ഇസ്രായേലിലേക്ക് ഇപ്പോള്‍ പോകേണ്ടെന്ന് മുഖ്യമന്ത്രി; കൃഷിമന്ത്രിയുടെ യാത്ര മാറ്റി
ഇസ്രായേലില്‍ പോയി അവിടത്തെ കൃഷിരീതികള്‍ പഠിക്കാനായിരുന്നു യാത്ര

തിരുവനന്തപുരം: കൃഷി മന്ത്രി പി പ്രസാദിന്റേയും സംഘത്തിന്റേയും വിദേശയാത്ര മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് യാത്ര മാറ്റിയത് എന്നാണ് റിപ്പോര്‍ട്ട്. കൃഷി മന്ത്രി പി പ്രസാദും സംഘവും ഇസ്രായേലിലേക്കായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇസ്രായേല്‍ സന്ദര്‍ശനം സംബന്ധിച്ച് രണ്ട് മാസം കഴിഞ്ഞ് ആലോചിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം.
ആധുനിക കൃഷി രീതികള്‍ പഠിക്കാന്‍ കൃഷി മന്ത്രിയെ കൂടാതെ ഉദ്യോഗസ്ഥരും കര്‍ഷകരും ആയിരുന്നു ഇസ്രായേലിലേക്ക് പോകാനിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്കിടെ രണ്ട് കോടി ചെലവാക്കിയുള്ള യാത്ര വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അനുമതി നിഷേധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലിലെ കാര്‍ഷിക പഠന കേന്ദ്രങ്ങള്‍, കൃഷിഫാമുകള്‍ എന്നിവിടങ്ങളിലെ കൃഷി രീതികള്‍ കണ്ട് മനസിലാക്കാനായിരുന്നു യാത്ര.

കര്‍ഷകരും സംഘത്തില്‍
ഇസ്രായേലില്‍ ഒരാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശന പരിപാടി ആയിരുന്നു ആസൂത്രണം ചെയ്തിരുന്നത്. ഫെബ്രുവരി 12 മുതല്‍ 19 വരെ നീണ്ട് നില്‍ക്കുന്നതായിരുന്നു ഇസ്രായേല്‍ പര്യടനം. മന്ത്രിയേയും ഉദ്യോഗസ്ഥരേയും കൂടാതെ തെരഞ്ഞൈടുത്ത 20 കര്‍ഷകരും സംഘത്തിലുണ്ടായിരുന്നു.

കൃഷി പഠിക്കാന്‍ ആന്ധ്രയിലും
ഇതോടൊപ്പം കാര്‍ഷിക മേഖലയിലെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം ലഭിച്ച രണ്ട് മാധ്യമപ്രവര്‍ത്തകരേയും സംഘത്തില്‍ ഉള്‍പ്പെടുത്തും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആന്ധ്രപ്രദേശിലെ കൃഷിയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ പഠിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ആന്ധ്ര സന്ദര്‍ശിച്ചിരുന്നു.

ഇസ്രായേലില്‍ കൃഷി മെച്ചത്തില്‍
ഇസ്രായേലില്‍ കാര്‍ഷിക മേഖലയിലെ അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്ക്കുകയും ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുന്ന പദ്ധതികളുണ്ട്. കൂടാതെ ഇസ്രായേലിലെ വാട്ടര്‍ മാനേജ്‌മെന്റ്, റീസൈക്ലിങ് ടെക്‌നിക്കുകള്‍, മൈക്രോ ഇറിഗേഷന്‍ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകള്‍, ഹൈടെക് കൃഷി രീതികള്‍, പോളി ഹൗസ് എന്നീ സാങ്കേതികവിദ്യകളും ലോകപ്രശസ്തമാണ്.

മുഖ്യമന്ത്രിയുടെ വിദേശയാത്രയുണ്ടാക്കിയ പൊല്ലാപ്പ്
ഇതെല്ലാം കണ്ട് മനസിലാക്കുന്നതിനും കേരളത്തിലെ സാഹചര്യത്തിന് അനുസരിച്ച് പരീക്ഷിക്കാനുമായിരുന്നു യാത്ര ആസൂത്രണം ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ മുഖ്യമന്ത്രിയുടെ വിദേശ യാത്ര തന്നെ വലിയ വിവാദം വരുത്തി വെച്ച സാഹചര്യത്തില്‍ ആണ് പുതിയ തീരുമാനം എന്നാണ് അറിയുന്നത്. മാത്രമല്ല സംസ്ഥാന ബജറ്റിന് മുന്‍പ് യു ഡി എഫ് ധവള പത്രം പുറത്തിറക്കി സംസ്ഥാനം കടക്കെണിയില്‍ ആണ് എന്ന് ആരോപിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications