമാണെന്ന്. അവർ കുടുംബം എന്ന് വിളിച്ച് അമേഠിയെ ആദ്യം വഞ്ചിച്ചു. ഇപ്പോൾ വയനാടിനെയും വഞ്ചിക്കുന്നു. രാഹുൽ ഗാന്ധി വിജയിക്കാൻ വേണ്ടി നിരോധിക്കപ്പെട്ട സംഘടനയുടെ സഹായം തേടുകയാണെന്നും സ്മൃതി പറഞ്ഞു.
കൊള്ളയടി മാത്രമാണ് പ്രതിപക്ഷത്തിൻ്റെ ലക്ഷ്യം. കരുവന്നൂർ ബാങ്കിൽ സിപിഎം കൊള്ള നടത്തി. പുൽപ്പള്ളി ബാങ്ക് കോൺഗ്രസ് കൊള്ളയടിച്ചു. കണ്ടലയിൽ സിപിഐയാണെങ്കിൽ എആർ നഗർ മുസ്ലിം ലീഗാണ്. കേരളത്തെ കൊള്ളയടിക്കുകയാണ് ഇവരെന്നും സ്‌മൃതി ഇറാനി കുറ്റപ്പെടുത്തി. നാടിന് വേണ്ടി പ്രവർത്തിച്ചത് കൊണ്ട് ബിജെപിക്ക് നിരവധി ബലിദാനികളുണ്ടായ സംസ്ഥാനമാണ് കേരളം. അവരെ ഞാൻ സ്മരിക്കുകയും അവരുടെ സ്മരണയ്ക്കായി ഈ റോഡ്ഷോ സമർപ്പിക്കുകയും ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയും കൊടിയും
അതേസമയം, മുസ്ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണെടുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശവും മണ്ഡലത്തില്‍ ചർച്ചാ വിഷയമായിട്ടുണ്ട്. ലീഗ് പതാക ലോകത്തെ കാണിക്കുന്നതില്‍ നിന്ന് ഒളിച്ചോടാന്‍ സ്വന്തം കൊടിക്കു പോലും അയിത്തം കല്‍പ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോണ്‍ഗ്രസ്സ് എന്തുകൊണ്ട് താണുപോയെന്നും മുഖ്യമന്ത്രി ചോദിച്ചു.












Click it and Unblock the Notifications