കൊവിഡ് പ്രതിരോധത്തിനിടെ മുഖ്യമന്ത്രി യുഎഇയിലേക്ക് പോയത് ശരിയായില്ല; വിമര്‍ശിച്ച് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യു എ ഇ സന്ദര്‍ശനത്തിനെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു എ ഇ പര്യടനം ചുരുക്കി മുഖ്യമന്ത്രി തിരിച്ചെത്തി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ആയിരക്കണക്കിന് രോഗികള്‍ കൊവിഡ് ബാധിതരായി കഷ്ടപ്പെടുമ്പോഴാണ് മുഖ്യമന്ത്രി മുന്‍കൂട്ടി തയാറാക്കാതെ ഇത്രയും ദിവസം യു എ ഇയില്‍ ചെലവഴിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. കൊവിഡ് ബാധിക്കുന്നവര്‍ വീട്ടില്‍ തന്നെ കഴിയുകയാണ്. അതിനാല്‍ വീട്ടിലുള്ള എല്ലാവര്‍ക്കും കൊവിഡ് ബാധിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രികളിലേക്ക് ആരും പോകുന്നില്ലെന്നും അങ്ങോട്ട് ചെല്ലേണ്ട എന്നാണ് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കൊവിഡ് പ്രതിരോധത്തിന് ആവശ്യത്തിന് മരുന്നില്ല. സി എഫ് എല്‍ ടി സികള്‍ സ്ഥാപിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം ലോകായുക്ത ഓര്‍ഡിനന്‍സിനെതിരേയും അദ്ദേഹം രംഗത്തെത്തി. മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനുള്ള നടപടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ഇത്ര രഹസ്യമായി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്നും ചെന്നിത്തല ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തിയത്. ഒരാഴ്ച യു എ ഇയിലെ വിവിധ എമിറേറ്റുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്‍ ഉദ്ഘാടനവും മുഖ്യമന്ത്രിയാണ് നിര്‍വ്വഹിക്കുന്നത്. ഫെബ്രുവരി നാലിനാണ് ഉദ്ഘാടനം. മുഖ്യമന്ത്രിയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ കമലയും യു എ ഇ യാത്രയില്‍ അദ്ദേഹത്തിനൊപ്പമുണ്ട്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി യു എ ഇ സന്ദര്‍ശിക്കുന്നത്. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ മുഖ്യമന്ത്രി വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തും. സന്ദര്‍ശനത്തിനിടെ അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 7നാണ് മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങുക. ജനവരി 15 നായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയത്. പകരം ചുമതല ആര്‍ക്കും ഏല്‍പ്പിക്കാതെയാണ് മുഖ്യമന്ത്രി പോയത്. അതിനിടെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്തിരുന്നു.












Click it and Unblock the Notifications