'കേരള പൊലീസ് ഫ്‌ളൈറ്റ് പിടിച്ചു വന്നത് അസ്വഭാവികമെന്ന് സനല്‍കുമാര്‍ ശശിധരന്‍; ഇന്ന് കൊച്ചിയിലെത്തിക്കും
കൊച്ചി: മുന്‍നിര നടിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ചെയ്തതിന് കസ്റ്റഡിയിലായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ ഉടന്‍ കൊച്ചിയിലെത്തിക്കും. എളമക്കര പൊലീസാണ് സംവിധായകനെ മുംബൈയിലെത്തി കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. പൊലീസ് കേസെടുക്കുമ്പോള്‍ സനല്‍കുമാര്‍ അമേരിക്കയിലായിരുന്നു. കൊച്ചിയിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
അതേസമയം, തനിക്കെതിരെയുള്ള കേസില്‍ കേരള പൊലീസ് തന്നെ പിടിച്ചുകൊണ്ടു പോകാന്‍ ഫ്‌ളൈറ്റ് പിടിച്ചു വരുന്നത് അസ്വഭാവികമാണെന്നും ആരാണ് ആ ഫ്‌ളൈറ്റ് ടിക്കറ്റിന് പണം മുടക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ സനല്‍കുമാര്‍ ശശിധരന്‍ ചോദിച്ചു.

പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങി ജാമ്യമില്ലാ വകുപ്പുകളിലാണ് എളമക്കര പൊലീസ് സനല്‍കുമാര്‍ ശശിധരനെതിരെ ജനുവരിയില്‍ കേസെടുത്തത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നടി ഇ-മെയിലില്‍ അയച്ച പരാതി എളമക്കര പൊലീസിന് കൈമാറുകയായിരുന്നു.
കേസ് എടുത്തതിന് പിന്നാലെ അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തുമ്പോള്‍ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇതിന്റെ തുടര്‍ നടപടിയായാണ് വിമാനത്താവളത്തില്‍ തടഞ്ഞത്. ഇന്നലെ പുലര്‍ച്ചെ മുംബൈയിലെത്തിയ സംവിധായകനെ തൊട്ടടുത്തുള്ള സഹാര്‍ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. തന്നെ പൊലീസ് തടഞ്ഞുവച്ച കാര്യം ഞായറാഴ്ച ഫേസ്ബുക്കില്‍ സനല്‍കുമാര്‍ ശശിധരന്‍ കുറിച്ചിരുന്നു.
നടിയെ പരാമര്‍ശിച്ചും ടാഗ് ചെയ്തും ഇദ്ദേഹം ഒട്ടേറെ പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ സംവിധായകന്‍ പങ്കുവച്ചത്. നടിയുടേതെന്ന പേരില്‍ ചില ഫോണ്‍ സംഭാഷണങ്ങളും പുറത്തുവിട്ടു. നടിയെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്തും വിധമുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചിരുന്നു. സമാന സംഭവത്തില്‍ നടിയുടെ പരാതിയില്‍ 2022ലും ഇയാളെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ചു.
അതേസമയം, ഏതു കേസിലാണു നടപടിയെന്നു വ്യക്തതയില്ലെന്നും ഭക്ഷണമോ, സൗകര്യങ്ങളോ നല്‍കാതെയാണു മുംബൈയില്‍ മണിക്കൂറുകള്‍ തടഞ്ഞുവച്ചതെന്നും സനല്‍കുമാര്‍ ആരോപിച്ചു. സനല്‍കുമാര്‍ ഇന്നലെ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
'അധികം നിയമ പരിജ്ഞാനം ഒന്നും ആവശ്യമില്ല എനിക്കെതിരെയുള്ള കേസിൽ കേരള പോലീസ് എന്നെ പിടിച്ചുകൊണ്ടുപോകാൻ ഫ്ലൈറ്റ് പിടിച്ചു വരുന്നത് അസ്വഭാവികമാണ് എന്ന് മനസ്സിലാക്കാൻ. ആരാണ് ആ ഫ്ലൈറ്റ് ടിക്കറ്റിന് പണം മുടക്കുന്നത്? കേരളത്തിന്റെ ഖജനാവിൽ നിന്നാണോ? മഞ്ജു വാര്യരെ കുറിച്ച്ചെഴുതിയാൽ മഞ്ജു വാര്യർക്കില്ലാത്ത വിഷമം കേരള പോലീസിന് എന്താണ്. ഞാൻ ഈ വിഷയത്തിൽ മുൻപ് എഴുതിയ എല്ലാ പോസ്റ്റുകളും നിങ്ങൾ വായിച്ചുനോക്കണം. ഞങ്ങൾ പരസ്പരം കാണാതിരിക്കാൻ എത്രവലിയ നീക്കങ്ങൾ നടന്നു എന്ന് നിങ്ങൾക്ക് മനസ്സിലാവും. ഏറ്റവും ഒടുവിൽ മോഹൻലാൽ ഇടപെട്ടാണ് ഞങ്ങളുടെ കൂടിക്കാഴ്ച നീട്ടിവച്ചത്'.
സമൂഹ മാധ്യമത്തില്‍ സനല്‍കുമാറിന്റെ പോസ്റ്റിന് അടിയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. നടിയെ പിന്തുണച്ചാണ് കൂടുതല്‍ പേരും അഭിപ്രായം പങ്കുവയ്ക്കുന്നത്. അതേസമയം, താന്‍ ആദ്യം മുതല്‍ ഉന്നയിക്കുന്നത് നടിയുടെ സുരക്ഷയിലുള്ള ആശങ്കയാണെന്നും പിന്നീട് നടി തന്നെ ബന്ധപ്പെടുകയും തന്റെയും മകളുടെയും ജീവന്‍ ഭീഷണിയിലാണെന്ന് പറയുകയും ചെയ്തിട്ടുണ്ടെന്നുമാണ് സനല്‍കുമാറിന്റെ വിചിത്ര വാദങ്ങള്‍.












Click it and Unblock the Notifications