'ഇതിൽ കൂടുതൽ എന്ന അപമാനിക്കാനുണ്ടോ'; എംവി ഗോവിന്ദനെതിരെ മാനനഷ്ട കേസുമായി കെ സുധാകരൻ
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി കെ സുധാകരനെതിരെ മാനനഷ്ട കേസ് നൽകി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തിയാണ് മാനനഷ്ടകേസ് നൽകിയത്. എം വി ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ട കേസ് സമർപ്പിച്ചിരിക്കുന്നത്. കേസ് കോടതി നാളെ പരിഗണിക്കും.
'ഇതിൽ കൂടുതൽ എന്നെ ഇനി അപമാനിക്കാനുണ്ടോ ? മനസാ വാചാ അറിയാത്ത കാര്യമാണ് പ്രചരിപ്പിച്ചത്. അത് എന്നെ അപമാനിക്കൽ അല്ലേ. ഇത് അപകീർത്തിക്കേസാണ്, ക്രിമിനൽ കേസാണ്. എന്നെ പോലൊരാളെ സംബന്ധിച്ച് എന്റെ ജീവിതത്തിൽ കേൾക്കാൻ ആഗ്രഹിക്കാത്ത , പ്രതീക്ഷിക്കാത്ത കാര്യമാണ്. അതും ഒരു വിധി പ്രസ്താവിച്ച കേസിൽ', കേസ് ഫയൽ ചെയ്ത പിന്നാലെ മാധ്യമങ്ങളോട് കെ സുധാകരൻ പറഞ്ഞു.

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ദേശാഭിമാനി പത്രത്തെ ഉദ്ധരിച്ച് കൊണ്ടായിരുന്നു എം വി ഗോവിന്ദൻ കെ സുധാകരനെതിരെ രംഗത്തെത്തിയത്. മോൻസൻ മാവുങ്കൽ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയെന്നായിരുന്നു എംവി ഗോവിന്ദൻ ആരോപിച്ചത്. മോൻസൻ സുധാകരന് എതിരെ മൊഴി നൽകിയിട്ടുണ്ട്. പോക്സോ കേസിലും സുധാകരനെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്യും എന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. അതേസമയം ഗോവിന്ദന്റെ പരാമർശത്തിനെതിരെ അന്ന് രൂക്ഷമായ ഭാഷയിൽ തന്നെ സുധാകരൻ പ്രതികരിച്ചിരുന്നു. തലച്ചോറില്‍ അശ്ലീലം നിറച്ചൊരു 'തനി' ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കള്‍ അധഃപതിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ലെന്നായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ സുധാകരൻ തുറന്നടിച്ചത്. 'എന്താണ് ഗോവിന്ദന്‍? ഇതാണോ രാഷ്ട്രീയം? അല്പമെങ്കിലും സംസ്‌കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങള്‍ക്കും സിപിഎമ്മിനും നാളിതുവരെയും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?', എന്നും സുധാകരൻ ചോദിച്ചിരുന്നു.
അതേസമയം എംവി ഗോവിന്ദൻ പറഞ്ഞത് കള്ളമാണെന്ന് ആരോപിച്ച് നേരത്തേ മോൻസൻ മാവുങ്കലിന്റെ അഭിഭാഷകൻ തന്നെ രംഗത്തെത്തിയിരുന്നു. അതിജീവിത നൽകിയ 164 മൊഴിയിലും പോലീസ് എഫ്ഐആറിലും കെ സുധാകരന്റെ പേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications