കെ റെയിൽ യോഗം അലങ്കോലപ്പെടുത്തിയത് വേഷം മാറിയെത്തിയ ഗുണ്ടകൾ; വിമർശിച്ച് ജയരാജൻ
കണ്ണൂർ; ജനസമക്ഷം സിൽവർലൈൻ എന്ന സർക്കാർ പരിപാടി അലങ്കോലപ്പെടുത്താൻ പരിശ്രമിച്ചത് വേഷം മാറിവന്ന ഗുണ്ടകളാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കെ-റെയിൽ പദ്ധതിയെക്കുറിച്ച് തെരഞ്ഞെടുക്കപ്പെട്ട സദസ്സിന്റെ മുമ്പാകെ വിശദീകരിക്കുവാൻ എല്ലാ ജില്ലകളിലും മന്ത്രിമാർ പങ്കെടുത്തുകൊണ്ട് നടത്തുന്ന പരിപാടിയുടെ ഭാഗമായിരുന്നു ഇന്ന് ദിനേശ് ഓഡിറ്റോറിയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത പരിപാടി. വേഷം മാറി എത്തിയ ഗുണ്ടകൾ ക്ഷണക്കത്ത് ലഭിച്ചവരാണെന്ന വ്യാജേന രജിസ്‌ട്രേഷൻ കൗണ്ടറിൽ വരികയും തുടർന്ന് മുദ്രാവാക്യം വിളിച്ച് ദിനേശ് ഓഡിറ്റോറിയത്തിലെ പരിപാടി അലങ്കോലപ്പെടുത്താൻ ഇരച്ചുകയറുകയുമാണ് ചെയ്തതെന്നും ജയരാജൻ പറഞ്ഞു.

കെ-റെയിൽ പദ്ധതി സംബന്ധിച്ച പ്രസന്റേഷൻ സാമഗ്രികളും ക്യാമറയും സാനിറ്റൈസർ സ്റ്റാന്റുകളും അവർ തകർത്തു. പൊതുമുതൽ നശിപ്പിച്ചവർ സമരക്കാരല്ല, ഒരു കാറിലെത്തിയ ഗുണ്ടകളാണ്. തിരിച്ചറിയാതിരിക്കാൻ ചിലർ ഖദർ വസ്ത്രം പോലും ഉപേക്ഷിച്ചു. മറ്റൊരാൾ മാധ്യമ പ്രവർത്തകനാണെന്ന വ്യാജേനയാണ് ഹാളിന് അകത്ത് കടന്നത്. ജനാധിപത്യപരമായ രീതിയിൽ നടത്തുന്ന സമരത്തെ ആരും എതിർക്കില്ല. പല സംഘടനകളും പല വിഷയങ്ങളിലും ഇതിന് മുമ്പും നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. അഞ്ചുപേർ മാത്രം ദിനേശ് ഓഡിറ്റോറിയത്തിലെത്തിയത് സമരം നടത്താനല്ല, അക്രമം നടത്താനാണ്.
Recommended Video
അക്രമകാരികളെ നിയന്ത്രിക്കാൻ കോൺഗ്രസ്സിന് കഴിയില്ല. കാരണം, കെ പി സി സി പ്രസിഡന്റിന്റെ ആഹ്വാനമാണ് അവർ നടപ്പാക്കുന്നത്. പരിപാടിയിൽ പങ്കെടുത്തവർ ആത്മസംയമനം പാലിക്കുകയും പോലീസ് ഉടൻ തന്നെ ഗുണ്ടകളെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തതുകൊണ്ടാണ് കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരുന്നത്. നാടിന്റെ സമാധാനം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കണമെന്നും ജയരാജൻ പറഞ്ഞു.












Click it and Unblock the Notifications