റഫാ പിടിച്ചടക്കി ഇസ്രായേല്‍ സേന: ബന്ദിയായ ഇസ്രയേലി സൈനികന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്
ടെല്‍ അവീവ്: ഗാസയുടെ തെക്കേ അറ്റന്‍ നഗരമായ റഫാ നഗരം പൂർണ്ണമായി വളഞ്ഞ് ഇസ്രായേല്‍ സേന. മേഖലയില്‍ സുരക്ഷാ ഇടനാഴി ഒരുക്കിയതായി കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചു. ഇതോടെ ഗാസയിലെ ജനങ്ങൾക്കുള്ള അവശ്യവസ്തുക്കളുടെ ലഭ്യതയും മാനുഷിക സഹായവും കൂടുതൽ പരിമിതപ്പെടുത്തുമെന്ന ആശങ്കയും ശക്തമായി. ഗാസയിലെമ്പാടും സൈന്യമിറങ്ങുന്നതിനു മുന്നോടിയായാണ് മൊറാഗ് എന്ന സുരക്ഷാ ഇടനാഴി സൃഷ്ടിച്ചതെന്ന വിലയിരുത്തലുമുണ്ട്.
റഫാ പിടിച്ചെടുത്തതോടെ ഗാസയുടെ മറ്റുഭാഗങ്ങളും റഫായുമായുള്ള ബന്ധം വേർപെട്ടു. ഗാസയിലെ പ്രധാന അതിർത്തി കവാടങ്ങളിലൊന്നാണ് റഫാ. ലക്ഷക്കണക്കിന് ഫലസ്തീനികളാണ് ഇവിടെ അഭയം തേടിയിരിക്കുന്നത്. ഹമാസിനെതിരായ തുടർച്ചയായ സൈനിക ഓപ്പറേഷനുകളുടെ ഭാഗമായാണ് പുതിയ നീക്കമെന്ന് ഇസ്രായേല്‍ വിശദീകരിക്കേണ്ടി വരുമ്പോഴും കുട്ടികളും സ്ത്രീകളും അടക്കമുള്ള സാധാരണ ജനങ്ങളാണ് വലിയ ദുരിതം അനുഭവിക്കേണ്ടി വരുന്നത്.

റഫായില്‍ നിന്നും എത്രയും പെട്ടെന്ന് ഒഴിയണമെന്ന് ഇസ്രായേല്‍ പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേല്‍ കാട്സ് പലസ്തീനികളോട് ആവശ്യപ്പെട്ടു. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കും വരെ യുദ്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ റഫായിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണ്' അദ്ദേഹം പറഞ്ഞു.
ഇസ്രായേലിന്റെ സൈനിക നീക്കത്തില്‍ ആശങ്ക അറിയിച്ച് യു എന്‍ അടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. 'റഫായിലെ സൈനിക വിപുലീകരണം മാനുഷിക ദുരന്തത്തിന് വഴിവെക്കും' യു എൻ ഉദ്യോഗസ്ഥ] മുന്നറിയിപ്പ് നൽകിയതായി വിവിധ റിപ്പോർട്ടുകള്‍ പറയുന്നു. പലസ്തീൻ അധികൃതരാവട്ടെ ഇസ്രായേലിന്റെ നടപടിയെ 'ആക്രമണത്തിന്റെ പുതിയ ഘട്ടം' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അപലപിച്ചത്.
നിലവില്‍ തന്നെ റഫായിലെ സാഹചര്യം അതീവ ഗുരുതരമായ നിലയിലാണ് മുന്നോട്ട് പോകുന്നത്. ആശുപത്രികൾ, ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, ശുദ്ധജല സൗകര്യങ്ങൾ എന്നിവയെല്ലാം പ്രതിസന്ധി നേരിടുന്നു. അതിനിടയില്‍ തന്നെ ഹമാസ് സായുധവിഭാഗമായ ഖാസം ബ്രിഗേഡ് ബന്ദിയായ ഇസ്രയേലി സൈനികന്റെ വിഡിയോ പുറത്തുവിട്ടു. ഇസ്രയേൽ-യുഎസ് പൗരത്വമുള്ള ഈഡൻ അലക്സാണ്ടർ തന്റെ മോചനം സാധ്യമാക്കാതിരുന്ന ഇസ്രയേൽ സർക്കാരിനെ വിമർശിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഗാസയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഗാസയിൽ ഇസ്രായേൽ "വംശഹത്യ" നടത്തുന്നുവെന്ന ഒരു പ്രതിഷേധക്കാരന്റെ ആരോപണത്തോട് കാർണി പ്രതികരിച്ചതാണ് നെതന്യാഹുവിന്റെ വിമർശനത്തിന് ഇടയാക്കിയത്.












Click it and Unblock the Notifications