'മുന്തിരിക്കുല കിട്ടാത്ത കുറക്കൻ്റെ അവസ്ഥയാകും';കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് കെവി തോമസ്
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് കെവി തോമസ്. മുന്തിരിക്കുല കിട്ടാത്ത കുറക്കൻമാരുടെ അവസ്ഥയാകും കോണ്‍ഗ്രസിനെന്നും ഇനിയും ഉറപ്പില്ലാത്ത മുഖ്യമന്ത്രിക്കസേരയ്ക്കായി ഇപ്പോൾ നടക്കുന്ന ഈ പോരാട്ടം ഫലം വന്നുകഴിഞ്ഞാൽ പരാജയത്തിന്റെ ഉത്തരവാദിത്തം പരസ്പരം ചുമത്തുന്ന ഒരു ആഭ്യന്തര സംഘർഷമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ലഭിക്കുമോയെന്നു പോലും ഉറപ്പില്ലാത്ത ഒരു സ്ഥാനത്തിനായി നടക്കുന്ന ഈ മത്സരങ്ങൾ ജനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾ ഇത്തരം രാഷ്ട്രീയ കളികളെ മനസ്സിലാക്കി തന്നെയാണ് വിധിയെഴുതിയത്. നല്ല ഭരണവും വികസനവും തുടരണം എന്ന ജനാധിപത്യ ബോധ്യത്തോടെ ഇടതുപക്ഷത്തിന് തുടർച്ച നൽകണമെന്ന തീരുമാനമാണ് അവർ എടുത്തിരിക്കുന്നതെന്നും മെയ് 4 ന് അത് വ്യക്തമാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം

'മുഖ്യമന്ത്രിക്കസേരയെ ചുറ്റിപ്പറ്റി കോൺഗ്രസിൽ നടക്കുന്ന അകത്തള പോരാട്ടത്തിന്റെ സ്വഭാവം മെയ് 4-ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ വ്യക്തമായി മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനിയും ഉറപ്പില്ലാത്ത മുഖ്യമന്ത്രിക്കസേരയ്ക്കായി ഇപ്പോൾ നടക്കുന്ന ഈ പോരാട്ടം, ഫലം വന്നുകഴിഞ്ഞാൽ പരാജയത്തിന്റെ ഉത്തരവാദിത്തം പരസ്പരം ചുമത്തുന്ന ഒരു ആഭ്യന്തര സംഘർഷമായി മാറും. ഇതിനകം തന്നെ കോൺഗ്രസിൽ മൂന്ന് ഗ്രൂപ്പുകൾ രൂപം കൊണ്ടിട്ടുണ്ട്. ജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ സ്വന്തമാക്കാനും ഭാവിയിൽ കൂടുതൽ എംഎൽഎമാരുടെ പിന്തുണ സ്വന്തമാക്കിയതായി കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്താനും നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
പഴയ കഥകളിലെ മുന്തിരിക്കുല കൈവരിക്കാനാകാതെ മടങ്ങിയ കുറുക്കന്മാരുടെ അവസ്ഥപോലെയാണ് ഇന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ സമീപനം. ലഭിക്കുമോയെന്നു പോലും ഉറപ്പില്ലാത്ത ഒരു സ്ഥാനത്തിനായി നടക്കുന്ന ഈ മത്സരങ്ങൾ ജനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾ ഇത്തരം രാഷ്ട്രീയ കളികളെ മനസ്സിലാക്കി തന്നെയാണ് വിധിയെഴുതിയത്. നല്ല ഭരണവും വികസനവും തുടരണം എന്ന ജനാധിപത്യ ബോധ്യത്തോടെ ഇടതുപക്ഷത്തിന് തുടർച്ച നൽകണമെന്ന തീരുമാനമാണ് അവർ എടുത്തിരിക്കുന്നത്. പിണറായി സർക്കാർ കേരള വികസനത്തിന്റെ ചരിത്ര ദൗത്യവുമായി ഭരണത്തിന്റെ മൂന്നാംഘട്ടത്തിലേക്ക് കടക്കും എന്നത് എന്റെ ഉറച്ച വിശ്വാസമാണ്. ഈ ജനവിധി മെയ് 4-ന് വ്യക്തമായി പുറത്തുവരും'.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കണമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. 'ഒരു കോൺഗ്രസ് നേതാവും തന്നെ മുഖ്യമന്ത്രി ആക്കണം എന്ന ആവശ്യവുമായി മാധ്യമങ്ങളുടെ മുന്നിലോ സോഷ്യൽ മീഡിയയിയിലോ വന്നിട്ടില്ല. ഈ സാഹചര്യം നിലനിൽക്കേ UDF ന്റെ പ്രവർത്തകരെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന അജണ്ടകളെ നമ്മൾ എതിർക്കേണ്ടതുണ്ട്. ഒരു അജണ്ടക്കും തകർക്കാൻ പറ്റുന്നതല്ല UDF ന്റെ കെട്ടുറപ്പ്. തിരഞ്ഞെടുപ്പിന്റെ ഓരോ മേഖലയിലും അത് നമ്മൾ തെളിയിച്ചതുമാണ്. കേരളം ജയിക്കും, UDF നയിക്കും', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications