പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിക്കുന്നു? ഹൃദ്രോഗം കാരണം മരിച്ചുവെന്നും..
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന് നാലര പതിറ്റാണ്ടിന്റെ നീളമുണ്ട്. ഇന്ത്യയ്ക്ക് അകത്തും പുറത്തും പലയിടത്തും അന്വേഷിച്ചിട്ടും സുകുമാരക്കുറുപ്പിനെ പിടികൂടാനായിട്ടില്ല. 1984ല്‍ തന്റെ പേരിലുളള ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാനായി ഒരു മരണ നാടകം സൃഷ്ടിച്ച സുകുമാരക്കുറുപ്പ് പിന്നെ എങ്ങോട്ടോ മായയായി മറഞ്ഞു.
ചാക്കോ എന്ന് പേരുളള ഒരാളെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ച് അത് താനാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു സുകുമാരക്കുറുപ്പ്. ഇയാള്‍ക്കൊപ്പം ഈ കൃത്യത്തിന് കൂട്ട് നിന്ന മറ്റ് നാല് പേരും പോലീസിന്റെ പിടിയിലായി. എന്നാല്‍ അതിന് ശേഷം സുകുമാരക്കുറുപ്പിനെ ആരും കണ്ടിട്ടില്ല.
സുകുമാരക്കുറുപ്പ് വിദേശത്തേക്ക് കടന്നുവെന്നും മറ്റേതോ പേരിലും വിലാസത്തിലും ഇപ്പോഴും ജീവിക്കുന്നുണ്ട് എന്നും കരുതുന്നവരുണ്ട്. 25 വര്‍ഷമായി ബ്രൂണെയില്‍ സുകുമാരക്കുറുപ്പ് ജീവിക്കുന്നുവെന്നും ഭാര്യയേയും മക്കളേയും ഇയാള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നുമാണ് 24 ന്യൂസ് പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.

രൂപം മാറി 1991 മുതല്‍ സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ താമസിക്കുകയാണെന്നും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുകയാണെന്നും 24 ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സുകുമാരക്കുറുപ്പിന്റേത് എന്ന് അവകാശപ്പെടുന്ന ചിത്രവും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. അതേസമയം സുകുമാരക്കുറുപ്പ് ഇതിനകം മരണപ്പെട്ടിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് എന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ നാല്‍പ്പതാം വയസ്സില്‍ ഹൃദ്രോഗിയായിരുന്ന സുകുമാരക്കുറുപ്പ് ഇത്രയും കാലം ജീവിച്ചിരിക്കാന്‍ സാധ്യത ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.


Click it and Unblock the Notifications