'എല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണോ ഈ മൗനവും കീഴടങ്ങലും'? ആർഎസ്എസിനെ പുകഴ്ത്തിയ മോഹൻലാലിന് വിമർശനം

ആർഎസ്എസ് വേദിയിൽ എത്തി സംഘപരിവാറിനെ പുകഴ്ത്തിയ നടൻ മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാവുകയാണ്. സ്വയംസേവകരെക്കുറിച്ച് മോഹൻലാൽ നടത്തിയ പരാമർശം വേദനിപ്പിക്കുന്നതാണെന്ന് പ്രതികരിച്ച് മുൻ എംപി എഎം ആരിഫ് രംഗത്ത് എത്തി.

എമ്പുരാൻ സിനിമയ്ക്കും വിസ്മയ മോഹൻലാലിനും എതിരെ ഉയർന്ന ആക്ഷേപങ്ങളും വിദ്വേഷ പ്രചാരണങ്ങളും മോഹൻലാൽ മറന്ന് പോയോ എന്നും എഎം ആരിഫ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. ആർഎസ്എസിനെ കുറ്റപ്പെടുത്തുന്നത് ഹിന്ദുമതത്തെ വിമർശിക്കുകയല്ലെന്നും എഎം ആരിഫ് ചൂണ്ടിക്കാട്ടുന്നു.

എഎം ആരിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' ശ്രീ മോഹൻലാൽ എന്ന അതുല്യ അഭിനയപ്രതിഭയെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. എന്നാൽ, സ്വയംസേവകരെക്കുറിച്ച് അങ്ങ് നടത്തിയ വിശേഷണം ഏറെ വേദനിപ്പിക്കുന്നതാണ്. ദീർഘകാലം ദേശീയതലത്തിൽ ആർ.എസ്.എസിന്റെ ഭാഗമായി പ്രവർത്തിക്കുകയും അതിന്റെ വിവിധ പരിശീലനങ്ങളിലൂടെയും പ്രവർത്തനരീതികളിലൂടെയും കടന്നു പോയ ആർഎസ്എസ് നേതാവായ യശ്വന്ത് സഹദേവ് ഷിൻഡെ സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ കത്ത് അടുത്തിടെ ഗോദി മീഡിയ ഒഴികെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. അങ്ങയുടെ മുന്നിൽ ആ കത്ത് ഞാൻ സമർപ്പിക്കുകയാണ്.

Mohanlal

ആർ.എസ്.എസിന്റെ മുൻ മുഴുവൻസമയ പ്രചാരകനായ യശ്വന്ത് സഹദേവ് ഷിൻഡെ, ആർ.എസ്.എസ്., വി.എച്ച്.പി., ബജ്‌റംഗ്ദൾ എന്നിവയെ ഭീകരസംഘടനകളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്തയച്ചത്.2000-ത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ബോംബ് സ്ഫോടനങ്ങൾക്ക് പിന്നിൽ ആർ.എസ്.എസ്, വി.എച്ച്.പി പ്രവർത്തകരുടെ പങ്കുണ്ടെന്നും സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകിയിരുന്നുവെന്നും സംഘടനകളുടെ മുതിർന്ന നേതാക്കളായ മോഹൻ ഭാഗവത്, ഇന്ദ്രേഷ് കുമാർ, വി.എച്ച്.പി ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ടെ എന്നിവരെ അറസ്റ്റ് ചെയ്ത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

1990 മുതൽ മുഴുവൻ സമയ ആർ.എസ്.എസ് പ്രവർത്തകനായിരുന്ന ഷിൻഡെ, ബോംബ് നിർമ്മാണത്തിനും പരിശീലനത്തിനുമുള്ള സംഘത്തിൽ ചേരാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഘടന വിട്ടതെന്നും 2003-ൽ മിലിന്ദ് പരാണ്ടെയുടെ നേതൃത്വത്തിൽ ഇരുപതോളം പേർക്ക് ബോംബ് നിർമ്മാണ പരിശീലനം നൽകിയിരുന്നുവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തിരുന്നുവെന്നും വെളിപ്പെടുത്തുന്നു.
ഇതൊക്ക പറയുന്നതിന്റെ പേരിൽ എന്നെ പാകിസ്ഥാനിയെന്നോ മുസ്ലിം തീവ്രവാദിയെന്നോ മുദ്രകുത്താൻ ശ്രമിച്ചേക്കാം. എന്നാൽ, ഈ വസ്തുതകളെയും ഈ കത്തിനെയും നിങ്ങൾ എങ്ങനെ സമീപിക്കുന്നു എന്നതിനാണ് മറുപടി പറയേണ്ടത്.

ആര്‍എസ്എസിനെ പുകഴ്ത്തി മോഹന്‍ലാല്‍, 'സംഘപ്രവര്‍ത്തകർ ദേശസ്‌നേഹത്തിൽ വേരുറപ്പിച്ച മനീഷികൾ'
ആര്‍എസ്എസിനെ പുകഴ്ത്തി മോഹന്‍ലാല്‍, 'സംഘപ്രവര്‍ത്തകർ ദേശസ്‌നേഹത്തിൽ വേരുറപ്പിച്ച മനീഷികൾ'

ദേശീയതലത്തിൽ ദീർഘകാലം ആർ.എസ്.എസിനൊപ്പം പ്രവർത്തിക്കുകയും അതിന്റെ പരിശീലനങ്ങളിലൂടെയും പ്രവർത്തനരീതികളിലൂടെയും കടന്നുപോകുകയും ചെയ്ത സുധീഷ് മിന്നിയുടെ അനുഭവങ്ങൾ വിവരിക്കുന്ന 'നരകസകേതത്തിലെ ഉള്ളറകൾ' എന്ന കൃതിയെക്കുറിച്ച് ബഹുമാനപ്പെട്ട ശ്രീ മോഹൻലാൽ അറിയാൻ ശ്രമിക്കണമെന്ന് അഭ്യർഥിക്കുന്നു. ബാബു ബജ്രംഗിയെക്കുറിച്ച് 'എമ്പുരാൻ 2' എന്ന സിനിമയിൽ അവതരിപ്പിച്ച സ്വയംസേവകനായ ബാബു ബജ്രംഗിയെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ എമ്പുരാൻ സിനിമയ്ക്കും അതിന്റെ സംവിധായകനും അഭിനേതാക്കൾക്കുമെതിരെ ഉയർന്ന വിദ്വേഷപ്രചാരണങ്ങളും
മറന്നുപോകരുത്.

വിസ്മയ മോഹൻലാൽ മികച്ച അഭിനയപ്രതിഭയാണ്. ആദ്യ സിനിമയായ 'തുടക്കം' എന്ന ചിത്രത്തിലൂടെ അസാധാരണമായ അഭിനയമികവ് പ്രകടിപ്പിച്ച വിസ്മയ, അങ്ങയുടെ അഭിനയപാരമ്പര്യത്തിലെ പല സവിശേഷതകളും ഉൾക്കൊണ്ട നടിയാണ്. ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ അവർക്കെതിരെ ഉയർന്ന ആക്ഷേപങ്ങളെ എങ്ങനെയാണ് മറക്കാൻ സാധിക്കുന്നത്. ഹിസ്സ്‌ ഹൈനസ് അബ്ദുള്ളയിൽ സംഗീതം പഠിച്ച, അങ്ങ് പറയുന്ന സംഗീതവിദ്വാനെക്കുറിച്ച് പോലും അപകീർത്തിപരമായും അന്യമത വിദ്വേഷം പരത്തുന്ന ഒരു സംഘടനയെ ദേശസ്നേഹത്തിലും ദേശീയ ബോധത്തിലും വേരുറപ്പിച്ച മനീഷികൾ എന്ന് വിശേഷിപ്പിച്ചത് ഏറെ വേദനിപ്പിക്കുന്നതാണ്.

അങ്ങ് അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നില്ല എന്നാണോ കരുതേണ്ടത്? അതോ, ഒരുപക്ഷേ, ഒരു സംരക്ഷണകവചത്തിനുള്ളിൽ കഴിയുകയാണോ? എന്നാൽ, ആ സംരക്ഷണകവചം മറ്റുള്ളവരുടെ മനസ്സുകളെ വേദനിപ്പിക്കുന്നുണ്ടെന്ന് തിരിച്ചറിയണം. ഇവിടെ ആർ.എസ്.എസിനെ കുറ്റപ്പെടുത്തുന്നത് ഒരിക്കലും ഹിന്ദുമതത്തെ വിമർശിക്കുന്നതല്ല. ആർ.എസ്.എസിന് ഹിന്ദുമതത്തിന്റെ അട്ടിപ്പേറവകാശം ആരും നൽകിയിട്ടില്ല.

അതുപോലെ തന്നെ, മുസ്ലിം തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം മുഴുവൻ മുസ്ലിം സമൂഹത്തിനും ഏൽപ്പിക്കാനാവില്ല. കാസ പോലുള്ള സംഘടനകളുടെ നിലപാടുകളും പ്രവർത്തനങ്ങളും മുഴുവൻ ക്രൈസ്തവ സമൂഹത്തിന്റെയും അഭിപ്രായമായി കാണാനാവില്ല. ഓരോ മതവിഭാഗത്തിലുമുള്ള മനുഷ്യർക്കും അവരുടേതായ സ്വതന്ത്രമായ ചിന്തകളും വിശ്വാസങ്ങളും അഭിപ്രായങ്ങളുമുണ്ട്. എന്നാൽ, ഈ സംഘടനയുടെ യഥാർഥ രാഷ്ട്രീയത്തെയും പ്രവർത്തനരീതികളെയും തിരിച്ചറിയാൻ അങ്ങ് വൈകുകയാണോ? അതോ, എല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണോ ഈ മൗനവും കീഴടങ്ങലും? അങ്ങയുടെ കലാപ്രതിഭയോടുള്ള ആദരവ് നിലനിർത്തിക്കൊണ്ടുതന്നെ ഉയരുന്ന ചോദ്യമാണിത്..''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma