ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി: വാഹനത്തിനടിയില്‍പ്പെട്ട് പൊന്‍കുന്നം സ്വദേശി മരിച്ചു
കോട്ടയം: പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാഹനത്തിനടിയില്‍പ്പെട്ട യുവാവ് മരിച്ചു. പൊന്‍കുന്നം കോയിപ്പള്ളി സ്വദേശി അഫ്‌സല്‍(24) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാന്‍ കൊല്ലം-തേനി ദേശീയപാതയില്‍ പൊന്‍കുന്നം ശാന്തിപ്പടിയ്ക്ക് സമീപത്ത് വെച്ച് പഞ്ചറാവുകയായിരുന്നു. ഇതേ തുടർന്ന് അഫ്‌സല്‍ വാഹനം ജാക്കി വെച്ച് ഉയർത്തി ടയർമാറ്റാന്‍ ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് ജാക്കി തെന്നിമാറി വാഹനം യുവാവിന്റെ മേല്‍ പതിച്ചത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
അതേസമയം, സംഭവത്തിന് പിന്നാലെ ഇത്തരം അപകടങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത് എത്തി. "ടയർ മാറ്റുന്നതിനിടെ ജാക്ക് തെന്നിമാറി പൊൻകുന്നത്ത് യുവാവിന് ദാരുണാന്ത്യം".ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നുവെന്നാണ് ഫേസ്ബുക്കില്‍ നേരത്തെ പങ്കുവെച്ച കുറിപ്പ് വീണ്ടും വങ്കുവെച്ചുകൊണ്ട് എം വി എ പോസ്റ്റ് ചെയ്തത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വാഹനങ്ങൾ ജാക്ക് വെച്ചു ഉയർത്തി ജോലി ചെയ്യേണ്ടി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നു.
1. റോഡിൽ അല്ലെങ്കിൽ റോഡരികിൽ ജാക്ക് വെച്ചുയർത്തുന്നത് പരമാവധി ഒഴിവാക്കുക.
2. അങ്ങനെ ചെയ്യേണ്ടി വരികയാണെങ്കിൽ 50 മീറ്ററെങ്കിലും മാറി റിഫ്ളക്റ്റീവ് വാർണിങ് ട്രയാംഗിൾ വെച്ച് വാഹനത്തിൻ്റെ ഹസാർഡസ് വാർണിങ്ങ് ലാമ്പ് പ്രവർത്തിപ്പിക്കുക.
3. രാത്രിയെങ്കിൽ സ്ഥലത്തു ആവശ്യത്തിനു പ്രകാശം കിട്ടുന്നു എന്നു ഉറപ്പാക്കുക.
4. വാഹനം ലെവൽ ആയ, കട്ടിയുള്ള പ്രതലത്തിൽ വേണം നിർത്താൻ. ജാക്ക് വെക്കുന്ന പ്രതലം പൂഴി മണ്ണോ , താഴ്ന്നുപോകുന്ന സ്ഥലമോ ആകരുത്.
5.വാഹനം ഹാൻഡ് ബ്രേക്ക് ഇട്ടിരിക്കണം
6.ഉയർത്തുന്ന ആക്സിൽ ഒഴികെ ബാക്കി വീലുകൾ , വീൽ ചോക്ക് അല്ലെങ്കിൽ തടകൾ വെച്ചു വാഹനം ഉരുണ്ടുപോകാതെ നോക്കണം.
7. വാഹനത്തിന്റെ ചാവി ഊരി മാറ്റി വെക്കണം ,പറ്റുമെങ്കിൽ അത് ജോലിചെയ്യുന്ന ആൾ പോക്കറ്റിൽ ഇടുന്നത് നല്ലതായിരിക്കും.
8. ജാക്കുകൾ അനുവദിച്ചിരിക്കുന്ന ഭാരപരിധിക്കു അനുയോജ്യമായിരിക്കണം.
9. വാഹനത്തിൽ ജാക്ക് വെക്കാൻ അനുവദിച്ചിരിക്കുന്ന പോയിന്റുകൾ ഓണേഴ്‌സ് മനുവലിൽ പറഞ്ഞിട്ടുണ്ടാകും അവിടെ മാത്രം ജാക്ക് കൊള്ളിക്കുക.
10. ജാക്കുകൾ (സ്ക്രു, ഹൈഡ്രോളിക്, ന്യൂമാറ്റിക്) അങ്ങനെ ഏതുതരവും ആയിക്കോട്ടെ അതിൽ മാത്രം വാഹനം ഉയർത്തി വെച്ചു ജോലിചെയ്യരുത്.
11. വാഹനം ഉയർത്തി കഴിഞ്ഞു ആക്സിൽ സ്റ്റാൻഡിൽ (കുതിരയിൽ) അല്ലെങ്കിൽ വലിയ കല്ല് വെച്ച് ഇറക്കി നിർത്തിയശേഷം, സുരക്ഷ ഉറപ്പു വരുത്തി മാത്രം ടയർ മാറാനോ, അടിയിൽ കയറാനോ പാടുള്ളൂ...












Click it and Unblock the Notifications