'കോൺഗ്രസ് നേതൃത്വം സമ്പന്നന്മാരായ ടയർമുതലാളിമാരുടെ മാനസപുത്രന്മാരാണോ'; വിമർശിച്ച് ജയരാജൻ
കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സി പി എം നേതാവ് എം വി ജയരാജൻ. കോൺഗ്രസ് നേതൃത്വം സമ്പന്നന്മാരായ ടയർമുതലാളിമാരുടെ മാനസപുത്രന്മാരാണോയെന്ന് ജയരാജൻ ചോദിച്ചു. റബ്ബറിന് മതിയായ വില വേണമെന്ന് ആവശ്യപ്പെടുന്ന തലശ്ശേരി ബിഷപ്പും കത്തോലിക്കാ കോൺഗ്രസ്സും എം.ആർ.എഫ്. അടക്കമുള്ള വൻകിട ടയർ കമ്പനികൾ റബ്ബർ കൃഷിക്കാരെ ചൂഷണം ചെയ്ത നടപടിയിൽ മൗനംപാലിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
റബ്ബർ കൃഷിക്കാരിൽ നിന്നും ടയർ കമ്പനികൾ തട്ടിയെടുത്ത 1788 രൂപ കർഷകർക്ക് തിരിച്ചുനൽകണമെന്ന് എന്തുകൊണ്ടാണ് കോൺഗ്രസ് ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'റബ്ബർ കൃഷിക്കാരിൽ നിന്നും ടയർ കമ്പനികൾ തട്ടിയെടുത്ത 1788 രൂപ കർഷകർക്ക് തിരിച്ചുനൽകണമെന്ന് എന്തുകൊണ്ടാണ് കോൺഗ്രസ് ആവശ്യപ്പെടാത്തതെന്ന് അറിയാൻ കൃഷിക്കാർക്ക് താൽപര്യമുണ്ട്. കോൺഗ്രസ് നേതൃത്വം സമ്പന്നന്മാരായ ടയർമുതലാളിമാരുടെ മാനസപുത്രന്മാരാണോ? റബ്ബറിന് മതിയായ വില വേണമെന്ന് ആവശ്യപ്പെടുന്ന തലശ്ശേരി ബിഷപ്പും കത്തോലിക്കാ കോൺഗ്രസ്സും എം ആർ എഫ് അടക്കമുള്ള വൻകിട ടയർ കമ്പനികൾ റബ്ബർ കൃഷിക്കാരെ ചൂഷണം ചെയ്ത നടപടിയിൽ മൗനംപാലിക്കുന്നതും ഒട്ടും ശരിയല്ല.
കൃഷിക്കാരിൽ നിന്നും അന്യായമായി ഈടാക്കിയ തുക തിരിച്ചുനൽകണമെന്ന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഒരു വിധിയിലൂടെയാണ് ആവശ്യപ്പെട്ടത്. കേന്ദ്രസർക്കാർ ആ വിധിക്കെതിരെ കോടതിയിൽ പോകാനുള്ള സൗകര്യം ടയർ കമ്പനികൾക്ക് ചെയ്തുകൊടുത്തു. കാഞ്ഞിരക്കുരുവിൽ നിന്നും മധുരം കിട്ടില്ല എന്നു പറയുന്നതുപോലെ കേന്ദ്രസർക്കാരിൽ നിന്നും കൃഷിക്കാർക്ക് ഒരിക്കലും നന്മകിട്ടില്ല. വൻകിട ടയർ കമ്പനികളായ എം ആർ എഫ് 622 കോടിയും അപ്പോളോ 475 കോടിയും സിയറ്റ് 252 കോടിയും ജെകെ 309 കോടിയും ബിർള 178 കോടിയുമാണ് കൃഷിക്കാരിൽ നിന്നും തട്ടിയെടുത്തത്. ഇതിനെതിരെ ഇടതുപക്ഷ കർഷക സംഘടനകൾ കോട്ടയം എംആർഎഫിന്റെയും കളമശ്ശേരി അപ്പോളോ ടയർകമ്പനിയുടെയും ഓഫീസുകളിലേക്ക് ഡിസംബർ 30ന് കർഷകമാർച്ചും അതിന്റെ പ്രചരണാർത്ഥം ജാഥകളും സംഘടിപ്പിക്കുകയാണ്. ഈ കർഷക പ്രക്ഷോഭത്തെ നവകേരള സദസ്സ് ബഹിഷ്‌കരിക്കുകയും അക്രമം സംഘടിപ്പിക്കുകയും ചെയ്തതുപോലെ കല്ലെറിയാതെ പിന്തുണക്കാൻ കോൺഗ്രസ് തയ്യാറാകുമോ? തലശ്ശേരി ബിഷപ്പും കത്തോലിക്ക കോൺഗ്രസ്സും ഈ കർഷക സമരത്തെ പിന്തുണക്കുകയാണ് വേണ്ടത്', പോസ്റ്റിൽ ജയരാജൻ പറഞ്ഞു.












Click it and Unblock the Notifications