'ഗവർണറുമായുള്ളത് കുടുംബ പ്രശ്‌നമല്ല,നിങ്ങൾ കുനിയൻ തയ്യാറായാലും എസ്എഫ്ഐ പോരാടും'
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പിഎസ്. 'ഗവർണറുമായി പോരിനില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സഞ്ജീവിൻ്റെ പ്രതികരണം. ഗവർണറുമായി ഉള്ളത് വഴി തർക്കമോ, കുടുംബപ്രശ്നമോ, സ്വത്ത് തർക്കമോ അല്ലെന്നും ആർഎസ്എസ് അജണ്ട ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാൻ ശ്രമിച്ചതിനെതിരെയാണ് സർക്കാറും ഗവർണറും തമ്മിൽ തർക്കം ഉണ്ടായത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ സർവ്വകലാശാലകൾ സംഘപരിവാർവൽക്കരണത്തിന് നിർബാധം തുറന്നു കൊടുക്കും എന്നാണോ ഈ പോരിനില്ലെന്ന് പറയും വഴി മന്ത്രി ഉദ്ദേശിക്കുന്നതെന്നും സഞ്ജീവ് ചോദിച്ചു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം
'ഗവർണറുമായി പോരിനില്ലെന്ന് ബഹു :ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ!! ഗവർണറുമായി ഉള്ളത് വഴി തർക്കമോ, കുടുംബപ്രശ്നമോ, സ്വത്ത് തർക്കമോ അല്ല. ആർഎസ്എസ് അജണ്ട ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാൻ ശ്രമിച്ചതിനെതിരെയാണ് സർക്കാറും ഗവർണറും തമ്മിൽ തർക്കം ഉണ്ടായത്. ആ നിലപാടിൽ നിന്ന് കേരളത്തിലെ ഇപ്പോൾ ഉള്ള ഗവർണർ പിന്നോട്ടു പോയിട്ടില്ലെന്ന് ബഹുമന്ത്രിയെ ഓർമ്മിപ്പിക്കട്ടെ.

കേരളത്തിലെ സർവ്വകലാശാലകൾ സംഘപരിവാർവൽക്കരണത്തിന് നിർബാധം തുറന്നു കൊടുക്കും എന്നാണോ ഈ പോരിനില്ലെന്ന് പറയും വഴി മന്ത്രി ഉദ്ദേശിക്കുന്നത്.? ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കും വിധത്തിൽ പ്രവർത്തിച്ച ഗവർണറോട്,അവർ മുഖാന്തരം വിസി മാരായ RSS അനുഭാവികൾ ഇവരോടൊക്കെ എന്താണ് നിലപാട്?
നിങ്ങൾ സംഘപരിവാറിനെതിരെ പോരിനിറങ്ങില്ലെന്ന് സത്യപ്രതിജ്ഞയിലെ വന്ദേമാതരത്തെ സംബന്ധിച്ച നിലപാടിൽ തന്നെ വ്യക്തമാണ്.അത് കേരളം തിരിച്ചറിയുന്നുണ്ട്.
നിങ്ങൾ ഗവർണർക്ക് മുമ്പിൽ കുനിയാൻ തയ്യാറായാലും ആർഎസ്എസ് വൽക്കരണത്തിനെതിരെ തെരുവിൽ നിന്നു പോരാടാൻ എസ്എഫ്ഐ ഉണ്ടാകും.കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന്റെ വിളനിലമായ സർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കാൻ ഞങ്ങൾക്ക് മനസ്സില്ല, ഞങ്ങൾ അനുവദിക്കുകയുമില്ല', സഞ്ജീവ് പോസ്റ്റിൽ പറഞ്ഞു.
ഇടതുപക്ഷ സർക്കാർ അവസാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി തല വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണമെന്ന് മറ്റൊരു പോസ്റ്റിൽ സഞ്ജീവ് ആവശ്യപ്പെട്ടു.
'വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം സൃഷ്ട്ടിച്ച ഇടതുപക്ഷ സർക്കാർ അവസാന സംസ്ഥാന ബഡ്ജറ്റിൽ കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം സൗജന്യമാക്കി പ്രഖ്യാപിച്ചത് വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതീക്ഷയും മുന്നേറ്റവുമാണ് സൃഷ്ടിച്ചത്. സാമ്പത്തിക പ്രയാസം മൂലം ഉന്നത വിദ്യാഭ്യാസ സാധ്യമാകാതെ പഠനം ഉപേക്ഷിക്കുന്ന നിരവധിയായ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസവും പുതിയ പ്രതീക്ഷയും നൽകുന്നതായിരുന്നു പ്രഖ്യാപനം. സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്നതോടെ സാധാരണക്കാരായ ലക്ഷക്കണക്കിന് വരുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ പഠനം സാധ്യമാക്കുവാൻ സാധിക്കും.
എന്നാൽ ഈ പദ്ധതി അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക വിദ്യാർത്ഥികൾക്കിടയിൽ നിലനിൽക്കുകയാണ്. സൗജന്യ ഡിഗ്രി തല വിദ്യാഭ്യാസം എന്ന പ്രതീക്ഷനിർഭരമായ പദ്ധതി അട്ടിമറിക്കപ്പെട്ടാൽ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികൾക്കാണ് തിരിച്ചടിയാകുന്നത്. കേരളത്തിലെ സാധാരണക്കാരായ വിദ്യാർത്ഥികൾക്കായുള്ള ഈ പദ്ധതി ഉടനടി തന്നെ നടപ്പിലാക്കിക്കൊണ്ട് 2026-27 അധ്യയന വർഷം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭ്യമാക്കണമെന്നും അല്ലാത്ത പക്ഷം വിദ്യാർത്ഥികളെ അണിനിരത്തി കേരളത്തിന്റെ കലാലയങ്ങളും തെരുവുകളും സമരമുഖരിതമാക്കുമെന്നും സഞ്ജീവ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications