അത് ഇഡിയുടെ വാഹനമല്ല; 'രണ്ട് ഭാഗത്തും ഗ്ലാസ് പൊട്ടി, പരിക്കുണ്ട്', ഡ്രൈവര്‍ ശ്യാം പറയുന്നത്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ (ED Raid) ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തു. മൂന്ന് വാഹനങ്ങളിലായിട്ടാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് തകര്‍ത്തത്. ഇരുവശത്തും ചില്ലുകള്‍ പൊട്ടി. ഡ്രൈവര്‍ക്ക് പരിക്കുണ്ട്. ഇഡി ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കാണുള്ളത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം ഓഫീസിലെത്തി അറസ്റ്റിന് ശ്രമിച്ചെങ്കിലും നേതാക്കള്‍ സമ്മതിച്ചില്ല. ഔദ്യോഗിക കൃത്യനിര്‍ഹഹണം തടസപ്പെടുത്തിയതിനാണ് കേസ്.
ശക്തമായ പ്രതിഷേധം നടക്കുന്ന ഘട്ടത്തിലും ഇഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്കിടയിലൂടെ പോകാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് എത്തിച്ചത്. പോലീസ് സുരക്ഷ ഒരുക്കുമെന്നാണ് കരുതിയത് എന്ന് വാഹനത്തിന്റെ ഡ്രൈവറായിരുന്ന ശ്യാം പറയുന്നു. അത് തന്റെ സ്വന്തം വണ്ടിയാണ് എന്നും ചില്ല് മൊത്തം പൊട്ടിയെന്നും ശ്യാം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെ മുതലാണ് പിണറായി വിജയനുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് തുടങ്ങിയത്. തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. മണിക്കൂറുകള്‍ നീണ്ടതോടെ പ്രവര്‍ത്തകര്‍ വീടിന് പുറത്ത് തമ്പടിച്ചു. ഇത് പ്രതിഷേധമായി രൂപപ്പെട്ടു. പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയെങ്കിലും ഫലമുണ്ടായില്ല. റെയ്ഡ് കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം മടങ്ങവെയാണ ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടത്.
''ഇഡിയുടെയും സിആര്‍പിഎഫിന്റെയും ഉദ്യോഗസ്ഥരാണ് തന്റെ വാഹനത്തിലുണ്ടായിരുന്നത്. മുമ്പും ഇഡിക്ക് വേണ്ടി ഓടിയിട്ടുണ്ട്. ഇന്നും റെയ്ഡ് നടക്കാന്‍ പോകുന്നു എന്ന് അറിയാമായിരുന്നു. പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്താനാണ് പോകുന്നത് എന്ന് അറിഞ്ഞില്ല. പ്രതിഷേധക്കാര്‍ വാഹനം വളഞ്ഞു. ചില്ല് പൊട്ടിയതോടെ കൈയ്യില്‍ പരിക്കേറ്റു. കണ്ണില്‍ ചില്ല് വീണു''- ഡ്രൈവര്‍ ശ്യാം പറയുന്നു.
''ചില്ലില്‍ ഇഷ്ടിക കൊണ്ട് ഇടിച്ചതോടെയാണ് തകര്‍ന്നത്. ഇതോടെ ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയായി. പോലീസ് സുരക്ഷ ഒരുക്കുമെന്ന് കരുതി. ഇതിനിടയിലൂടെ ഓടിച്ചുപോയി. വാഹനം തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തി ചികില്‍സ തേടി. കണ്ണിന് എക്‌സ്‌റേ എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും'' ശ്യാം പറഞ്ഞു.
''ഇഡി ഉദ്യോഗസ്ഥര്‍ക്ക് നിസാരമായ പരിക്കാണുള്ളത്. പോലീസ് സുരക്ഷ ഉണ്ടാകുമെന്നാണ് കിട്ടിയ നിര്‍ദേശം. വാഹനം കൊണ്ടിടാന്‍ ആവശ്യപ്പെട്ടു. അതുപ്രകാരമാണ് എത്തിയത്. പുറത്തിറങ്ങവെയാണ് ആക്രമണമുണ്ടായത്. ചില്ല് പൊട്ടിയതോടെ ഒന്നും കാണാന്‍ സാധിച്ചില്ല. അതിനിടയിലൂടെ ഓടിച്ചുപോയി. ഇഡി ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് പോയിട്ടുണ്ടാകും''- ശ്യാം പറഞ്ഞു.













Click it and Unblock the Notifications