യേശുദാസ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ?; പ്രതികരിച്ച് വിജയ് യേശുദാസ്
ഗായകൻ കെജെ യേശുദാസ് ആശുപത്രിയിലാണെന്ന വാർത്തകൾ തള്ളി മകൻ വിജയ് യേശുദാസ്. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും വിജയ് വ്യക്തമാക്കി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഗായകനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വാർത്തകൾ പ്രചരിച്ചത്.
മുൻപും യേശുദാസിന്റെ ആരോഗ്യനിലയെ കുറിച്ച് വ്യാജവാർത്തകൾ വന്നിരുന്നു. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും ഡയാലിസിസിന് വിധേയനായെന്ന തരത്തിലുമായിരുന്നു ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്തകൾ നൽകിയത്. അന്നും അത്തരം വാർത്തകൾ കുടുംബം തള്ളിയിരുന്നു.

വർഷങ്ങളായി അമേരിക്കയിൽ കഴിയുകയാണ് യേശുദാസ്. അവിടെ ടെക്സസിലെ ഡാലസിൽ മകൻ വിശാലിന്റെ കൂടെയാണ് അദ്ദേഹം. യേശുദാസ് എന്തുകൊണ്ടാണ് അമേരിക്കയിൽ കഴിയുന്നതെന്ന് മുൻപ് വിജയ് വ്യക്തമാക്കിയിരുന്നു. സഹോദരനെ കാണാൻ വർഷത്തിൽ ആറ് മാസം പോയി നിൽക്കാറുണ്ടായിരുന്നുവെന്നും എന്നാൽ കൊവിഡിന് ശേഷം സുരക്ഷയ്ക്കായി അവിടെ തന്നെ നിൽക്കുകയായിരുന്നുവെന്നുമാണ് വിജയ് വ്യക്തമാക്കിയത്. അച്ഛൻ വിശ്രമജീവിതം നയിക്കുകയാണ്, ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആസ്വദിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അമ്മ എപ്പോഴും അടുത്ത് വേണമെന്നും വിജയ് പറഞ്ഞിരുന്നു.
സംഗീതവും സിനിമയും തന്നെയാണ് അദ്ദഹേത്തിന്റെ ലോകം. സിനിമകളൊക്കെ കാണാറുണ്ട്. പുതിയ പാട്ടുകളെ കുറിച്ചൊക്കെ അഭിപ്രായം ചോദിക്കുന്നവർക്ക് നിർദ്ദേശം നൽകാറുണ്ട്. ടെന്നിസ് കാണലാണ് പ്രിയ വിനോദമെന്നും മുൻപ് വിജയ് പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി സംഗീത ലോകത്ത് അത്ര സജീവമല്ല അദ്ദേഹം. 2022 ലാണ് അവസാനമായി അദ്ദേഹം സിനിമയിൽ പാടിയത്. ജ്യോതി എന്ന തമിഴ് സിനിമയ്ക്ക് വേണ്ടിയായിരുന്നു ഗാനം ആലപിച്ചത്.
ഇക്കഴിഞ്ഞ ജനവരി 10 നായിരുന്നു അദ്ദേഹത്തിന്റെ 85ാം പിറന്നാൾ. അന്ന് ഗായകൻ നാട്ടിലെത്തുമോയെന്ന് ആരാധകർ ഉറ്റുനോക്കിയിരുന്നെങ്കിലും യുഎസിൽ തന്നെയായിരുന്നു ആഘോഷങ്ങൾ. യുഎസിലാണെങ്കിലും പ്രിയ ഗായകനെ പലരും അവിടെചെന്ന് കണ്ടിട്ടുണ്ട്. മോഹൻലാൽ, ചിത്ര തുടങ്ങിയവരെല്ലാം നേരത്തേ അമേരിക്കയിലെത്തി അദ്ദേഹത്തെ കണ്ട ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
മലയാളികളെ സംബന്ധിച്ച് കെജെ യേശുദാസ് എന്നത് സംഗീതത്തിന്റെ പര്യായമാണ്. 1961 ലായിരുന്നു ആദ്യമായി അദ്ദേഹം പിന്നണി പാടിയത്. 'കാൽപ്പാടുകൾ' എന്ന സിനിമയിൽ 'ജാതിഭേദം മതദ്വേഷം' എന്ന ഗാനമാണ് ആലപിച്ചത്. പിന്നീട് ആറ് പതിറ്റാണ്ടുകളോളം മലയാളവും തമിഴും അടക്കം വിവിധ ഭാഷകളിലായി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചു. 2002 ൽ പത്മഭൂഷൺ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു. 2017 ൽ പത്മവിഭൂഷണും ലഭിച്ചു.












Click it and Unblock the Notifications