ലീഗ് പുതിയ പാതയില്‍: ദേശീയ കമ്മറ്റിയില്‍ ആദ്യമായി 2 വനിതകള്‍; കേരളത്തില്‍ നിന്നും ജയന്തി രാജന്‍
ചെന്നൈ: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ദേശീയ കമ്മിറ്റിയിൽ ചരിത്രത്തില്‍ ആദ്യമായി രണ്ട് വനിതകളെ ഉൾപ്പെടുത്തി. കേരളത്തിൽ നിന്നുള്ള ജയന്തി രാജനും തമിഴ്‌നാട്ടിൽ നിന്നുള്ള ഫാത്തിമ മുസഫറുമാണ് അസിസ്റ്റന്‍റ് സെക്രട്ടിമാരായി ദേശീയ കമ്മറ്റിയില്‍ ഇടം നേടിയ വനിതകള്‍.
ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തില്‍ ദേശീയ കൗൺസിൽ യോഗത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്. തമിഴ്‌നാട്ടിൽ നിന്നുള്ള മുൻ എംപി പ്രൊഫ. കെ.എം. ഖാദര്‍ മൊയ്തീൻ ദേശീയ പ്രസിഡന്റായി തുടരും. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെ രാഷ്ട്രീയ ഉപദേശക കമ്മിറ്റി ചെയര്‍മാനായും തിരഞ്ഞെടുത്തു.

പി.കെ. കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് വീണ്ടും നിയമിതനായപ്പോള്‍ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയായി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയും തുടരും. ഡോ. അബ്ദുസമദ് സമദാനിയെ സീനിയര്‍ വൈസ് പ്രസിഡന്റായും പി.വി. അബ്ദുല്‍ വഹാബിനെ ദേശീയ ട്രഷററായും തിരഞ്ഞെടുത്തു.
യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി തങ്ങള്‍ ദേശീയ കമ്മിറ്റിയിൽ ദേശീയ സെക്രട്ടറിയായി നിയമിതനായിട്ടുണ്ട്. മുൻ എംഎൽഎ ടി.എ. അഹമ്മദ് കബീറും ഹാരിസ് ബീരാനും ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെ.പി.എ. മജീദിനെ ദേശീയ വൈസ് പ്രസിഡന്റായും ഫൈസൽ ബാബുവിനെ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായും നിയോഗിച്ചു. കെ. സൈനുൽ ആബിദും ദേശീയ കമ്മിറ്റിയിൽ പുതിയ അംഗമായി.
ആരാണ് ജയന്തി രാജന്‍
ലീഗിന്റെ ദീർഘകാല പ്രവർത്തകയും വയനാട് ഇരളം സ്വദേശിനിയുമാണ് ജയന്തി രാജന്‍. ദളിത് വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവ് എന്ന നിലയിൽ, ലീഗിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ജയന്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻപ്, ചേലക്കര നിയമസഭാ മണ്ഡലം ലീഗിന് ലഭിച്ചാൽ അവിടെ മത്സരിക്കാൻ ജയന്തിയെ പാർട്ടി പരിഗണിച്ചിരുന്നു. കോങ്ങാട് സീറ്റിലും അവരുടെ പേര് പരിഗണനയിൽ ഉണ്ടായിരുന്നു. വനിതാ ലീഗ് ദേശീയ പ്രസിഡന്റാണ് അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമ മുസഫര്‍.
ദേശീയ ഭാരവാഹികള്‍ - മുഴുവന്‍ പട്ടിക
പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ- തമിഴ്‌നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ (പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറൽ സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീർ എം.പി (ഓർഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയർ വൈസ് പ്രസിഡന്റ്).
വൈസ് പ്രസിഡന്‍റുമാര്‍
പി.വി. അബ്ദുൾ വഹാബ് എം.പി (ട്രഷറർ), കെ.പി.എ മജീദ് എം.എൽ.എ- കേരളം, എം അബ്ദുറഹ്മാൻ, മുൻ എംപി- തമിഴ്‌നാട്, സിറാജ് ഇബ്രാഹിം സേട്ട് -കർണാടക, ദസ്ത്ഗീർ ഇബ്രാഹിം ആഗ- കർണാടക, എസ്. നഈം അക്തർ- ബിഹാർ, കൗസർ ഹയാത്ത് ഖാൻ -യു.പി, കെ. സൈനുൽ ആബിദീൻ, കേരളം (ക്ഷേമ പദ്ധതികൾ).
സെക്രട്ടറിമാര്‍
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ -കേരളം, ഖുർറം അനീസ് ഉമർ- ഡൽഹി, നവാസ് കനി എം.പി -തമിഴ്‌നാട്, അഡ്വ. ഹാരിസ് ബീരാൻ എം.പി -കേരളം, അബ്ദുൽ ബാസിത് -തമിഴ്നാട്, ടി.എ അഹമ്മദ് കബീർ- കേരളം, സി.കെ സുബൈർ -കേരളം
അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍
ആസിഫ് അൻസാരി -ഡൽഹി, അഡ്വ. ഫൈസൽ ബാബു- കേരളം, ഡോ.നജ്മുൽ ഹസ്സൻ ഗനി -യു.പി, ഫാത്തിമ മുസഫർ- തമിഴ്‌നാട്, ജയന്തി രാജൻ -കേരളം, അഞ്ജനി കുമാർ സിൻഹ -ജാർഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികൾ)












Click it and Unblock the Notifications