ബെംഗളൂരുവിലേക്ക് ജോലിക്കാരെ മാറ്റി, ബൈജൂസ് കേരളം വിടുന്നോ? വിശദീകരണം ഇങ്ങനെ...
കൊച്ചി: എഡ്യുടെക്ക് ഭീമനായ ബൈജൂസ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനിടെയാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഓഫീസ് അടച്ച് പൂട്ടി ജീവനക്കാരെ ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റി എന്ന പരാതിയുമായി ജീവനക്കാര്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഇതോടെ ബൈജൂസ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു വാര്‍ത്തകള്‍ കൂടുതല്‍ ശക്തിപ്പെട്ടു. എന്നാല്‍ ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബൈജൂസ് അധികൃതര്‍. കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ല എന്ന് ബൈജൂസ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

മാത്രമല്ല കേരളത്തില്‍ കൂടുതല്‍ ഓഫീസുകള്‍ തുറക്കും എന്നും ബൈജൂസ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ ബൈജൂസ് കേന്ദ്രങ്ങളില്‍ മൂവായിരത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ 140 ഓളം പേരെ ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. കേരളത്തില്‍ ഈ വര്‍ഷം 3 സ്ഥാപനങ്ങള്‍ കൂടി തുടങ്ങും.

സംസ്ഥാനത്തെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയര്‍ത്തും എന്നും ബൈജൂസ് അധികൃതര്‍ വ്യക്തമാക്കി. സ്ഥലം മാറ്റത്തിന് ചില ജീവനക്കാര്‍ അസൗകര്യം അറിയിച്ചിരുന്നു. ആ ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ടുള്ള പാക്കേജ് നടപ്പാക്കും എന്നും ബൈജൂസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലുണ്ടായിരുന്ന ബൈജൂസ് ജീവനക്കാരാണ് തൊഴില്‍ മന്ത്രിയെ കണ്ടത്.

നഷ്ടപരിഹാരം നല്‍കണം എന്നും കുടിശ്ശികയുള്ള ശമ്പളം നല്‍കണം എന്നുമുള്ള ആവശ്യങ്ങളുമായാണ് ജീവനക്കാര്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്. തൊഴില്‍ നഷ്ടമാകുന്ന ആശങ്ക ജീവനക്കാര്‍ പങ്കുവെച്ചതായി വി ശിവന്‍കുട്ടിയും പറഞ്ഞിരുന്നു. ജീവനക്കാരുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്.

അടുത്തിടെ ബൈജൂസ് വലിയ നഷ്ടക്കണക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മാര്‍ച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 4588 കോടിയുടെ നഷ്ടം ബൈജൂസിനുണ്ടായി എന്നായിരുന്നു റിപ്പോര്‍ട്ട്. 22 ബില്യണ്‍ ഡോളര്‍ ആണ് ബൈജൂസിന്റെ ആസ്തി. നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അമ്പതിനായിരം ജീവനക്കാരാണ് ബൈജൂസില്‍ പ്രവര്‍ത്തിക്കുന്നത്.

2011 ല്‍ സ്ഥാപിച്ച ബെജൂസ് വളരെ പെട്ടെന്നാണ് പടര്‍ന്ന് പന്തലിച്ചത്. ബൈജു രവീന്ദ്രന്‍ ആണ് ബൈജൂസിന്റെ സ്ഥാപകന്‍. ബൈജൂസിന് നിലവില്‍ 150 ദശലക്ഷം സബ്‌സ്‌ക്രൈബഴ്സ് ഉണ്ട്.












Click it and Unblock the Notifications