ഗുരുവിനോടുള്ള കേന്ദ്രത്തിന്റെ അയിത്തം സംസ്ഥാന ബിജെപിക്കമുണ്ടോ: വി ശിവന്‍കുട്ടി
തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിക്കാനിരുന്ന ശ്രീ നാരായണ ഗുരുവിന്റെ പ്രതിമയടങ്ങിയ ഫ്ലോട്ട് ഒഴിവാക്കിയ സംഭവത്തില്‍ രൂക്ഷ വിമർശനം ഉയർത്തി സി പി എം നേതാക്കള്‍. ശ്രീ നാരായണ ഗുരുവിന്‍റെ പ്രതിമ ഒഴിവാക്കി ശ്രീ ശങ്കരാചാര്യരുടെ പ്രതിമ വെച്ചാല്‍ സ്വീകാര്യമാണെന്നായിരുന്നു കേന്ദ്ര നിലപാട്. എന്നാല്‍ ഇത് ശ്രീ നാരായണ ഗുരുവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് സി പി എം നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കിയത് കേന്ദ്രത്തിന് ശ്രീനാരായണ ഗുരുവിനോടുള്ള അവഹേളനമെന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.
തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡൽ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ മുന്നിൽവെച്ചുള്ള കേരളത്തിൻ്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ കേന്ദ്രത്തെ വിമർശിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്ത് എത്തി. ശ്രീനാരായണ ഗുരുവിനോടുള്ള കേന്ദ്രത്തിന്റെ അയിത്തം സംസ്ഥാന ബി ജെ പിക്ക് ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നു അദ്ദേഹം പറഞ്ഞു.

'ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ മുന്നിൽവെച്ചുള്ള കേരളത്തിൻ്റെ റിപ്പബ്ലിക് ദിന ഫ്ലോട്ടിന് അനുമതി നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ശ്രീനാരായണ ഗുരുവിനോടുള്ള കേന്ദ്രത്തിന്റെ അയിത്തം സംസ്ഥാന ബിജെപിക്ക് ഉണ്ടോ എന്ന് വ്യക്തമാക്കണം' -വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. ജാതിവിവേചനത്തിനും അനാചാരങ്ങൾക്കും എതിരായിരുന്നു ഗുരുവിന്റെ പ്രവർത്തനം. അതുകൊണ്ട് തന്നെയാണ് ഗുരുവിനെ കൂടി കേരളത്തിന്റെ ഫ്ലോട്ടിൽ ഉൾപ്പെടുത്തിയത്. ബിജെപിക്ക് വേണ്ടെങ്കിലും നവോത്ഥാന കേരളം ഗുരുവിനോട് കടപ്പെട്ടിരിക്കുന്നു.ജൂറിയിലെ അംഗങ്ങൾ മികച്ച അഭിപ്രായം പറഞ്ഞിട്ടും അവസാന നിമിഷം കേരളത്തെ ഒഴിവാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്തുകൊണ്ടാണ് കേരളത്തെ ഒഴിവാക്കിയത് എന്ന് പരസ്യമായി പറയാനുള്ള ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
പ്രതിരോധമന്ത്രാലയത്തിന്‍റെ നിലപാടിൽ പ്രതിഷേധിച്ച് ശിവഗിരി മഠവും രംഗത്ത് എത്തിയിട്ടുണ്ട്. അദ്വൈതത്തിന്‍റെ ആചാര്യനെന്ന നിലയിൽ ശങ്കരാചാര്യരോട് ആദരവുണ്ട്. ശങ്കരാചാര്യർ കേരളത്തിലെ ഒരു വിഭാഗം ജനതക്ക് മാത്രമേ സ്വീകാര്യനാകുന്നുളളു. എന്നാൽ, ശ്രീ നാരായണ ഗുരു കേരളീയ ജനതക്ക് ആകമാനം ആദരണീയനാണെന്ന യാഥാർഥ്യം ജൂറിമാർ പരിഗണിക്കാതിരുന്നതിൽ ഉത്കണ്ഠയുണ്ടെന്നും ശ്രീനാരായണധർമ സംഘം വ്യക്തമാക്കി.












Click it and Unblock the Notifications