'മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാതിരുന്നത് തെറ്റ് തന്നെ, ഇവരുടെ വീട്ടിലെ പരിപാടി ഒന്നുമല്ല'; വിഡി സതീശൻ
ദേശീയപാത ഉദ്ഘാടനത്തിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാതിരുന്ന നടപടി തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് ദേശീയ പാത നിർമ്മിച്ചത്. ബന്ധപ്പെട്ട നേതാക്കളെ ഉൾപ്പെടുത്താനുള്ള ഉത്തരവാദിക്കം കേന്ദ്രസർക്കാർ കാണിക്കണമായിരുന്നു. ഇപ്പോൾ നടന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകം മാത്രമാണെന്നും സതീശൻ കുറ്റപ്പെടുത്തി.
'ദേശീയപാതയുടെ ഉദ്ഘാടനത്തിന്റെ സമയം ആയിട്ടില്ല. പല സ്ഥലത്തും പണി തീർന്നിട്ടില്ല. നിരവധി സ്ഥലങ്ങളിലെ കെട്ടിട നിർമ്മിതികൾ തകർന്നുവീണു. പല സ്ഥലങ്ങളിലെയും നിർമ്മിതികളെ കുറിച്ച് ആളുകൾക്ക് ആക്ഷേപം ഉണ്ട്. ഒരുപാട് അപകടങ്ങൾ ഉണ്ടായി . ഹൈവേ എന്ന് പറയുന്നത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഹൈവേ അല്ലേ. എത്ര ശതമാനം ജോലി തീർന്നു? ജോലി തീരാതെ ഉദ്ഘാടനം വെക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് മാത്രമാണ്.

പാലം പണി തുടങ്ങി കഴിഞ്ഞാൽ പാലത്തിന്റെ നാല് പില്ലർ ഇട്ടു കഴിഞ്ഞാൽ ആരെങ്കിലും പോയി ഉദ്ഘാടനം ചെയ്യുമോ ? ആളുകളുടെ മുന്നിൽ ദയവുചെയ്ത് ഈ തെരഞ്ഞെടുക്കപ്പെട്ട ആളുകൾ പരിഹാസ കഥാപാത്രങ്ങൾ ആകരുത്. മുഖ്യമന്ത്രി മൂന്ന് ഉദ്ഘാടനമാണ് നടത്തിയത്. തുരങ്കപാത, ഒന്ന് സർവേ ഉദ്ഘാടനം ,ഒന്ന് നിർമ്മാണ ഉദ്ഘാടനം അത് കുഴപ്പമില്ല, രണ്ടാമത് ബ്ലാസ്റ്റിംഗ് ഉദ്ഘാടനം ലോകചരിത്രത്തിൽ ആദ്യമായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരി പാറ പൊളിറ്റിക്കൽ ഉദ്ഘാടനം ചെയ്യുന്നത്.
ഇപ്പോൾ തീരാത്ത ഒരു പാതയുടെ ഉദ്ഘാടനത്തെ ചൊല്ലിയുള്ള തർക്കമാണ് നടക്കുന്നത്. ഒരു കാര്യവുമില്ല തർക്കത്തിൽ. പിന്നെ ഒരു പരിപാടി ഔദ്യോഗികമായിട്ട് വന്ന് ഉദ്ഘാടനം ചെയ്യുന്ന സമയത്ത് സംസ്ഥാനത്തെ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും പ്രധാനപ്പെട്ട ആളുകളെയും ഒക്കെ വിളിക്കേണ്ടതാണ്. അത് വിളിക്കാതിരിക്കുന്നത് ഇവരുടെ വീട്ടിലെ പരിപാടി ഒന്നുമല്ല .അത് ഔദ്യോഗിക പരിപാടിയാണ്. നാട്ടുകാരുടെ കാശ് ഉപയോഗിച്ച് ചിലവ് ചെയ്യുന്നതാണ്. സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രിയെ വിളിക്കാതിരുന്നത് തെറ്റ് തന്നെയാണ്. മെട്രോ റെയിൽ ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഏകദേശം പൂർത്തിയായതാണ് . കുറെ കൂടി ബാക്കിയുണ്ടായിരുന്നു ജോലികൾ. അദ്ദേഹം ഉദ്ഘാടനം ചെയ്തില്ലല്ലോ. പിണറായി വിജയൻ ഉമ്മൻചാണ്ടിയെ പോലും വിളിക്കാതെ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സമാന്തര ഉദ്ഘാടനം ബിജെപിയും സിപിഎമും തമ്മിൽ വലിയ തർക്കം ഉണ്ടെന്ന് കാണിക്കാൻ വേണ്ടിട്ട് ചെയ്യുന്ന നാടകങ്ങളാണ്. ആ നാടകങ്ങൾക്ക് അപ്പുറം ഒന്നുമില്ല. പണി പൂർത്തിയാക്കിയിട്ടാണ് ഉദ്ഘാടനം ചെയ്യേണ്ടത്. വളരെ കുറച്ചു സ്ഥലത്ത് മാത്രമേ പണി പൂർത്തിയായിട്ടുള്ളൂ. ഭൂരിഭാഗം സ്ഥലങ്ങളിൽ പണി പൂർത്തിയാക്കിയിട്ടില്ല. ഇതൊക്കെ ആളുകളെ കളിയാക്കുകയാണ് ', വിഡി സതീശൻ പറഞ്ഞു.












Click it and Unblock the Notifications