സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്'; തുറന്നടിച്ച് ടൊവീനോയും വിസ്മയയും
രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി മലയാള സിനിമാരംഗത്തെ പ്രമുഖർ.നടൻ ടൊവീനോ തോമസ്, പാർവതി തിരുവോത്ത്, മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ, റിമ കല്ലിങ്കൽ, ആഷിഖ് അബു തുടങ്ങിയവരാണ് വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയിൽ രൂക്ഷമായി പ്രതികരിച്ചത്.
ഇത്രയും ക്രൂരമായ നടപടികൾ നേരിടാൻ മാത്രം എന്ത് തെറ്റാണ് വിദ്യാർത്ഥികൾ ചെയ്തെന്നാണ് ടൊവീനോ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'ശരിയും തെറ്റും ഒരുപക്ഷെ ആപേക്ഷികമായിരിക്കും. എന്നാൽ സമാധാനപരമായി നടക്കുന്ന പ്രതിഷേധത്തെ നേരിടേണ്ട രീതി ഒരിക്കലും ഇതല്ല. രാജ്യത്തെ ഭാവി തലമുറ പ്രതികരിക്കാൻ തയ്യാറാകുമ്പോൾ, അവരുടെ ശബ്ദത്തെ ഈ രീതിയിൽ അടിച്ചമർത്തിയാൽ ഭാവിയെ തന്നെയാണ് കുഴിച്ചുമൂടാൻ ശ്രമിക്കുന്നത്. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ഇല്ലാതായിപ്പോകുന്നത്.

എന്ത് തെറ്റാണ് ഈ വിദ്യാർത്ഥികൾ ചെയ്തത്. അവർ എന്തെങ്കിലും സ്വത്തുക്കൾ നശിപ്പിച്ചോ? അക്രമത്തിൻ്റെ പാത സ്വീകരിച്ചോ? ഇത്തരമൊരു നടപടി നേരിടാൻ മാത്രം അവരെന്താണ് യഥാർത്ഥത്തിൽ ചെയ്തത്? സമാധാനത്തോടെ നീതിക്ക് വേണ്ടി പ്രതിഷേധിക്കുന്ന ഈ രാജ്യത്തിൻ്റെ ഏത് കോണിലുള്ള മനുഷ്യനും ഞാൻ പൂർണമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഒരിക്കലും ജനാധിപത്യത്തിന് ഭീഷൻിയല്ല, മറിച്ച് ജനാധിപത്യത്തിൻ്റെ അടിസ്ഥാന ആശയമാണത്. ഇനി എൻ്റെ ദേശീയതയെ കുറിച്ച് ചോദ്യം ഉയർത്തുന്നവരോട്, എനിക്ക് എന്നെ നിങ്ങളേക്കാൾ നന്നായി അറിയാം. എൻ്റെ രാഷ്ട്രീയം മനുഷ്യത്വം ആണ്, എൻ്റെ വിശ്വാസം സമാധാനമാണ്, ജയ് ഹിന്ദ്', ടൊവീനോ പോസ്റ്റിൽ പറഞ്ഞു.
സ്വന്തം പൌരൻമാരോട് ഒരു ജനാധിപത്യ സംവിധാനം യഥാർത്ഥത്തിൽ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നായിരുന്നു വിസ്മയ മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 'ടിയർ ഗ്യാസ്, ലാത്തി ചാർജ്, വിദ്യാർത്ഥികൾക്ക് പരിക്കേറ്റു, റോഡുകൾ ബ്ലോക്കാണ്, മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുന്നു., നഗരത്തിലങ്ങോളം ഇങ്ങോളം ബാരിക്കേഡുകളാണ്, ഇൻ്റർനെറ്റ് സസ്പെൻ്റ് ചെയ്തിരിക്കുന്നു.
നിങ്ങൾ പ്രക്ഷോഭകരെ പിന്തുണയ്ക്കണമെന്നില്ല. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നില്ല. ഈ സമരത്തിൽ ഭാഗമായ സംഘടനയെ നിങ്ങൾ ഇഷ്ടപ്പെടണമെന്നുമില്ല. എന്നാൽ പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ എന്ത് തരത്തിലുള്ള ജനാധിപത്യത്തിലേക്കാണ് നമ്മൾ പോകുന്നത്.
കാരണം ഒരുപക്ഷെ നാളെ കേൾക്കപ്പെടേണ്ടത് നിങ്ങളുടെ ശബ്ദമായിരിക്കും, ഒരു പക്ഷെ നിങ്ങളുടെ നാടായിരിക്കും, അയൽപക്കമായിരിക്കും, ഒരുപക്ഷെ കുടുംബമായിരിക്കാം. എല്ലാവരോടുമുള്ള എൻ്റെ ചോദ്യം വളരെ സിമ്പിളാണ്. സ്വന്തം പൌരൻമാരോട് ഒരു ജനാധിപത്യ സംവിധാനം യഥാർത്ഥത്തിൽ ഇങ്ങനെയാണോ പെരുമാറേണ്ടത്', വിസ്മയ മോഹൻലാൽ പോസ്റ്റിൽ പറഞ്ഞു.
നടി പാർവതി തിരുവോത്തിൻ്റെ പ്രതികരണം ഇങ്ങനെ-' അവകാശങ്ങളെ തട്ടിയെടുക്കുന്നു, ശബ്ദത്തെ തട്ടിയെടുക്കുന്നു, സംരക്ഷകർ തന്നെ ദ്രോഹിക്കുന്നു, കള്ളൻമാരേയും വഞ്ചകരേയും ഇന്ത്യ ഭരിക്കാൻ അനുവദിക്കില്ലെന്ന് നമ്മൾ അവരെ ബോധ്യപ്പെടുത്തണം. ജന്ദർ മന്ദറിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധിക്കുന്നവർക്ക് ഐക്യദാർഢ്യം'.
ഇന്ത്യയെ നമ്മുടെ യുവത വീണ്ടെടുക്കും എന്നാണ് ആഷിഖ് അബു കുറിച്ചത്. അതേസമയം മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളുടെ മൌനത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, മഞ്ജു വാര്യർ തുടങ്ങി താരങ്ങളാരും തന്നെ ഇപ്പോഴും ഇക്കാര്യത്തിൽ ഒരു വരി കുറിപ്പ് പോലും പങ്കുവെച്ചിട്ടില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.


Click it and Unblock the Notifications