'ഒരേ രീതിയിലുള്ള പ്രസ്താവന ഇറക്കാൻ പറ്റില്ല; സംഘപരിവാർ വിരുദ്ധത പ്രതിപക്ഷത്തെ പഠിപ്പിക്കേണ്ട'; വിഡി സതീശൻ
തിരുവനന്തപുരം: സർവകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ടുള്ള ഗവർണറുടെ നടപടിയിൽ യുഡിഎഫിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുന്നതിനിടെ ഇക്കാര്യത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാവർക്കും ഒരേ രീതിയിലുള്ള പ്രസ്താവന ഇറക്കാൻ പറ്റില്ലെന്നും എന്നാൽ അതിന്റെയെല്ലാം ഉള്ളടക്കം ഒന്നാണെന്നും സതീശൻ പറഞ്ഞു. ഗവർണറുടെ നടപടികളെ വിഷയാധിഷ്ഠിതമായി മാത്രമാണ് അനുകൂലിച്ചത്. മുഖ്യമന്ത്രിയുടെ സംഘപരിവാര്‍ വിരുദ്ധത കേരളത്തിലെ പ്രതിപക്ഷത്തിനെ പഠിപ്പിക്കാന്‍ വരേണ്ടെന്നും വിഡി സതീശൻ പറഞ്ഞു. വിഡി സതീശന്റെ വാക്കുകളിലേക്ക്

സംഘപരിവാര്‍ അജണ്ടയെ കേരളത്തില്‍ എക്കാലവും ഏറ്റവും ശക്തിയായി എതിര്‍ക്കുന്നത് പ്രതിപക്ഷമാണ്. സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ ആരോപിക്കുന്ന ഗവര്‍ണറുമായി ഒന്നിച്ച് ചേര്‍ന്നാണ് സര്‍വകലാശാലകളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഗവര്‍ണറുടെ നടപടികളെ വിഷയാധിഷ്ടിതമായി മാത്രമാണ് പ്രതിപക്ഷം എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്തിട്ടുള്ളത്. മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍, ഭരണകക്ഷിയേക്കാള്‍ ശക്തിയായി, അങ്ങനെയൊരു അധികാരം ഗവര്‍ണര്‍ക്ക് ഇല്ലെന്ന് പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷമാണ്.
സി.ഐ.എയുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ അജണ്ട ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചപ്പോള്‍, ആ ഗവര്‍ണറെ നിയമസഭയില്‍ തടഞ്ഞത് കേരളത്തിലെ യു ഡി എഫാണ്. സുപ്രീം കോടതി വിധി സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും അതിലെ വാക്കുകള്‍ വ്യക്തമാണ്; ഏതൊക്കെ സര്‍വകലാശാലകളിലാണോ യു ജി സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വി സിമാരെ നിയമിച്ചിട്ടുള്ളത്, ആ നിയമങ്ങളെല്ലാം നിയമിച്ചപ്പോള്‍ തന്നെ നിയമവിരുദ്ധമായെന്നാണ് (Void Ab Initio)വിധിയില്‍ പറഞ്ഞിരിക്കുന്നത്.
കേരളത്തിലെ 9 സര്‍വകലാശാലകളിലെയും വി.സിമാരുടെ നിയമനം സുപ്രീം കോടതി വിധി അനുസരിച്ച് Void Ab Initio ആണ്. ഈ സാഹചര്യത്തില്‍ നിയമവിരുദ്ധമായി നിയമിക്കപ്പെട്ട വി.സിമാര്‍ എങ്ങനെയാണ് തുടരുന്നത്? ഇതു തന്നെയാണ് കണ്ണൂര്‍, സംസ്‌കൃത സര്‍വകലാശാല വി.സിമാരുടെ കാര്യത്തില്‍ പ്രതിപക്ഷം പറഞ്ഞത്.
കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനം ഗൂഡാലോചനയുടെ ഭാഗമായി ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് നടത്തിയതാണ്. അപ്പോള്‍ എവിടെപ്പോയി മുഖ്യമന്ത്രിയുടെ ഈ സംഘപരിവാര്‍ വിരുദ്ധത? മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ക്കണ്ട്, ഇത് എന്റെ ജില്ലയാണ്, എന്റെ സ്വന്തം സ്ഥലമാണ്, എന്റെ വൈസ് ചാന്‍സലറെ വയ്ക്കണം എന്ന് പറഞ്ഞപ്പോള്‍ എവിടെ പോയി പിണറായി വിജയന്റെ സംഘപരിവാര്‍ വിരുദ്ധത? മുഖ്യമന്ത്രിയുടെ സംഘപരിവാര്‍ വിരുദ്ധത കേരളത്തിലെ പ്രതിപക്ഷത്തിനെ പഠിപ്പിക്കാന്‍ വരേണ്ട, സതീശൻ പറഞ്ഞു.












Click it and Unblock the Notifications