വില കുതിക്കുമ്പോഴും കേരളം ഒരുമാസം കഴിക്കുന്നത് ആറ് കോടി കിലോ ചിക്കന്‍; ചെലവ് 900 കോടി!!
കൊച്ചി: സംസ്ഥാനത്ത് കോഴിയിറച്ചി വില പിടിവിട്ട് കുതിക്കുകയാണ്. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് വില 220 മുതല്‍ 250 വരെയും കോഴി വില 160 മുതല്‍ 170 രൂപ വരെയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് കോഴിയിറച്ചിക്ക് 90 രൂപയാണ് കൂടിയത്. ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് കോഴി ഇറച്ചിയുടെ വില ഉയരാന്‍ കാരണം എന്നാണ് ഫാം ഉടമകള്‍ പറയുന്നത്.
ഒരുമാസം കേരളത്തില്‍ ഭക്ഷണാവശ്യത്തിനായി ആറ് കോടി കിലോ ചിക്കനാണ് വേണ്ടത് എന്നാണ് കണക്ക്. അതായത് ശരാശരി ഒരു കിലോ ചിക്കന് ശരാശരി 150 രൂപ എടുത്താല്‍ തന്നെ ഇതിന് 900 കോടി രൂപ വേണം. ആഘോഷങ്ങള്‍ വരുന്ന മാസങ്ങളില്‍ ചിക്കന്റെ ആവശ്യം ഇതിലും കൂടും. കേരളത്തിലേക്ക് ഇറച്ചിക്കോഴികള്‍ ഭൂരിഭാഗവും കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് എത്തുന്നത്.

സംസ്ഥാനത്ത് പ്രതിമാസം 2.4 കോടി കിലോ ചിക്കന്‍ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ സംഭാവന രണ്ടര ശതമാനം മാത്രമെ ഉള്ളൂ. സ്വകാര്യ കര്‍ഷകരുടെയും ഫാമുകളുടെയും സംഭാവന 37.5 ശതമാനവുമാണ്. ബാക്കി 60 ശതമാനവും അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. ഇറച്ചിക്കോഴി ഇറക്കുമതി വഴി കേരളത്തില്‍ നിന്നും 540 കോടി രൂപയോളമാണ് അയല്‍ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്.
വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടല്‍ അടിയന്തരമായി വേണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഈ ആവശ്യം ഉന്നയിച്ച് ചിക്കന്‍ വ്യാപാരി വ്യവസായി സമിതി ജൂണ്‍ 14 മുതല്‍ അനിശ്ചിതകാലത്തേക്ക് കടയടക്കല്‍ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനം കൂട്ടുകയും കോഴിത്തീറ്റ ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുകയും വേണം എന്നാണ് ആവശ്യം.
അതേസമയം ഈ വര്‍ഷം ഡിസംബറോടെ ഇറച്ചിക്കോഴികളെ ഉത്പാദിപ്പിക്കാന്‍ ഒരുങ്ങി 'കേരള ചിക്കന്‍' നോഡല്‍ ഏജന്‍സിയായ ബ്രഹ്‌മഗിരി തയ്യാറെടുക്കുകയാണ്. കോഴിരോഗം ബാധിച്ചതിനാല്‍ ബ്രീഡര്‍ ഫാം നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ കേരള ചിക്കന്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറിയിട്ടില്ല എന്നാണ് ബ്രഹ്‌മഗിരി മാനേജിംഗ് ഡയറക്ടര്‍ ഡോ. വി സുനില്‍ കുമാര്‍ പറയുന്നത്.
മാസം ആറ് ലക്ഷം ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ ഉത്പദിപ്പിക്കാനുള്ള ബ്രീഡര്‍ ഫാമിന്റെയും ഹാച്ചെറിയുടെയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണ് എന്നും 28 കോടി രൂപയുടെ പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിയിറച്ചിയുടെ വില നിയന്ത്രിക്കാനായി സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് കേരള ചിക്കന്‍.












Click it and Unblock the Notifications