കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസത്തിന്‍റെ ചതിക്കുഴിയില്‍ പെട്ട ഷീജയുടെ ദുരിത ജീവിതം.. കണ്ണു നിറയിക്കും അനുഭവം

  • By Desk
Google Oneindia Malayalam News

ജീവിതം ഒരു കരയ്ക്കെത്തിക്കാന്‍ ഒമാനില്‍ ​എത്തുകയും പിന്നീട് ദുരിതപൂര്‍ണമാവുകയും ചെയ്ത ഷീജ എന്ന തിരുവനന്തപുരം സ്വദേശിയുടെ ജീവിതം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഒമാനില്‍ എത്തിയ ഷീജ പിന്നീട് സ്പോണ്‍സറുടെ ചതി മൂലം വീട്ടു ജോലിക്കാരിയായി ജോലി തുടര്‍ന്നു. എന്നാല്‍ പിന്നീട് ഷീജയക്ക് അനുഭവിക്കേണ്ടി വന്നത് കടുത്ത പീഡനങ്ങളായിരുന്നു.

ഒടുവില്‍ ഇപ്പോള്‍ ഒമാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ദുരിത ജീവിതം നയിക്കുന്ന ഷീജ ഇപ്പോള്‍ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ്. ഷീജയുടെ ജീവിത ദുരിതം വിവരിച്ച് പ്രവാസികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പിഎം ജാബിര്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ ഷീജയുടെ ജീവിതം പുറം ലോകത്തെത്തിച്ചത്. പോസ്റ്റ് ഇങ്ങനെ

സര്‍ക്കാര്‍ ആശുപത്രിയില്‍

സര്‍ക്കാര്‍ ആശുപത്രിയില്‍

ഒമാനിലെ ആ സർക്കാർ ആശുപത്രിയിലെ എന്റെ സുഹൃത്തായ ഡോക്ടറാണ് എന്നോട് ആദ്യമായി ഷീജയെ കുറിച്ചു പറയുന്നത്. ''ജാബിർക്കാ, ഇവിടെ ഇന്നലെ മലയാളിയായ ഒരു യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നു, സ്പോൺസറിന്റെ വീടിന്റെ രണ്ടാം നിലയിൽ നിന്നും വീണു എന്നാണ് പറയപ്പെടുന്നത്. നട്ടെല്ലിന് പരിക്കുപറ്റിയിട്ടുണ്ട്, paraplegic ആയിരിക്കുന്നു". അങ്ങിനെയാണ് തിരുവനന്തപുരം ജില്ലക്കാരിയായ ഷീജയുടെ ദുരന്ത കഥ എന്റെ ശ്രദ്ധയിൽ വരുന്നത്.

പ്രണയ വിവാഹം

പ്രണയ വിവാഹം

37 വയസ്സുകാരായ ഷീജയുടെയും ബിജുവിന്റെതും പ്രേമ വിവാഹമായിരുന്നു, സ്വന്തമായി കിടപ്പാടമില്ലാതിരുന്ന ഈ ദമ്പതികൾ കുടുംബം വക ലഭിച്ച ഒരു തുണ്ട് ഭൂമിയിൽ പഞ്ചായത്തിന്റെ സഹായത്തോടെ വീടു വെക്കാൻ ശ്രമിച്ചു. അങ്ങിനെ ലഭിച്ച രണ്ടു ലക്ഷം രൂപയ്ക്ക് വീടിന്റെ പണി പൂർത്തീകരിക്കാൻ സാധിച്ചില്ല. രണ്ടു ലക്ഷം രൂപ കൂടെ ഉണ്ടെങ്കിലേ ഇത് സാദ്ധ്യമാവൂ എന്നത് കൊണ്ട് കൂടെയാണ് 2013ൽ ബിജു തൊഴിൽ തേടി മസ്കത്തിലെത്തുന്നത്. അവിടെ അല്ലറ ചില്ലറ മെയിന്റനൻസ് ജോലി ചെയ്തും മറ്റും കിട്ടുന്ന വരുമാനം നാട്ടിലെ കുടുംബത്തിന്റെ നിത്യ ചിലവിന് തന്നെ തികയുന്നുണ്ടായിരുന്നില്ല.

നീണ്ട ദുരിതത്തിലേക്ക്

നീണ്ട ദുരിതത്തിലേക്ക്

ബ്യൂട്ടീഷ്യൻ ജോലി അറിയാവുന്ന ഷീജയ്ക്ക് അതിനായുള്ള വിസ നൽകാമെന്ന് സ്വന്തം സ്പോൺസർ നൽകിയ ഓഫർ അതു കൊണ്ടു തന്നെ ബിജുവിന് വളരെ ആകർഷകമായി തോന്നി. രണ്ടു പേരും കൂടെ അദ്ധ്വാനിച്ചാൽ രണ്ടു വർഷം കൊണ്ട് രണ്ടു ലക്ഷം രൂപ ഉണ്ടാക്കാമെന്നും ആ തുക കൊണ്ട് വീടിന്റെ പണി പൂർത്തിയാക്കാമെന്നും കരുതി. അങ്ങിനെയാണ് പതിനൊന്നും ഒന്നും വയസ്സുള്ള രണ്ടു ആൺ മക്കളെ ഒരു ബന്ധുവിന്റെ വീട്ടിൽ ഏൽപിച്ച് 2016 സപ്തമ്പറിൽ ഷീജയും മസ്കത്തിലെത്തുന്നത്. അത് ഒരു നീണ്ട ദുരിതത്തിലേക്കുള്ള വരവായിരുന്നു.

വീട്ടുജോലിക്കാരി

വീട്ടുജോലിക്കാരി

സ്പോൺസറിന് ആവശ്യം ബ്യൂട്ടീഷ്യൻ ഒന്നുമായിരുന്നില്ല, വിദേശിയായ തന്റെ രണ്ടാം ഭാര്യയുടെ വീട്ടിൽ ഒരു ജോലിക്കാരിയെയായിരുന്നു. ആദ്യ ദിവസം ലഭിച്ച മർദ്ദനം ഷീജ മറക്കില്ല. അവസാന ദിവസം ലഭിച്ചതും. കാരണം അവൾ ആ വീടിന്റെ രണ്ടാം നിലയിൽ നിന്ന് പതിച്ച് വേദന കൊണ്ട് പുളയുമ്പോഴും അവളുടെ കരണത്ത് ആ സ്ത്രീ ശക്തമായി മർദ്ദിക്കുകയായിരുന്നു. മുടിക്ക് പിടിച്ച് ഭിത്തിയിലിടിക്കുന്നത് നിത്യ സംഭവമായിരുന്നു. മർദ്ദനമേൽക്കാത്ത ദിവസങ്ങളില്ല എന്നാണ് ഷീജ പറയുന്നത്. എല്ലാ മാസവും എകൗണ്ടിൽ 50 റിയാൽ നിക്ഷേപിച്ച് സ്പോൺസർ തന്നെ തിരിച്ചെടുക്കും. പല ദിവസങ്ങളിലും ഒന്നോ രണ്ടോ പഴമാണ് ഷീജയ്ക്ക് ആഹാരമായി ലഭിച്ചത്.

കൊച്ച് കൂര പൂര്‍ത്തിയാക്കാന്‍

കൊച്ച് കൂര പൂര്‍ത്തിയാക്കാന്‍

അവർ നടത്തിയിരുന്ന ഓൺലൈൻ ഫർണിച്ചർ ബിസിനസ് പ്രകാരം എത്തി ചേരുന്ന ഭാരമേറിയ വീട്ടുപകരണങ്ങൾ ഒന്നാം നിലയിലും രണ്ടാം നിലയിലും എത്തിക്കേണ്ടിയിരുന്നത് കായിക ശേഷി നന്നേ കുറഞ്ഞ ഷീജയുടെ ജോലിയുടെ ഭാഗമായിരുന്നു. പലപ്പോഴും ബിജുവും സഹായിച്ചു. ഒരേ സ്പോൺസറുടെ കൂടെ ആയതിനാൽ എല്ലാ ജോലിയിലും ബിജുവിനെ കൂടെ ചൂഷണം ചെയ്യാൻ എളുപ്പമായിരുന്നു. എല്ലാം സഹിച്ചു കൊണ്ടു തങ്ങളുടെ സ്വപ്നമായ കൊച്ചു കൂര പൂർത്തിയാക്കുക എന്ന ഒറ്റ ലക്ഷ്യം വെച്ചു കൊണ്ട് അവർ അവിടെ തുടർന്നു.

മസ്കത്തില്‍ എത്തി

മസ്കത്തില്‍ എത്തി

മക്കളെ ഏൽപിച്ചിരുന്നവർക്ക് തുടർന്ന് പരിരക്ഷിക്കാൻ പ്രയാസമാണെന്ന് അറിയിച്ചപ്പോൾ വീണ്ടും സ്പോൺസറുടെ കാലു പിടിക്കേണ്ടി വന്നു. അങ്ങിനെയാണ് ഇപ്പോൾ 13 വയസ്സുള്ള ശ്രീരൂപും 3 വയസ്സുള്ള ശോഭിതും 2018 മാർച്ചിൽ മസ്കത്തിലെത്തുന്നത്.
മെയ് 4 ന് രാവിലെ അത്യന്തം ഭാരമേറിയ ഒരു അലമാര ഷീജ തനിച്ച് രണ്ടാം നിലയിൽ കയറ്റേണ്ടിയിരുന്നു. അസുഖം മൂലം ക്ഷീണിതയായിരുന്ന അവൾ അത് ചെയ്യുന്നതിനിടയിൽ ചുമരിൽ തട്ടി അലമാരയ്ക്ക് നിസ്സാരമായ കേടു സംഭവിച്ചു. അതിന്റെ പേരിൽ ഷീജയ്ക്ക് പൊതിരെ തല്ലു കിട്ടി. അപ്പോഴാണ് ശോഭിത്തിന് പനിയാണെന്ന് ബിജു അറിയിക്കുന്നത്.

 എടുത്ത് ചാടി

എടുത്ത് ചാടി

മോനെയും കൊണ്ട് രണ്ടു പേരും ചേർന്ന് ആശുപത്രിയിലേക്ക് പോകും വഴി ആ സ്ത്രീ കാറിലെത്തി. "അലമാര മുകളിൽ കയറ്റാൽ പറഞ്ഞാൽ നിനക്ക് അസുഖം. ഇപ്പോൾ മകനെയും തോളത്തിട്ട് ഉലാത്താൻ നിനക്ക് ഒട്ടും പ്രയാസമില്ല" എന്നു പറഞ്ഞു കൊണ്ട് അവരെ വാഹനത്തിൽ കയറ്റുകയും അതിനകത്ത് വെച്ച് ബിജുവിന്റെ മുന്നിൽ വെച്ച് തന്നെ മർദ്ദിക്കുകയും ചെയ്തു. ആശുപത്രിയിൽ പോകുകയായിരുന്നു എന്ന് പറയുന്നതൊന്നും അവർക്ക് കേൾക്കേണ്ടിയിരുന്നില്ല. ബിജുവിനെയും മക്കളെയും അവരുടെ മുറിയിൽ വിട്ട് വീട്ടിലെത്തിയപ്പോൾ മർദ്ദനം തുടർന്നു. മുടിക്ക് പിടിച്ചപ്പോൾ രക്ഷപ്പെടാൻ വേണ്ടി ഓടി. പക്ഷേ ഷീജ ഓടുമ്പോൾ അവർ പിറകേ ഓടി തല്ലുകയായിരുന്നു. വീടിന്റെ രണ്ടാം നില വരെ എത്തിയപ്പോൾ പിന്നെ വേറെ വഴിയില്ലാതെ ഷീജ താഴേക്ക് ചാടി.

നട്ടെല്ല് തകര്‍ന്നു

നട്ടെല്ല് തകര്‍ന്നു

പിറകേ താഴെ എത്തിയ ആ സ്ത്രീ അപ്പോഴേക്കും നട്ടെല്ലു തകർന്ന ഷീജയുടെ രണ്ടു കരണത്തും തല്ലുകയായിരുന്നു. അര മണിക്കൂറോളം തറയിൽ കിടന്നതിനു ശേഷമാണ് രാത്രിയോടെ ആശുപത്രിയിലെത്തിക്കുന്നത്. അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അതിനായുള്ള സമ്മത പത്രം ഒപ്പു വെക്കുന്നതിനു വേണ്ടിയാണ് പുലർച്ചെ ബിജുവിനെ ഫോൺ ചെയ്തു കൊണ്ട്, പനിയായതിനാൽ ഷീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്നും ഉടൻ അവിടെ എത്തണമെന്നും അറിയിക്കുന്നത്.
എന്റെ സുഹൃത്തായ ഡോക്ടർ അറിയിച്ചതിന് പിറകേ അവിടെ തന്നെ ജോലി ചെയ്യുന്ന മറ്റു ഡോക്ടർമാരും നഴ്സുമാരും എന്നെ വിവരം ധരിപ്പിച്ചു കൊണ്ടിരുന്നു.

ഉചിതമായ നടപടി

ഉചിതമായ നടപടി

അൽപം സെൻസിറ്റീവ് ആയത് കൊണ്ടു തന്നെ എമ്പസ്സിയെ ഉടൻ അറിയിക്കുകയും ഉചിതമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്റെ സുഹൃത്ത് ബിനീഷ് എല്ലാ ദിവസവും ഷീജയെ സന്ദർശിച്ചു വിവരം നൽകി കൊണ്ടിരുന്നു. എമ്പസ്സിയുടെ ഭാഗത്ത് നിന്നും കാര്യമായ ഒരു ഇടപെടൽ ഉണ്ടാവുന്നില്ല എന്നു കണ്ടത് കൊണ്ട് ബിജുവിനെ നേരിട്ട് എമ്പസ്സിയിലെത്തിച്ചു. മൂന്നു വയസ്സുള്ള മകനെയും തോളത്തിട്ടു കൊണ്ട് ചുട്ടു പൊള്ളുന്ന വെയിലത്ത് രണ്ടു കിലോ മീറ്റർ നടന്ന് എമ്പസ്സിയിലെത്തിയ ബിജുവിന്, പക്ഷേ അന്ന്, അടുത്ത ദിവസം ഒമാനിലെത്തുന്ന ഒരു ഇന്ത്യൻ ഉന്നതതല സംഘത്തിന്റെ സ്വീകരണത്തിന്റെ ഒരുക്കത്തിലായിരുന്ന officerനെ കാണാൻ സാധിച്ചില്ല. എന്നാൽ അടുത്ത ദിവസം ഓപൺ ഹൗസിൽ ഞാൻ വിഷയം കൊണ്ടു വന്നപ്പോൾ അവർ അത് ഗൗരവ പൂർവ്വം കണ്ടു. എന്നിട്ടും ഷീജയ്ക്ക് നീതി ലഭിച്ചില്ല.

അനുകൂലമായി

അനുകൂലമായി

അപ്പോഴേയ്ക്കും ഷീജയുടെ മൊഴി തനിക്ക് അനുകൂലമാക്കി മാറ്റാൻ സ്പോൺസർക്ക് സാധിച്ചിരുന്നു. സമ്മർദ്ദവും അനുനയ തന്ത്രവും ഉപയോഗിച്ചു കൊണ്ട് താൻ മുകളിൽ നിന്നും തെന്നി വീണതാണെന്ന് ഷീജയെ കൊണ്ട് മൊഴി കൊടുപ്പിക്കുന്ന കാര്യത്തിൽ സ്പോൺസർ വിജയിച്ചു. ചികിത്സ പോലും ലഭ്യമാക്കാതെ പറഞ്ഞയക്കാനായിരുന്നു ഉദ്ദേശം. നിരന്തരം ഇടപെട്ടതിനെ തുടർന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് air lift ചെയ്യാൻ വേണ്ടത് ചെയ്യാം എന്ന് അയാൾ സമ്മതിച്ചത്. അപ്പോഴും ബിജുവിന്റെതും കുട്ടികളുടെതും യാത്രാ ചിലവു വഹിക്കാൻ അയാൾ തയ്യാറായില്ല. എമ്പസ്സിയുടെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടൽ ഉണ്ടാവുന്നില്ല എന്ന് തോന്നിയതിനാൽ ഞാൻ വിഷയം വിദേശ കാര്യ മന്ത്രിക്ക് tweet ചെയ്തു.

എംബസി തയ്യാറായി

എംബസി തയ്യാറായി

വൈലാന Wailana ഇത് retweet ചെയ്തു. ഇവ ശ്രദ്ധയിൽ പെട്ടത് കൊണ്ടായിരിക്കണം ബിജുവിനും കുട്ടികൾക്കും ടിക്കറ്റ് നൽകാൻ എമ്പസ്സി സന്നദ്ധമായി. ഷീജയുടെത് സ്പോൺസർ വഹിക്കാമെന്നും ധാരണയായി. അത് സ്ട്രെച്ചർ ടിക്കറ്റാണെന്നാണ് അയാൾ ധരിപ്പിച്ചിരുന്നത്. വീൽ ചെയറിൽ കൊണ്ടു പോകുമ്പോഴേ സംശയമുണ്ടായിരുന്നു. ഒമാൻ എയർ വിമാനത്തിനകത്ത് കയറിയതിനു ശേഷമാണ് മനസ്സിലായത് ഷീജയ്ക്ക് ഒരു ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റാണ് അയാൾ നൽകിയത് എന്ന്. നട്ടെല്ലു തകർന്ന് കിടക്കാൻ പോലും പറ്റാത്ത ഒരു മനുഷ്യ ജീവനോട് കാണിച്ച മറ്റൊരു ക്രൂരത.
നാട്ടിലെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ഫിസിയോ തെറാപ്പി അല്ലാതെ പ്രത്യേകിച്ച് ചികിത്സയൊന്നും അവർക്കും നിർദ്ദേശിക്കാനുണ്ടായിരുന്നില്ല.
ദുരിതം അവിടെയും തുടരുന്നു.

ഒന്നുമില്ല

ഒന്നുമില്ല

പൂർത്തിയാകാത്ത വീടിനുള്ളിൽ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല. കനത്ത മഴ കൂടെയായപ്പോൾ വീടിനുള്ളിലെ മെഴുകാത്ത തറ മുഴുവൻ ചെളിയായി. അരയ്ക്കു താഴെ ചലന ശേഷി നഷ്ടപ്പെട്ടു കിടപ്പിലായ ഒരു സ്ത്രീയുടെയും കുടുംബത്തിന്റെയും അവസ്ഥയാണിത്. ഫിസിയോ തെറാപ്പിക്ക് ഒരു സെഷൻന്ന് തന്നെ 500 രൂപ വേണം. മുറിവു് ഡ്രസ്സു ചെയ്യാനും മറ്റും ആശുപത്രിയിൽ പോവണമെങ്കിൽ ആമ്പുലൻസ് വേണം. ഇതൊന്നും താങ്ങാനാവാത്തതിനാൽ സർക്കാർ ആശുപത്രിയിലെ പാലിയേറ്റീവ് പ്രവർത്തകർ മാസത്തിൽ ഒരിക്കൽ വീട്ടിൽ വരുന്നത് മാത്രമാണ് ആശ്വാസം.
മെയ് 26നാണ് ഷീജയും ബിജുവും മക്കളും നാട്ടിലെത്തിയത്. ശക്തമായ സമ്മർദ്ദം ഇല്ലായിരുന്നുവെങ്കിൽ അത് സാദ്ധ്യമാകുമായിരുന്നില്ല. നാട്ടിലെത്തിയിട്ടും ഷീജ തന്റെ ദുരിതം വാട്സ് അപ് മെസ്സേജിലൂടെ എന്നെ അറിയിച്ചു കൊണ്ടിരുന്നു. പണി പൂർത്തീയാകാത്ത വീട് ഒട്ടും താമസ യോഗ്യമല്ലാത്തതിനാൽ ബിനീഷ് ഉൾപ്പെടെ പലരുടെയും സഹായത്താൽ വാടകയ്ക്ക് ഒരു വീടെടുത്ത് അവിടെയാണിപ്പോൾ താമസം.

സഹായിക്കുമല്ലോ

സഹായിക്കുമല്ലോ

ഇന്ത്യയിലെ പത്രങ്ങളിൽ വാർത്ത വന്നാൽ ആരെങ്കിലും സഹായിക്കുമല്ലോ എന്നോർത്ത് എന്റെ സുഹൃത്ത് അമീറിനെ Ameerudheen വിവരം അറിയിച്ചതിനെ തുടർന്ന് അദ്ദേഹം Scrollൽ നല്ല ഒരു report തന്നെ നൽകി. പക്ഷേ വായിച്ചവർ ആരും സഹായിച്ചില്ല.
ഇത്തവണ നാട്ടിൽ അവധിയ്ക്ക് വന്നപ്പോൾ എനിക്ക് പ്രധാനമായും സന്ദർശിക്കാനുണ്ടായിരുന്നത് പ്രവാസ ജീവിതത്തിൽ നിന്ന് രോഗത്തിലേക്കും അവശതയിലേക്കും തള്ളപ്പെട്ടവരെയായിരുന്നു. വ്യാഴാഴ്ച തിരുവനന്തപുരത്തെത്തി പ്രവാസ ലോകത്തിന്റെ സംവിധായകൻ റഫീക് റാവുത്തറും Rafeek Ravuther അശ്വതിയുമൊപ്പം ഷീജ താമസിക്കുന്ന വാടക വീട്ടിലെത്തുമ്പോൾ ഞങ്ങളെ വരവേറ്റത് അവരുടെ മൂന്നു വയസ്സുള്ള മകൻ ശോഭിത്തായിരുന്നു. (കുച്ചുടു എന്നാണ് അവനെ ഞങ്ങൾ വിളിക്കുന്നത്).മൂത്ത മകൻ ശ്രീരൂപ് സ്കൂളിൽ പോയിരിക്കുന്നു. പൂർണ്ണമായും കിടപ്പിലായ ഷീജയ്ക്ക് മലമൂത്ര വിസർജ്ജനം നടത്താൻ പോലും സഹായിക്കുന്നത് ബിജുമാണ്.

ജോലിക്ക് വെക്കാന്‍

ജോലിക്ക് വെക്കാന്‍

(ഇതിനും മറ്റുമായി ഏതെങ്കിലും സ്ത്രീയെ ജോലിക്ക് വെക്കാൻ അവരുടെ സാമ്പത്തിക ശേഷി അനുവദിക്കില്ലല്ലോ?) ഷീജയുടെ കാര്യങ്ങൾ നിർവ്വഹിച്ചും എന്തെങ്കിലും ഭക്ഷണം പാകം ചെയ്തും കഴിഞ്ഞാൽ നിത്യവൃത്തിക്കായി ബിജു തനിക്ക് അറിയാവുന്ന ജോലി തേടി പോവും. ശ്രീരൂപ് സ്കൂളിലും പോയി കഴിഞ്ഞാൽ കൊച്ചു കുച്ചുടു ആണ് അമ്മയ്ക്ക് മരുന്നുകൾ എടത്തു കൊടുക്കുന്നതും കാലു നീക്കി വെച്ചു കൊടുക്കുന്നതും മുടി കോതി കൊടുക്കുന്നതുമെല്ലാം. അമ്മയുടെ അരികെ ഇരുന്ന് ആശ്വസിപ്പിക്കുന്ന ആ ഓമനത്തമുള്ള മുഖം കണ്ടാൽ തന്നെ ആരുടെതും കണ്ണു നിറയും.
50 കിലോ ഭാരമുണ്ടായിരുന്ന ഷീജയെ ഒമാനിലെ ആശുപത്രിയിൽ വെച്ചു ഞാൻ കാണുമ്പോൾ 38 കിലോ ആയിരുന്നു. ഇപ്പോൾ അതിലും കൂടുതൽ ശോഷിച്ചിരിക്കുന്നു.

ഫിസിയോ തെറാപ്പി

ഫിസിയോ തെറാപ്പി

ദീർഘ കാലം ഫിസിയോ തെറാപ്പി നടത്തിയാൽ വീൽ ചെയറിലെങ്കിലും ഇരുന്ന് എന്തെങ്കിലും ചെയ്യാനാവും.
അൽപ കാലം പ്രവാസി ആയി പോയതു കാരണം BPL അല്ലാതായി മാറിയത്രേ! അപ്പോൾ പിന്നെ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല. (നോർക റൂട്സ് സി.ഇ.ഒ യുടെ ശ്രദ്ധയിൽ ഞാനീ വിഷയം പെടുത്തിയിട്ടുണ്ട്).
സി.പി.ഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ: ആനാവൂർ നാഗപ്പനോട് ഞാനിന്നലെ ഷീജയുടെ കഥ പറഞ്ഞു. പൂർത്തിയാക്കുന്നതിന് മുമ്പു അദ്ദേഹം പറഞ്ഞു "സഖാവേ ഞാൻ ഉടനെ ഷീജയെ സന്ദർശിക്കും. പാലിയേറ്റീവ് സംവിധാനം ഉൾപ്പെടെ സാദ്ധ്യമായ മുഴുവൻ സഹായങ്ങളും ചെയ്യും". ദുരിതത്തിൽ കഴിയുന്ന ഈ കുടുംബത്തെ സഹായിക്കാൻ ആരും മുന്നോട്ടു വരുന്നില്ലല്ലോ എന്ന് ഞാൻ പരിതപിച്ചു കൊണ്ടിരിക്കുമ്പോൾ തിരുവനന്തപുരക്കാരുടെ സ്വന്തം നാഗപ്പണ്ണന്റെ വാക്കുകൾ എനിക്ക് വലിയ ആശ്വാസമാണ് നൽകിയത്.

 വേണ്ടത്ര പരിഗണിച്ചില്ല

വേണ്ടത്ര പരിഗണിച്ചില്ല

ഷീജ നാട്ടിലെത്തിയ ഫോട്ടോയും അമീർ നൽകിയ വാർത്തയും മറ്റും ചേർത്ത് ഞാൻ വാട്സപ്പ് സ്റ്റേറ്റസും Facebook പോസ്റ്റുമെല്ലാം ചെയ്തിരുന്നു. പക്ഷേ എന്റെ സുഹൃത്തുക്കൾ വേണ്ടത്ര പരിഗണിച്ചില്ല. ഒരു പക്ഷേ എന്താണെന്ന് മനസ്സിലാകാത്തത് കാരണമാവാം. അത് കൊണ്ടാണ് ഇപ്പോൾ വിശദമായി എഴുതുന്നതും ചില ചിത്രങ്ങളും വീഡിയോകളും പോസ്റ്റു ചെയ്യുന്നതും. തിരുവനന്തപുരത്തു നിന്നും തിരിച്ചു തലശ്ശേരിയിലേക്കുള്ള യാത്രയിൽ തീവണ്ടിയിലിരുന്നാണ് ഞാനിതെഴുതുന്നത്. ഭാഷയുടെ ഭംഗിയോ ശൈലിയോ ഞാൻ നോക്കുന്നില്ല. എഴുത്തിലുണ്ടാവുന്ന പിശകുകൾ പിന്നീട് edit ചെയ്യാമെല്ലോ? സഹാനുഭൂതി പ്രകടിപ്പിക്കുന്ന എല്ലാവരോടും നന്ദി. എത്ര പേർ ഇത് മുഴുവനായി വായിക്കും എന്നറിയില്ല. വായിക്കുന്നവർ തീർച്ചയായും കരുണ കാണിക്കും.

അക്കൗണ്ട് നമ്പര്‍ തരാം

അക്കൗണ്ട് നമ്പര്‍ തരാം

അവർക്ക് ഷീജയുടെ account number തരാം. എന്റെ ഇന്ത്യയിലെ നമ്പറിൽ വിളിക്കുകയോ വാട്സ് അപ് നമ്പറിൽ മെസ്സേജ് അയക്കുകയോ ചെയ്താൽ മതി. കൈരളി പ്രവാസ ലോകം ഷീജയുടെ കഥ സംപ്രേഷണം ചെയ്യുന്നുണ്ട്. അത് കണ്ടാൽ ഷീജയുടെ അവസ്ഥ കുറച്ചു കൂടെ ബോദ്ധ്യമാവും.
ഈ കുറിപ്പ് ഷെയർ ചെയ്യാൻ പറ്റുന്നവർ അങ്ങിനെ ചെയ്യണം. #thefallenangel എന്ന hashtagൽ ഷീജയെ സംബന്ധിച്ച് ഇതു വരെയുള്ളതും ഇനിയങ്ങോട്ടുമുള്ള വിഷയങ്ങൾ post ചെയ്യാൻ ഉദ്ദേശിക്കുന്നു.
ഷീജയുടെ കാര്യം പറഞ്ഞു കൊണ്ടു കരഞ്ഞ നഴ്സ്മാരും ഇതിൽ ഇടപെടണമെന്ന് എന്നോട് ആവശ്യപ്പെട്ട ഡോക്ടർമാരുമുണ്ട്. അവരുടെ വലിയ മനസ്സിനെ നമിച്ചു കൊണ്ടു, കരുണാർദ്രമായ ഹൃദയങ്ങളുള്ളവരുടെ കനിവ് തേടി കൊണ്ട്
ഹൃദയപൂർവ്വം
പി.എം. ജാബിർ
കേരളം
ഫോൺ: + 91 94968 45603
വാട്സ് അപ്പ്: +968 99335751

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

English summary
sheejas facebook post getting viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X