സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഉണ്ടോ? രൂപസാദൃശ്യമുള്ള വ്യക്തിയാര്; അന്വേഷണത്തിന് നിര്‍ദേശം
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ ബ്രൂണെയില്‍ കണ്ടെത്തി എന്ന റിപ്പോര്‍ട്ടുകളില്‍ വിശദമായ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ വസ്തുത ഉണ്ടോ എന്ന് വ്യക്തത വരുത്താനാണ് നിര്‍ദേശം. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
40 വര്‍ഷത്തില്‍ അധികമായി കേരള പോലീസിനെ വട്ടംക്കറക്കുന്ന സുകുമാരക്കുറുപ്പ് എവിടെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. പല സ്ഥലങ്ങളിലും ഉണ്ടെന്ന് കരുതി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിവിധ ഉദ്യോഗസ്ഥര്‍ സുകുമാരക്കുറുപ്പിനെ തേടി ഇറങ്ങിയിരുന്നു. ഏറ്റവും ഒടുവില്‍ അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍.

ഹൃദ്രോഗിയായ സുകുമാരക്കുറുപ്പ് മരിച്ചിട്ടുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു ഏറ്റവും ഒടുവില്‍ പോലീസ്. അതിനിടെയാണ് വിവിധ മാധ്യമങ്ങളില്‍ ബ്രൂണെയിലുണ്ട് എന്ന വാര്‍ത്ത വന്നത്. സുകുമാരക്കുറുപ്പ് എന്ന് തോന്നിക്കുന്ന വ്യക്തിയുടെ ചിത്രങ്ങളും അദ്ദേഹത്തിന്റെ ഹോട്ടലുകളും സ്ഥാപനങ്ങളും സംബന്ധിച്ച വിവരങ്ങളും ഫോട്ടോകളും പുറത്തുവന്നു. ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ മറ്റൊരു പേരില്‍ താമസിക്കുന്നു എന്നാണ് വാര്‍ത്ത.
1984 ജനുവരി 22നാണ് സുകുമാരക്കുറുപ്പ് മുങ്ങിയത്. തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ മരിച്ചു എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇയാള്‍. പകരം ചാക്കോ എന്ന വ്യക്തിയെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചാണ് രക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്ന പിന്നാലെ രൂപവും പേരും മാറ്റി കുറുപ്പ് പലയിടത്തും താമസിക്കുകയായിരുന്നു.
ഒരിക്കല്‍ റാഞ്ചിയില്‍ വച്ച് മലയാളി നഴ്‌സ് രത്‌നമ്മ കണ്ടു എന്ന് വിവരം വന്നിരുന്നു എങ്കിലും നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും പിടിക്കാന്‍ പറ്റിയില്ല. സുകുമാരക്കുറുപ്പ് മരിച്ചിട്ടുണ്ടാകുമെന്ന വിലയിരുത്തലില്‍ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കാന്‍ പോകുന്നു എന്ന് ഇന്ന് രാവിലെ വാര്‍ത്ത വന്നിരുന്നു. തൊട്ടുപിന്നാലെയാണ് ബ്രൂണെയില്‍ നിന്നുള്ള വിവരം. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമേ ഇനി കേസ് അവസാനിപ്പിക്കാന്‍ സാധിക്കൂ.
സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ട് എന്നാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ അലി അക്ബര്‍ പറയുന്നത്. അന്വേഷണത്തില്‍ വീഴ്ചകളുണ്ടായി. അന്വേഷണം അവസാനിപ്പിക്കാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടാടി. സുകുമാരക്കുറുപ്പ് മരിച്ചു എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അലി അക്ബര്‍ പറഞ്ഞു. കുറുപ്പിന്റെ കുടുംബ സാഹചര്യം പരിശോധിച്ചാല്‍ അദ്ദേഹം മരിച്ചിട്ടില്ല എന്ന് വ്യക്തമാകും. അദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള ചില സൂചനകള്‍ തന്റെ ഫയലില്‍ നല്‍കിയിരുന്നു. ബ്രൂണെയില്‍ സുകുമാരക്കുറുപ്പ് ഉണ്ട് എന്ന് വിശ്വസിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും അലി അക്ബര്‍ പറഞ്ഞു.





Click it and Unblock the Notifications