ഇസുദൻ ഗാധ്വി ഗുജറാത്തില്‍ ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി: ജനപ്രിയ മാധ്യമപ്രവർത്തകന് പുതിയ നിയോഗം
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എ എ പി. ഇസുദൻ ഗാധ്വിയെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടിയുടെ ദേശീയ കണ്‍വീനർ പ്രഖ്യാപിച്ചിരിക്കുന്നത്. അഹമ്മാദാബാദിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു എ എ പിയുടെ സംസ്ഥാന ഘടകം പ്രസിഡന്റ് ഗോപാൽ ഇറ്റാലിയേയും ജനറൽ സെക്രട്ടറി മനോജ് സൊറതിഹ്യയേയും പിന്തള്ളിയാണ് ഇസുദൻ ഗാധ്വി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

എ എ പി ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി, ദേശീയ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവർത്തിക്കുന്ന ഇസുദൻ ഗാധ്വി നേരത്തെ ഒരു ജനപ്രിയ പത്രപ്രവർത്തകനുമായിരുന്നു. മാധ്യമപ്രവർത്തന ജോലി ഉപേക്ഷിച്ച് 2021 ജൂണിലാണ് പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തിൽ ഇസുദൻ ഗാധ്വി എ എ പിയിൽ ചേരുന്നത്.

അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ ചേർന്നത് മുതല്‍ അദ്ദേഹം നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായിട്ടാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി സ്ഥാനത്തേക്ക് എത്തുന്നത്. ജനകീയ വോട്ടെടുപ്പിലൂടെയാണ് എ എ പി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്തിയത് എന്നതാണ് ശ്രദ്ധേയം.

സംസ്ഥാനത്ത് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കണം എന്നതിനെ കുറിച്ച് അഭിപ്രായങ്ങൾ അറിയിക്കാൻ എസ്എംഎസ്, വാട്ട്‌സ്ആപ്പ്, വോയ്‌സ് മെയിൽ, ഇ-മെയിൽ എന്നിവയിലൂടെ പാർട്ടിയുമായി ബന്ധപ്പെടാൻ അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ മാസം പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.

നവംബർ 3 വൈകുന്നേരം വരെ ആളുകൾക്ക് അഭിപ്രായങ്ങൾ സമർപ്പിക്കാമെന്നും അവരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്നും ദേശീയ കണ്‍വീനർ വ്യക്തമാക്കിയിരുന്നു. "പഞ്ചാബ് തിരഞ്ഞെടുപ്പ് സമയത്ത്, അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ഞങ്ങൾ ആളുകളോട് ചോദിച്ചിരുന്നു, ആളുകൾ വൻ ഭൂരിപക്ഷത്തിൽ ഭഗവന്ത് മാനെ തിരഞ്ഞെടുപ്പ്. പൊതുജനങ്ങളുടെ ആഗ്രഹപ്രകാരം ഞങ്ങൾ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി."- എന്നും കെജ്രിവാള്‍ പറഞ്ഞു.

അതേസമയം, ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള 10 സ്ഥാനാർത്ഥികളുടെ ഒമ്പതാം പട്ടിക എഎപി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇതോടെ ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ എണ്ണം 118 ആയി. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം രണ്ട് ഘട്ടങ്ങളിലായിട്ടാണ നടക്കുക. ഡിസംബർ 1, 5 തീയതികളിൽ വോട്ടെടുപ്പും ഡിസംബർ 8 ന് വോട്ടെണ്ണലും നടക്കും.












Click it and Unblock the Notifications