ബി നിലവറയിൽ 5 കിലോയുടെ സ്വർണ്ണത്തേങ്ങയുണ്ട്? കാവലിന് പാമ്പുണ്ടോ? നിലവറയിൽ കണ്ടത് പറഞ്ഞ് ആദിത്യ വർമ്മ
അളവില്ലാത്ത നിധിശേഖരമുളള പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഇന്നും ഒരു അത്ഭുതമായി, നിഗൂഢ രഹസ്യമായി തുടരുകയാണ്. ഈ നിലവറയെ കുറിച്ച് പല കഥകളും നിലനിൽക്കുന്നുണ്ട്. നിലവറ തുറന്നാൽ പ്രളയം വരുമെന്നും പത്ത് തലയുളള സർപ്പം നിലവറയ്ക്ക് കാവൽ നിൽക്കുന്നുണ്ടെന്നും നിലവറ വാതിൽ തുറക്കുന്നവർ മരണപ്പെടും എന്നതുമടക്കം കഥകൾ പലവിധം. എ നിലവറയിൽ നിന്ന് ഒന്നേകാൽ ലക്ഷം കോടിയുടെ നിധിയാണ് കണ്ടെത്തിയിട്ടുളളത്. ബി നിലവറയിൽ അതിനേക്കാളും വലിയ നിധിശേഖരമുണ്ടെന്നാണ് കരുതുന്നത്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ബി നിലവറ തുറക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. ബി നിലവറ നേരത്തെ 7 തവണ തുറന്നിട്ടുണ്ട് എന്നാണ് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റർ കണ്ടെത്തിയിട്ടുളളത്. എന്തായാലും ബി നിലവറയ്ക്കുളളിൽ എന്താണ് എന്നത് ഇന്നും ഒരു രഹസ്യമായി തുടരുന്നു. അതിനിടെ ബി നിലവറയെക്കുറിച്ച് പഴയ തിരുവിതാംകൂർ രാജകുടുംബാംഗവും ഭരണസമിതി അംഗവുമായ ആദിത്യ വർമ്മ നടത്തിയ പരാമർശങ്ങൾ ശ്രദ്ധ നേടുകയാണ്. ബി നിലവറയിൽ കയറിയപ്പോൾ കണ്ട കാര്യങ്ങളാണ് യെസ് 27 എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആദിത്യ വർമ്മ തുറന്ന് പറഞ്ഞിരിക്കുന്നത്.
ആദിത്യ വർമ്മയുടെ വാക്കുകൾ: '' വിവാദത്തിന് ശേഷം പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പലരും വരുന്നത് നിധി കാണുന്നതിന് വേണ്ടിയാണ്. ഒരു ത്രീഡി മ്യൂസിയം നിര്‍മ്മിക്കുന്നതിനുളള ആലോചന നടക്കുന്നുണ്ട്. ബി നിലവറയില്‍ കാവലിന് പാമ്പുണ്ട്, മമ്മിയുണ്ട് എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. ബി നിലവറയില്‍ ആദ്യമായി കയറുമ്പോള്‍ ക്ലോസ്‌ട്രോഫോബിയ പോലെ തോന്നും. വളരെ അടിയിലാണ് നിലവറ. നമുക്ക് നിവര്‍ന്ന് നില്‍ക്കാന്‍ സാധിക്കില്ല. അഞ്ചടി പൊക്കമേ ഉളളൂ.

രണ്ട് ലെയറിലായി മുകളിലും താഴെയുമാണ് സാധനങ്ങള്‍ വെച്ചിരിക്കുന്നത്. ആഭരണങ്ങളൊക്കെ ബോക്‌സുകളിലാക്കി നൈട്രജന്‍ നിറച്ച് കേടുവരാതെ സൂക്ഷിച്ചിരിക്കുകയാണ്. രത്‌നങ്ങള്‍ വലിയ കുഴപ്പമില്ലാതെ ഇരിക്കുന്നുണ്ട്. അറിയാതെ എങ്ങാന്‍ ഒരു കല്ല് പോയാല്‍ നാളെ അത് വലിയ വാര്‍ത്തയാകും. ഇത്രയും സെക്യൂരിറ്റി ഉണ്ടായിട്ടും കല്ല് പോയി എന്നൊക്കെ. ഇതൊന്നും ഒരിക്കലും ആരും കൊണ്ടുപോകില്ല.
ചിലവ കാണുമ്പോള്‍ അത് നിര്‍മ്മിച്ച ശില്‍പിയുടെ കഴിവ് ആലോചിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ഒരു ചെറിയ കിരീടം ഉണ്ട്. അത് മുഴുവന്‍ രത്‌നക്കല്ലുകളാണ്. നല്ല ഭംഗിയായി ചെയ്തിട്ടുണ്ട്. പിന്നെ ഒരു സ്വര്‍ണത്തേങ്ങയുണ്ട്. ഒരിക്കല്‍ ഒരു വാര്‍ത്തയില്‍ പറഞ്ഞു 5 കിലോ വലുപ്പമുളള സ്വര്‍ണ്ണത്തേങ്ങ ഉണ്ട് എന്ന്. പക്ഷേ അതൊരു ചെറിയ സാധാരണ തേങ്ങയാണ്. ശുദ്ധമായ സ്വര്‍ണം ആയത് കൊണ്ട് കയ്യില്‍ പിടിക്കുമ്പോള്‍ ബലം കുറവാണ് അതിന്. രണ്ട് കഷണമായി തുറക്കാം, തിരിച്ച് അടയ്ക്കുകയും ചെയ്യാം. അകത്തും പുറത്തും സ്വര്‍ണമാണ്. പണ്ട് വിഷുവിന് കണി വെച്ചിരുന്നതാവാം അത്.
വലിയമ്മാവന്‍ ചിത്തിര തിരുനാളിന്റെ കൂടെ ഒരിക്കലും അമ്പലത്തില്‍ പോകില്ല. അതുകൊണ്ട് തന്നെ അവിടെ ചെന്ന് അദ്ദേഹത്തോട് കാര്യങ്ങള്‍ ചോദിക്കാനുളള അവസരം ലഭിച്ചിട്ടില്ല. അദ്ദേഹം വലിയ തമ്പുരാന്‍ ആയത് കൊണ്ട് ഒറ്റയ്ക്ക് മാത്രമേ പോകാവൂ. തിരിച്ച് വന്നതിന് ശേഷം അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് താന്‍ അഴിയൊക്കെ കണ്ട് ഇതൊന്താ ജയിലാണോ എന്ന് ചോദിച്ചിട്ടുണ്ട്. നിലവറ ആണോ എന്നൊന്നും സ്വപ്‌നത്തില്‍ പോലും അന്ന് ചിന്തിച്ചിട്ടില്ല. അദ്ദേഹവുമായി വളരെ അടുത്ത ബന്ധം ആയിരുന്നു. ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞ് ഞങ്ങള്‍ കുട്ടികള്‍ക്ക് കഥകളൊക്കെ പറഞ്ഞ് തരും. ചിലപ്പോള്‍ രാമായണം, വായിച്ച നോവലുകളിലെ കഥകള്‍ ഒക്കെ പറഞ്ഞ് തരും. എല്ലാ രാജ്യത്തെ കുറിച്ചും നല്ല അറിവായിരുന്നു''.












Click it and Unblock the Notifications