ഇസ്രായേലിൽ കുടുങ്ങിയ ആദ്യ മലയാളി സംഘം മടങ്ങിയെത്തി, റോക്കറ്റ് വർഷം നേരിട്ടു കണ്ടുവെന്ന് യാത്രക്കാർ!
ഇസ്രായേലിൽ കുടുങ്ങിപ്പോയ മലയാളി തീർത്ഥാടകരുടെ ആദ്യ സംഘം കൊച്ചിയിൽ തിരിച്ചെത്തി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ച മൂന്നരയോടെയാണ് വിമാനം എത്തിച്ചേർന്നത്. ആലുവയിൽ നിന്നുള്ള 48 പേർ അടങ്ങുന്ന സംഘമായിരുന്നു ഇസ്രായേലിൽ നിന്ന് ഇന്ന് തിരിച്ചെത്തിയത്.
ജോർദാൻ സന്ദർശനത്തിനു ശേഷം സംഘം ഇസ്രായേലിൽ മൂന്ന് ദിവസം തങ്ങി. ഇസ്രായേലിലെ തീർത്ഥാടനം പൂർത്തിയാക്കിയ ശേഷം റോഡ് മാർഗം അവിടെ നിന്ന് തിരിക്കാനിരുന്നപ്പോഴാണ് സൈന്യം റോഡുകൾ ഉപരോധിച്ചത്. ഇസ്രായേലിലെ റോക്കറ്റ് വർഷം നേരിട്ടു കണ്ടെന്നും ഈജിപ്ത് വഴിയാണ് രക്ഷപ്പെട്ടതെന്നും സംഘം പ്രതികരിച്ചു.

ശനിയാഴ്ച്ച പുലർച്ചെ നടന്ന യുദ്ധ സാഹചര്യങ്ങളെപ്പറ്റി അറിയാമായിരുന്നെങ്കിലും മറ്റൊരു റോഡ് മാർഗം രാജ്യത്തിനു പുറത്തെത്തിക്കാമെന്ന് ഡ്രൈവർ പറഞ്ഞിരുന്നതായി സംഘം വെളിപ്പെടുത്തി. എന്നാൽ അവിടെയുള്ള ചെക്ക് പോയിന്റ് അടച്ചു പൂട്ടിയിരുന്നതിനാൽ തിരികെ പോരേണ്ടി വന്നു. അതേ സമയം ട്രാവൽ ഏജന്റ് ഉടൻ തന്നെ താമസ സൗകര്യമൊരുക്കി. പിന്നെ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും യാത്രക്കാർ പറഞ്ഞു.
സംഘർഷ മേഖലയായ തബ അതിർത്തിയിലൂടെയാണ് സംഘത്തെ കെയ്റോയിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസും നോർക്കയും വിവരങ്ങൾ അറിയാനായി ബന്ധപ്പെട്ടിരുന്നു. ഇസ്രായേലിന് സ്വന്തമായി ഒരു സംവിധാനമുണ്ടെന്നും വിനോദ സഞ്ചാരികൾ അവിടെ സുരക്ഷിതരായിരുന്നത് അതു കൊണ്ടാണെന്നും യാത്രക്കാരിലൊരാൾ കൂട്ടിച്ചേർത്തു.
ഇസ്രായേലിലെ ഇന്ത്യൻ എംബസി മുഴുവൻ സമയവും തങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഈജിപ്തിൽ എത്തുന്നതുവരെ തങ്ങളുടെ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും യാത്രക്കാർ പറഞ്ഞു. ദൈവാനുദ്രഹവും പലരുടെയും സഹായവും കൊണ്ടാണ് സുരക്ഷിതമായി വീട്ടിലെത്താൻ സാധിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ബദ്ലഹേമിൽ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഗാസയാണ് ഏറ്റവും അപകടകമായ മേഖലയെന്നും സംഘത്തിലെ ഒരാൾ പറഞ്ഞു. അവിടെ കുടുങ്ങിപ്പോയപ്പോൾ താമസിച്ച ഹോട്ടലിൽ ഇരുന്നാൽ മിസൈൽ വരുന്നതും പോകുന്നതും എല്ലാം കാണാമായിരുന്നുവെന്നും യാത്രക്കാരിൽ ഒരാൾ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications