'ഏത് വിസി ആണെങ്കിലും വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുക, ഇല്ലേൽ കളഞ്ഞിട്ട് പോകുക', തുറന്നടിച്ച് സൂരജ് സന്തോഷ്
കാലടി സർവ്വകലാശാല വിവാദത്തിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഗായകൻ സൂരജ് സന്തോഷ്. സമരം ചെയ്തതിന് സസ്പെൻഡ് ചെയ്യുകയും പരീക്ഷ എഴുതാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിന് എതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിരാഹാര സമരത്തിലാണ്.
സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുളള അനുമതി ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയെങ്കിലും വൈസ് ചാൻസലർ സിസ തോമസ് അപ്പീൽ നൽകിയതോടെ ഡിവിഷൻ ബെഞ്ച് വിധി റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
''കാലടിയിലെ വിസി അല്ല, ഇനി ലോകത്തെവിടെ ഉള്ള വിസി ആണേലും വിദ്യാർത്ഥികൾക്ക് വേണ്ടി നിലകൊള്ളുക, ഇല്ലേൽ കളഞ്ഞിട്ട് പോകുക'', സൂരജ് സന്തോഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു. '' അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന വിദ്യാർഥികൾക്കൊപ്പം. അധ്യാപകരുടെ പ്രതികാര മനോഭാവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല കേരളത്തിൽ. കേരളത്തിലെ വിദ്യാലയങ്ങളിലും കോളേജുകളിലും സർവകലാശാലകളിലും പഠിച്ചിട്ടുള്ള ബഹുഭൂരിപക്ഷം വിദ്യാർഥികളും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പറയുമ്പോൾ അതിൽ ഒരു അതിശയോക്തിയും കേരള സമൂഹത്തിന് തോന്നേണ്ടതില്ല. (NB: എന്റെ അനുഭവവും മറിച്ചല്ല.)

ഒരു വിദ്യാർഥിയുടെ പഠിപ്പ് മുടക്കുന്നതിലൂടെയും അവരെ മാനസികമായി തളർത്തുന്നതിലൂടെയും അധികാരത്തിന്റെ സുഖം അനുഭവിക്കുന്ന അധ്യാപക വർഗത്തിന് ഇവിടെ എക്കാലത്തും ഒരു പ്രത്യേക സ്ഥാനം കൽപ്പിച്ചു നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യപ്പെടാത്ത അധികാരവും കൃത്യമായ പവർ ഹൈറാർക്കിയും നിലനിർത്തിക്കൊണ്ടു പോകുക എന്നതാണ് പതിവ്.
പ്രിയപ്പെട്ട അധ്യാപക സമൂഹമേ, Attendance കുറവ്, discipline ഇല്ലായ്മ തുടങ്ങിയ സാങ്കേതിക കാരണങ്ങളിൽ തൂങ്ങിപ്പിടിച്ച് എത്രയോ വിദ്യാർഥികൾക്ക് അവരുടെ പഠിക്കാനുള്ള മൗലികാവകാശം നിങ്ങൾ നിഷേധിച്ചിട്ടുണ്ട്? എത്ര കുട്ടികളുടെ ഭാവിയാണ് നിങ്ങളുടെ ഈ അധികാര മനോഭാവം കൊണ്ട് പ്രതിസന്ധിയിലായത്? അധ്യാപകരും വിദ്യാർഥികളും തമ്മിൽ ആരോഗ്യകരമായ, സൗഹൃദപരമായ ഒരു ബന്ധം ഉണ്ടാകാത്തതെന്തുകൊണ്ടാണ്?
"ഞാൻ പറയും, നീ അനുസരിക്കും" എന്ന അധികാര മനോഭാവം പൊട്ടിച്ചെറിയപ്പെടേണ്ടതല്ലേ? വിദ്യാർഥികൾ ചോദ്യം ചെയ്യുമ്പോൾ അത് അച്ചടക്കമില്ലായ്മയാകുന്നതെന്തിന്? അവർ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുമ്പോൾ അത് അധ്യാപകരോടുള്ള അനാദരവാകുന്നതെന്തിന്? അധ്യാപനം അധികാരപ്രയോഗമല്ല. അറിവും സ്വാതന്ത്ര്യവും വളർത്തേണ്ട ഇടമാണ്. എന്തിനാണിത്ര പക?''


Click it and Unblock the Notifications
