വിദ്യാഭ്യാസ ബന്ദ്: നാളെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം
കോഴിക്കോട്: നാളെ കേരളത്തില്‍ വിദ്യാഭ്യാസ ബന്ദ്. വെല്‍ഫെയർ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഓഫ് കേരളയാണ് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.മലപ്പുറം പരപ്പനങ്ങാടിയിൽ ഹാദി റുഷ്ദയെന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തതിനാലാണെന്ന് ആരോപിച്ചാണ് ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകൾ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാനത്ത് വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്റ് കെഎം ഷെഫ്റിൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണെന്നും അദ്ദേഹം ആരോപിച്ചു.

രണ്ടാം ഘട്ട അലോട്ട്മെൻ്റിന് ശേഷവും സീറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് മലബാർ വിദ്യാഭ്യാസ വിവേചനത്തിൻ്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദ. സർക്കാർ സ്പോൺസേർഡ് വ്യവസ്ഥാപിത കൊലപാതകമാണിത്. നാളിതു വരെയുള്ള മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങൾക്ക് വർഗീയ ചാപ്പ നൽകിയവരും അതിനെ പൈശാചിക വൽക്കരിച്ചവരും ഹാദി റുഷ്‌ദയുടെ വ്യവസ്ഥാപിത കൊലപാതകത്തിന്റെ കൂട്ടുപ്രതികൾ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലബാറിൽ ആയിരക്കണക്കിന് സീറ്റുകൾ ബാക്കിയാണെന്ന നുണ പ്രചാരണം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ നടത്തിയ അതേ ദിവസമാണ് മലപ്പുറത്ത് രണ്ടാം ഘട്ട അലോട്ട്മെൻ്റിലും സീറ്റ് ലഭിക്കാതെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുണ്ടാകുന്നത് എന്നത് ഗൗരവകരമാണ്.
സീറ്റുകിട്ടാത്തതുകൊണ്ടല്ല ആത്മഹത്യ എന്ന സർക്കാർ സംവിധാനങ്ങളും പാർട്ടി സംവിധാനവും ഉപയോഗിച്ചുള്ള വ്യാജ പ്രചരണം വിജയിക്കില്ല. ഹാദി റുഷ്ദ വിഷയത്തിൽ നീതി ലഭ്യമാകും വരെ ശക്തമായ പ്രതിഷേധങ്ങൾ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബാർ ജില്ലകളിൽ ഇന്നും നാളെയുമായി ദേശീയപാത ഉപരോധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും കെ.എം ഷെഫ്റിൻ പറഞ്ഞു.
അതേസമയം, പ്രാഥമിക വിവരം അനുസരിച്ച് കുട്ടിക്ക് സീറ്റ് ലഭിക്കാതിരിക്കുന്ന പ്രശ്‌നം ഇല്ല എന്നാണ് മനസ്സിലാക്കുന്നതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ആത്മഹത്യയുടെ കാരണം എന്താണെന്ന് സംബന്ധിച്ച് പൊലീസിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് മാത്രമാണ് പൂർത്തിയായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications