അഴിമതിക്കൂട്ടം കുടുക്കാന്‍ ശ്രമിക്കുന്നെന്ന് ജേക്കബ് തോമസ്
കൊടുങ്ങല്ലൂര്‍: സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഡിജിപി ജേക്കബ് തോമസ്. സെക്രട്ടറിയേറ്റിലെ അഴിമതിക്കൂട്ടം തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ പരിശീലന പദ്ധതിയായ 'സുമേധ'യുടെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടറിയേറ്റിലെ അഴിമതിക്കാരാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അവരുടെ അഴിമതി മറച്ചുപിടിക്കാന്‍ തന്നെ കുടുക്കാനാണ് ശ്രമിക്കുന്നത്. അതിനായി അഴിമതിക്കാരെല്ലാം കൂട്ടായ പരിശ്രമത്തിലാണ്. നാളെ തനിക്കെന്ത് മെമ്മോ തരുമെന്നാണ് അവരുടെ ചിന്ത. തേജോവധം ചെയ്യുകയാണ് അവരുടെ ലക്ഷ്യം. അതിനായി എന്തും ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു.

അവരുടെ അഴിമതി മറച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. സത്യം എത്രകാലം മൂടിവെച്ചാലും പുറത്തുവരും. എഫ്.ഐ.ആര്‍ വരും. സത്യം ഒരിക്കല്‍ ജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 'സത്യമേവ ജയതേ' സ്വതന്ത്ര ഇന്ത്യയുടെ ആപ്ത വാക്യമാണ് തന്നെ നയിക്കുന്നത്. ഭരണഘടന മുറികെപ്പിടിച്ചുകൊണ്ടുമാത്രമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.
കെ എം മാണിക്കെതിരായ പരാമര്‍ശത്തിനുശേഷം ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരും തമ്മില്‍ പരോക്ഷയുദ്ധത്തിലാണ്. മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങിയും ജേക്കബ് തോമസ് വാര്‍ത്തകളില്‍ സ്ഥാനം നേടിയിരുന്നു.












Click it and Unblock the Notifications