സുരേഷ് ഗോപിക്ക് ബിജെപി മടുത്തോ? ബിജെപി വിടുന്നുവെന്ന് വ്യാപക പ്രചാരണം, മറുപടി ഇങ്ങനെ
കൊച്ചി: മുന്‍ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി ബിജെപി വിടുകയാണോ? കേരളത്തില്‍ ഇതുവരെ തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാന്‍ സാധിക്കാത്ത ബിജെപിക്ക് സുരേഷ് ഗോപിയുടെ വരവോടെ ഓളം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പ് വിജയം ബിജെപിക്ക് നേടിക്കൊടുക്കാന്‍ സുരേഷ് ഗോപിക്കുമായില്ല. രാജ്യസഭാംഗമായിരുന്ന സുരേഷ് ഗോപിക്ക് ഇപ്പോള്‍ പാര്‍ട്ടിയില്‍ പദവികളില്ല. ഇതോടെ സുരേഷ് ഗോപി സജീവ രാഷ്ട്രീയം വിടുന്നു എന്നാണ് വാര്‍ത്തകള്‍. പ്രചാരണങ്ങളോട് പ്രതികരിച്ച് സുരേഷ് ഗോപി തന്നെ രംഗത്ത് വന്നിട്ടുണ്ട്.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് ബിജെപിയോട് സുരേഷ് ഗോപി പരസ്യമായി അടുത്തത്. കലാകാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി 2016ല്‍ സുരേഷ് ഗോപിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. അതിന് ശേഷമാണ് സുരേഷ് ഗോപി ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വം എടുക്കുന്നത്. സുരേഷ് ഗോപിയെ പോലെ സൂപ്പര്‍സ്റ്റാര്‍ പദവിയിലുളള ആള്‍ എത്തുന്നത് കേരളത്തില്‍ പാര്‍ട്ടിയെ വലിയ തരത്തില്‍ സഹായിക്കും എന്നാണ് ബിജെപി നേതൃത്വം കണക്ക് കൂട്ടിയത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ബിജെപി മത്സര രംഗത്തിറക്കി. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് സുരേഷ് ഗോപി മത്സരിച്ചത്. അന്ന് തൃശൂര്‍ പിടിക്കും എന്നതടക്കമുളള സുരേഷ് ഗോപിയുടെ പ്രസംഗങ്ങള്‍ ട്രോളന്മാര്‍ ആഘോഷിച്ചിരുന്നു. തൃശൂരില്‍ 2,93,822 വോട്ടുകളാണ് സുരേഷ് ഗോപിക്ക് നേടാന്‍ സാധിച്ചത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂര്‍ തന്നെ ബിജെപി സുരേഷ് ഗോപിയെ പരീക്ഷിച്ചു. മൂന്നാം സ്ഥാനത്ത് മാത്രമാണ് സുരേഷ് ഗോപി എത്തിയത്. എന്നാല്‍ മണ്ഡലത്തില്‍ വോട്ടുയര്‍ത്താന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. ഇതോടെ തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് സുരേഷ് ഗോപിക്ക് ബിജെപി നിര്‍ദേശം നല്‍കിയത്. 2024ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കം.

രണ്ട് തവണ രാജ്യസഭാംഗമായ സുരേഷ് ഗോപിയുടെ കാലാവധി ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് അവസാനിച്ചത്. മൂന്നാമതൊരു അവസരം സുരേഷ് ഗോപിക്ക് പാര്‍ട്ടി നല്‍കിയില്ല. മാത്രമല്ല ബിജെപിയില്‍ നിലവില്‍ സുരേഷ് ഗോപിക്ക് മറ്റ് നേതൃപരമായ ചുമതലകളും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

എന്നാല്‍ ഈ പ്രചാരണങ്ങളെ സുരേഷ് ഗോപി തള്ളിക്കളയുന്നു. ബിജെപി വിട്ട് താന്‍ എങ്ങോട്ടും ഇല്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. താന്‍ ബിജെപി വിടുന്നു എന്ന തരത്തിലുളള വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്ക് ഉണ്ടെന്നും സുരേഷ് ഗോപി ആരോപിച്ചു. എന്തിന് വേണ്ടിയാണ് ഇത്തരം വാര്‍ത്തകള്‍ എന്ന് ഈ വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം. നരേന്ദ്ര മോദിക്കും അമിത് ഷാക്കും രാജ്‌നാഥ് സിംഗിനും ഉറച്ച പിന്തുണ നല്‍കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications